ശബരിമലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു! വെർച്വൽ ക്യൂ ബുക്ക് ചെയ്ത ദിവസം എത്തിയില്ലെങ്കിൽ മണ്ഡലകാലത്ത് വീണ്ടും അവസരം നഷ്ട്ടപ്പെട്ടേക്കാം

ശബരിമല: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പൊലീസും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുങ്ങുന്നു. ബുക്ക് ചെയ്ത ദിവസം ദർശനത്തിന് എത്താതിരിക്കുകയും ബുക്കിങ് റദ്ദാക്കാതിരിക്കുകയും ചെയ്യുന്നവർക്ക് അതേ മണ്ഡലകാലത്ത് വീണ്ടും ബുക്കിങ് അനുവദിക്കാത്തവിധം സോഫ്റ്റ്വെയറിൽ മാറ്റം വരുത്താനാണ് സാധ്യത.
അയൽ സംസ്ഥാനങ്ങളിലെ ട്രാവൽ ഏജൻസികൾ വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇത്തരം ക്രമക്കേടുകൾ തടയുന്നതിനും യഥാർഥ തീർഥാടകർക്ക് ദർശനാവസരം ഉറപ്പാക്കുന്നതിനുമാണ് ബുക്കിങ് സംവിധാനത്തിൽ പരിഷ്കാരം കൊണ്ടുവരാൻ ശ്രമിക്കുന്നത്.
അതേസമയം, ബുക്ക് ചെയ്ത ദിവസം ദർശനത്തിന് എത്താൻ കഴിയാത്ത തീർഥാടകർക്ക് മറ്റൊരു ദിവസത്തേക്ക് ബുക്കിങ് മാറ്റാനുള്ള സൗകര്യം ലഭ്യമാക്കും. ആവശ്യമെങ്കിൽ ബുക്കിങ് റദ്ദാക്കാനും അവസരമുണ്ടാകും. എന്നാൽ, ബുക്കിങ് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാതെ നിശ്ചിത ദിവസം എത്താതിരുന്നാൽ മണ്ഡലകാലത്ത് വീണ്ടും ബുക്ക് ചെയ്യാൻ കഴിയാത്തവിധമാണ് സംവിധാനം പരിഷ്കരിക്കാൻ ഉദ്ദേശിക്കുന്നത്. ഈ മണ്ഡലകാലത്തുതന്നെ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് ശ്രമം.
കൂട്ടത്തോടെയുള്ള ബുക്കിങ് തടയുന്നതിന്റെ ഭാഗമായി ആധാർ അധിഷ്ഠിത ഒ.ടി.പി പരിശോധന ഇതിനകം നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ തീർഥാടകന്റെയും ആധാർ നമ്പർ നൽകി, അതുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് സ്ഥിരീകരണം പൂർത്തിയാക്കിയാൽ മാത്രമേ വെർച്വൽ ക്യൂ ബുക്കിങ് നടത്താനാകൂ.
ഇതിനുപുറമെ ഓരോ തീർഥാടകന്റെയും ടിക്കറ്റിൽ പ്രത്യേക ക്യു.ആർ കോഡ് ഉൾപ്പെടുത്തുന്നതും പരിഗണനയിലാണ്. പമ്പയിലോ നിലയ്ക്കലോ ക്യു.ആർ കോഡ് പരിശോധിച്ച് ടിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കാനാണ് ആലോചന. എന്നാൽ, ഈ സംവിധാനം ഉടൻ നടപ്പാക്കില്ലെന്നാണ് വിവരം.
