ഒറ്റപ്പെടൽ’ കാരണമാക്കി പത്മജ; പിടിച്ചുനിർത്താതെ ബി.ജെ.പി

തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ പാർട്ടിയിൽ പിടിച്ചുനിർത്താൻ കൂടുതൽ ചർച്ചകളൊന്നും വേണ്ടെന്ന നിലപാടിൽ ബി.ജെ.പി നേതൃത്വം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറോട് പാർട്ടി വിടാനുള്ള കാരണമായി പത്മജ ചൂണ്ടിക്കാട്ടിയത്, ബി.ജെ.പിയിൽ തുടരുന്നതിനാൽ കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ ഒറ്റപ്പെടുന്നുവെന്നാണ്. വിദേശത്തുള്ള രാജീവ് ചന്ദ്രശേഖർ, പത്മജയുടെ താൽപര്യം പോലെ തീരുമാനിക്കാമെന്നാണ് മറുപടി നൽകിയത്.
2024 ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി പത്മജ ബി.ജെ.പി കൂടാരത്തിലെത്തിയത്. പത്മജ പാർട്ടിയിലെത്തിയത് ബി.ജെ.പി വലിയ കാര്യമായി ഉയർത്തിക്കാട്ടി. കോൺഗ്രസിനെതിരെ ദേശീയതലത്തിലടക്കം പ്രചാരണ ആയുധവുമാക്കി. മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരായ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മക്കൾ ബി.ജെ.പിയിലെത്തിയെന്നതായിരുന്നു അവരുടെ പ്രചാരണായുധം. കോൺഗ്രസ് നേതൃത്വത്തിനും സഹോദരൻ കെ. മുരളീധരനുമെതിരെ രൂക്ഷവിമർശനങ്ങൾ നടത്തി ബി.ജെ.പിയുടെ കൈയ്യടി വാങ്ങിയ പത്മജ, വലിയ സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ചിരുന്നു. അവർക്ക് ഗവർണർ സ്ഥാനം കിട്ടുമെന്ന പ്രചാരണവും ഇതിനിടയിലുണ്ടായി. എന്നാൽ, ബി.ജെ.പി കോർകമ്മിറ്റി ക്ഷണിതാവാക്കുക മാത്രമാണ് ചെയ്തത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമാക്കി.
എന്നാൽ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പത്മജ തോൽവിക്ക് പിന്നിൽ ബി.ജെ.പി നേതാക്കളിൽ ചിലരാണെന്ന് പറയാതെ പറഞ്ഞു. അന്നുമുതൽ കടുത്ത അതൃപ്തിയിലായിരുന്നു അവർ. ഇതിനിടയിൽ പലതവണ ബി.ജെ.പി വിടുന്നെന്ന പ്രചാരണമുണ്ടായി. ഒടുവിൽ വ്യാഴാഴ്ച ഔദ്യോഗികമായി രാജിക്കാര്യം പത്മജ സ്ഥിരീകരിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് രാജിവക്കാൻ കാരണമായി പത്മജ ഔദ്യോഗികമായി പറയുന്നതെങ്കിലും ബി.ജെ.പിയിൽ കാര്യമായ പരിഗണന കിട്ടിയില്ലെന്നതാണ് വസ്തുത. കോൺഗ്രസ് വിട്ടപ്പോൾ കുടുംബത്തിൽ ഒറ്റപ്പെട്ടെന്ന് പറഞ്ഞ അവർ, ബി.ജെ.പിയിലും ഒറ്റപ്പെട്ട നിലയിലായിരുന്നു.
