‘മാധ്യമ’ത്തിന്റെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ പോസ്റ്റർ; നിയമനടപടി സ്വീകരിക്കും

കോഴിക്കോട്: ‘മാധ്യമ’ത്തിന്റെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്താ പോസ്റ്റർ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പത്രാധിപർ അറിയിച്ചു. ജി. സുധാകരൻ എം.എൽ.എയുടെ പേരിൽ വ്യാജ വിവാദ പരാമർശങ്ങൾ ഉൾപ്പെടുത്തിയാണ് മാധ്യമത്തിന്റേതെന്ന വ്യാജേന പോസ്റ്റർ നിർമിച്ച് പ്രചരിപ്പിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ മോശം ഭാഷയിൽ ജി. സുധാകരൻ പ്രസ്താവന നടത്തിയെന്നാണ് വ്യാജ പോസ്റ്ററിൽ പറയുന്നത്. എന്നാൽ, ഇത്തരമൊരു വാർത്താ പോസ്റ്ററോ വാർത്തയോ മാധ്യമം പ്രസിദ്ധീകരിച്ചിട്ടില്ല.

മാധ്യമത്തിന്റെ ഔദ്യോഗിക വാർത്താ പോസ്റ്ററുകളുടെ രൂപകൽപനയും ലോഗോയും അനുകരിച്ചാണ് വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ വാർത്താ പോസ്റ്റർ നിർമിച്ചവർക്കും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കും.