'പണം നിറഞ്ഞ പേഴ്സ് റോഡിൽ മറന്നാലും കേരളത്തിൽ സെയ്ഫാണ്'; അഫ്ഗാൻ വ്ലോഗറുടെ റീൽ വയറൽ

കൊച്ചി: തിരക്കേറിയ റോഡരികിൽ 15,000 രൂപയടങ്ങിയ പേഴ്‌സ് തുറന്നുവെച്ച് അഫ്ഗാൻ ഗവേഷക വിദ്യാർഥി നടത്തിയ സാമൂഹിക പരീക്ഷണം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ പിഎച്ച്.ഡി ഗവേഷകനായ മസൂദ് മസൂദ് മുസ് ലിം ആണ് കേരളത്തിന്റെ സുരക്ഷിതത്വവും ജനങ്ങളുടെ സാമൂഹിക ബോധവും പരിശോധിക്കുന്നതിനായി വ്യത്യസ്തമായ പരീക്ഷണം നടത്തിയത്. വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

കോട്ടയം ബേക്കർ ജങ്ഷനിലായിരുന്നു മസൂദിന്റെ പരീക്ഷണം. ഇരുചക്രവാഹനങ്ങൾ നിരനിരയായി കിടക്കുന്നതും കാൽനടയാത്രക്കാർ തിരക്കോടെ കടന്നുപോകുന്നതുമായ റോഡരികിലെ ഒരു സ്കൂട്ടറിന് മുകളിലാണ് 15,000 രൂപയടങ്ങിയ പേഴ്‌സ് അദ്ദേഹം നിക്ഷേപിച്ചത്. ആരുടെയും ശ്രദ്ധയിൽ പെടാത്ത വിധത്തിലോ മറച്ചുവെച്ചോ അല്ല ഇത് ചെയ്തത്. പേഴ്‌സ് അവിടെവെച്ച് മസൂദ് ദൂരെ മാറിനിന്ന് നിരീക്ഷിച്ചു. മിനിറ്റുകൾ കഴിഞ്ഞു, ആളുകൾ നടന്നുപോയി, ചിലർ പേഴ്‌സ് ശ്രദ്ധിക്കുകയും ചെയ്തു. എന്നാൽ ഒന്നര മണിക്കൂറിലധികം കഴിഞ്ഞിട്ടും ആരും ആ പേഴ്‌സ് എടുത്തു കൊണ്ടുപോകാൻ തയ്യാറായില്ലെന്ന് മാത്രമല്ല, അത് അവിടെ തന്നെ സുരക്ഷിതമായി ഇരിക്കുകയും ചെയ്തു.

കഴിഞ്ഞ നാല് വർഷമായി കേരളത്തിലാണ് മസൂദ് താമസിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഇത്തരം പരീക്ഷണങ്ങൾ കണ്ടിട്ടുള്ള അദ്ദേഹം, കേരളത്തിൽ തനിക്കുണ്ടായ ചില വ്യക്തിപരമായ അനുഭവങ്ങളാണ് ഇത്തരമൊരു പരീക്ഷണത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് പറയുന്നു. മുൻപ് വർക്കല സന്ദർശിക്കതിനിടെ മസൂദിന്റെ പേഴ്‌സ് റെയിൽവേ സ്റ്റേഷനിൽ വെച്ച് നഷ്ടപ്പെട്ടിരുന്നു. രണ്ട്-മൂന്ന് സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് ഇക്കാര്യം അദ്ദേഹം അറിയുന്നത്. ഉടൻ തന്നെ അടുത്ത സ്റ്റേഷനിൽ ഇറങ്ങി കാർ വാടകയ്‌ക്കെടുത്ത് അദ്ദേഹം തിരികെ വർക്കലയിലെത്തി. പേഴ്‌സ് തിരികെ കിട്ടുമെന്ന കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല.

എന്നാൽ സ്റ്റേഷനിൽ എത്തിയ മസൂദിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പേഴ്‌സ് നഷ്ടപ്പെട്ട അതേ സ്ഥലത്ത് തൊടാതെ കിടപ്പുണ്ടായിരുന്നു. “അപ്പോഴാണ് കേരളം എത്രമാത്രം സുരക്ഷിതമാണെന്ന് ഞാൻ മനസ്സിലാക്കിയത്. ഇത് എങ്ങനെ സാധ്യമാകും എന്ന് ഞാൻ അത്ഭുതപ്പെട്ടു,” മസൂദ് പറഞ്ഞു. ആളുകൾ തങ്ങളുടെ കാറുകളിലും സ്കൂട്ടറുകളിലും താക്കോൽ പോലും ഊരിയെടുക്കാതെ വെച്ച് പോകുന്നത് അദ്ദേഹം പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ മറ്റുള്ളവരോട് കാണിക്കുന്ന ആദരവിനും സത്യസന്ധതയ്ക്കുമുള്ള തന്റെ ആദരവുകൂടിയാണ് ഈ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി.

“കേരളം സുരക്ഷിതവും സമാധാനപരവുമാണ്. പേടിയകൂടാതെ നിങ്ങൾക്ക് പകലോ രാത്രിയോ എവിടെയും യാത്ര ചെയ്യാം. എനിക്ക് പാതിരാത്രിയിൽ പുറത്തുപോകണമെങ്കിലും യാതൊരു പ്രശ്നവുമില്ല, ആരും ഒന്നും ചോദിക്കില്ല,” മസൂദ് പറയുന്നു. സർക്കാരിന്റെ നിയമങ്ങൾക്കപ്പുറം ജനങ്ങളുടെ നല്ല സ്വഭാവത്തിലും വിദ്യാഭ്യാസത്തിലുമാണ് ഈ സുരക്ഷിതത്വം അടങ്ങിയിരിക്കുന്നത് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. തങ്ങൾക്ക അവകാശപ്പെടാത്ത ഒരു വസ്തുവിനെ തൊടാൻ പോലും ഇവിടുത്തെ ആളുകൾ തയ്യാറാകുന്നില്ലെന്നും, വിദേശികളോട് യാതൊരു വിധ അകൽച്ചയും ആളുകൾ കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം വായിക്കാൻ അറിയിലെങ്കിലും തന്റെ വീഡിയോയ്ക്ക് ലഭിക്കുന്ന വലിയ പ്രതികരണങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കുന്നുണ്ട്. ‘കേരളം യഥാർത്ഥത്തിൽ ഇത്രയും സുരക്ഷിതമാണോ?’എന്ന തലക്കെട്ടിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം 1.3 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്.