20 കോടിയിൽ പിതൃമന്ദിരം; ഗാന്ധിഭവനിലെ അച്ഛന്മാർക്ക് വീണ്ടും എംഎ യൂസഫലിയുടെ സ്നേഹത്തണൽ

കൊല്ലം: ​പത്തനാപുരം ​ഗാന്ധിഭവനിലെ പുരുഷ അന്തേവാസികൾക്കായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിർമിച്ചുനൽകുന്ന അത്യാധുനിക പിതൃമന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി. 20 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ മന്ദിരത്തിൽ അന്തേവാസികൾക്ക് മെച്ചപ്പെട്ട താമസസൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നാൽപതിനായിരത്തോളം ചതുരശ്ര അടി വിസ്തീർണത്തിൽ നാല് നിലകളിലായി നിർമിച്ച മന്ദിരം 250 പുരുഷ അന്തേവാസികൾക്ക് തണലാകും.

ഡോർമിറ്ററി സൗകര്യം, പ്രാർഥനാ മുറികൾ, ലൈബ്രറി, ഡൈനിങ് ഹാൾ, നഴ്‌സിങ് റൂം, പ്രത്യേക പരിചരണ മുറി എന്നിവയടക്കം അത്യാധുനിക സൗകര്യമൊരുക്കിയാണ് നിർമാണം പൂർത്തിയായത്. 450 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച വിശാലമായ ഇൻഡോർ ഓഡിറ്റോറിയം, രോഗികളെ വഹിക്കാൻ കഴിയുന്ന രണ്ട് സ്ട്രെച്ചർ ലിഫ്റ്റുകൾ, വാഹന പാർക്കിങ് സൗകര്യം എന്നിവ പ്രത്യേകതയാണ്. മന്ദിരത്തിന്റെ ആദ്യനിലയിൽ പ്രാർഥനാമുറികളും വിശാലമായ ഹാളും ഓഫിസ് മുറിയും ഉൾക്കൊള്ളുന്നു. ഇവിടെ വായനാമുറി ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. മുഴുവൻ സമയ പരിചരണത്തിനായി നഴ്സിങ് സൗകര്യവുമുണ്ട്.

കിടപ്പുരോ​ഗികൾക്ക് പ്രത്യേകം ക്രമീകരിക്കാൻ സാധിക്കുന്ന തരത്തിൽ അഡ്ജസ്റ്റബിൾ ബെഡ് ഉൾപ്പെടെയാണ് 250 കിടക്കകൾ ഒരുക്കിയിരിക്കുന്നത്. വീൽചെയറുകളും പാലിയേറ്റീവ് സൗകര്യങ്ങളും ഈ മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫാർമസിയും ലബോറട്ടറി സംവിധാനവും ഭിന്നശേഷിക്കാർക്കായി പ്രത്യേക ശുചിമുറി സൗകര്യങ്ങളും ഉൾപ്പെടുന്നു. 150 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിങ് ഏരിയയും പിതൃമന്ദിരത്തിന്റെ പ്രത്യേകതയാണ്. ​

2016ൽ ​ഗാന്ധിഭവൻ സന്ദർശനവേളയിലാണ് അന്തേവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കിയ എം.എ. യൂസഫലി ​ഗാന്ധിഭവനിലെ അമ്മമാർക്കായി മന്ദിരം നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് 2022 നവംബറിൽ ​ഗാന്ധിഭവനിൽ അമ്മമാർക്കായി 18 കോടി ചെലവിൽ സ്നേഹമന്ദിരമൊരുക്കി കൈമാറി. അമ്മമാർക്കുള്ള മന്ദിരത്തിന്റെ ഉദ്ഘാടനവേളയിലാണ് ഇവിടുത്തെ പുരുഷ അന്തേവാസികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ‌പുതിയ മന്ദിരം നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചത്.

കെട്ടിടങ്ങൾ നിർമിച്ചതിനു പുറമേ ഗാന്ധിഭവനിലെ അന്തേവാസികളുടെ ക്ഷേമത്തിനായി ഇതുവരെ യൂസഫലി 11.75 കോടിയുടെ സഹായം നൽകിയിട്ടുണ്ടെന്നും ഗാന്ധിഭവൻ സ്ഥാപകനും മാനേജിങ് ട്രസ്‌റ്റിയുമായ പുനലൂർ സോമരാജൻ പറഞ്ഞു.