‘ഷുക്കൂർ വധം: രണ്ടാം പ്രതിയെ വെറുതെ വിട്ടത് ഏറ്റവും ശ്രദ്ധേയമായ നിയമപ്രശ്നം….’ -വിധി വിലയിരുത്തി മുൻ ഡിവൈ.എസ്.പി

കാ​സർകോട്: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.ബി.ഐ പ്രത്യേക കോടതി പുറപ്പെടുവിച്ച വിധി അപര്യാപ്തമാണെന്ന് മുൻ ഡിവൈ.എസ്.പി റഹീം ചെമ്മനാട്. ഷുക്കൂർ വധക്കേസ് അന്വേഷണത്തിൽ ലോക്കൽ പൊലീസിനെ സഹായിച്ചിരുന്ന കണ്ണൂർ സ്ക്വാഡിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. കോടതിവിധിയെ വിലയിരുത്തി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് വിമർശനം.

കേസിൽ 18 പ്രതികളെ കുറ്റവിമുക്തരാക്കുകയും 13 പേരെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടവരിൽ ഏഴുപേർക്ക് കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും ആറുപേർക്ക് മറ്റു കുറ്റങ്ങൾക്ക് രണ്ടുവർഷം തടവുമാണ് വിധിച്ചത്. ഒന്നാം പ്രതി സുമേഷിനൊപ്പം ഷുക്കൂറിനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ രണ്ടാം പ്രതി ഗണേശനെ കോടതി വെറുതെ വിട്ടത് കേസിലെ പ്രധാന നിയമപ്രശ്നങ്ങളിലൊന്നാണെന്ന് റഹീം പറഞ്ഞു. രണ്ടാം പ്രതിയെ കുറ്റവിമുക്തനാക്കാൻ ഇടയായ തെളിവുകളിലെ പോരായ്മകൾ ഒന്നാം പ്രതിയുടെ അപ്പീലിലും നിയമപ്രശ്നമായി ഉയർന്നുവരാമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

‘ഒന്നാം പ്രതിയെ തിരിച്ചറിയൽ പരേഡിൽ സാക്ഷികൾ തിരിച്ചറിഞ്ഞെങ്കിലും രണ്ടാം പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സാക്ഷിമൊഴികളിലെ വൈരുധ്യങ്ങളും തിരിച്ചറിയലിലെ പ്രശ്നങ്ങളും രണ്ടാം പ്രതിക്ക് അനുകൂലമായി. ഒരു വ്യക്തി സംഭവസ്ഥലത്തുണ്ടായിരുന്നിട്ടും അയാളെ കൊലപാതകത്തിൽ പങ്കാളിയാണെന്ന് നിയമപരമായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയാത്തത് ലോക്കൽ പോലീസിന്റെയും സിബിഐയുടെയും പരാജയം തന്നെയാണ്.

ഈ കേസിന്റെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കൊല്ലപ്പെട്ട ഷുക്കൂറിന്റെ മാതാവ് വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം ശിക്ഷിക്കപ്പെട്ടവരും അപ്പീലിന് പോകാനുള്ള സാധ്യത കൂടുതലാണ്. സിബിഐ കോടതിയുടെ വിധികൾക്കെതിരെ ഹൈക്കോടതികളിൽ അപ്പീൽ നൽകുമ്പോൾ പലപ്പോഴും അത് പ്രതികൾക്ക് അനുകൂലമായി ഭവിക്കാറാണ് പതിവ്. അങ്ങനെ വരുമ്പോൾ ശിക്ഷിക്കപ്പെട്ട പ്രതികൾ കൂടി കുറ്റവിമുക്തരാക്കപ്പെടുമോ എന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ് രണ്ടാം പ്രതിയെ കുറ്റവിമുക്തമാക്കിയത് പ്രധാന നിയമപ്രശ്നമായി മാറുന്നത്. ഒന്നാം പ്രതിയോടൊപ്പം ഷുക്കൂറിനെ കുത്തിപ്പരിക്കൽപ്പിച്ച രണ്ടാം പ്രതിയെ ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡിലൂടെ തിരിച്ചറിയുന്നതിൽ സാക്ഷികൾ പരാജയപ്പെട്ടു എന്ന കാരണത്താലാണ് കോടതി ഇയാളെ വെറുതെ വിട്ടത്. രണ്ടാം പ്രതിയെ കുറ്റവിമുക്തമാക്കിയ ഈ കോടതി വിധിയുടെ പഴുതിലൂടെ, ഒന്നാം പ്രതിയും അപ്പീലിലൂടെ കുറ്റവിമുക്തമാക്കപ്പെടില്ല എന്നതിന് ഒരു ഉറപ്പുമില്ല’ -അദ്ദേഹം പറഞ്ഞു.

കൊലപാതകം നടന്ന സ്ഥലത്തെ പ്രദേശവാസികളെ സാക്ഷികളാക്കിയില്ലെന്ന കോടതിയുടെ നിരീക്ഷണം ബാലിശമാണെന്ന് റഹീം വിമർശിച്ചു.

‘സംഭവസ്ഥലം എന്നത് പാർട്ടി ഗ്രാമമാണ്. അവിടെനിന്നും പ്രോസിക്യൂഷന് അനുകൂലമായ ഒരാളെപോലും കണ്ടെത്താൻ കഴിയില്ല. ഒരേ മാനസികാവസ്ഥയിലുള്ള ജനങ്ങൾ താമസിക്കുന്ന സ്ഥലം ആയതിനാലാണല്ലോ നൂറുകണക്കിന് ആളുകൾ നോക്കി നിൽക്കെ ഒരു മനുഷ്യ ജീവനെ അരിഞ്ഞുവീഴ്ത്തിയത്. രണ്ടാമതായി കോടതി കണ്ടെത്തിയത്, പി എസ് ഒ ഉൾപ്പെടെയുള്ള സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചില്ല എന്നാണ്. ഊണിലും ഉറക്കിലും പാർട്ടി നേതാക്കളോടൊപ്പം സഹവസിക്കുന്ന പി എസ് ഒ ഉൾപ്പെടെയുള്ള ആളുകൾ അവർക്ക് അനുകൂലമായല്ലാതെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകില്ല എന്ന് വിശ്വസിക്കാനുള്ള വിവേകം കോടതിക്ക് ഇല്ലാതായിപ്പോയോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താമോ?’ -അദ്ദേഹം ചോദിച്ചു.

വധശിക്ഷ വിധിക്കാവുന്ന ‘അപൂർവങ്ങളിൽ അപൂർവം’ എന്ന വിഭാഗത്തിൽ ഈ കേസ് ഉൾപ്പെടുന്നില്ലെന്ന കോടതിയുടെ നിരീക്ഷണത്തെയും കുറിപ്പിൽ വിമർശിച്ചു. ഓരോ കൊലപാതകവും അതിന്റെ ഇരയ്ക്കും കുടുംബത്തിനും അപൂർവങ്ങളിൽ അപൂർവം തന്നെയാണ്. ഇന്നലെവരെ ഒപ്പമുണ്ടായിരുന്ന ഒരാൾ നിമിഷനേരംകൊണ്ട് ഇല്ലാതാകുന്നതിന്റെ വേദന അനുഭവിക്കുന്ന കുടുംബത്തിനേ മനസ്സിലാകൂ. കൊല്ലപ്പെട്ടത് ഏത് മത, രാഷ്ട്രീയ വിഭാഗത്തിൽപെട്ട ആളായാലും ആ നഷ്ടത്തിന്റെ ആഴം ഒരുപോലെയാണെന്നും അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ഷുക്കൂർ കേസിൻ്റെ വിധി വായിക്കുമ്പോൾ.

പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിലും, ഈ കേസിന്റെ പിന്നാമ്പുറങ്ങളിൽ ലോക്കൽ പോലീസിനെ സഹായിച്ചിരുന്ന, കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുണ്ടായിരുന്ന കണ്ണൂർ സ്ക്വാഡിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിലും കണ്ണൂരിലെയും കോഴിക്കോട്ടെയും കാസർകോട്ടേയും പ്രമാദമായ കൊലക്കേസുകളിൽ അന്വേഷണത്തിന്റെ ഭാഗമായി വിവിധ ചുമതലകൾ നിർവഹിച്ചിരുന്ന ഓഫീസർ എന്ന നിലയിലും, ഷുക്കൂർ വധകേസിൽ സിബിഐ കോടതി പുറപ്പെടുവിച്ച വിധിയെ വിശകലനം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് ഞാൻ കരുതുന്നത്.

പ്രത്യേകിച്ച് കേരള പോലീസിന്റെയും സി.ബി.ഐയുടെയും അന്വേഷണത്തിലെ പിഴവുകളെക്കുറിച്ച് കോടതി നടത്തിയ നിരീക്ഷണങ്ങൾ ഗൗരവമുള്ളതായതിനാൽ കോടതിവിധിയെ നിഷ്പക്ഷമായി വിലയിരുത്തേണ്ടതുണ്ട്. പ്രതികളിൽ 18 പേരെ കോടതി കുറ്റവിമുക്തരാക്കുമ്പോൾ 13 പേർക്കെതിരെ മാത്രമാണ് കോടതി കുറ്റം കണ്ടെത്തുന്നത്. ശിക്ഷിക്കപ്പെട്ട 13 പേരിൽ ഏഴുപേർക്ക് കൊലക്കുറ്റത്തിന് ജീവപര്യന്തം തടവ് ലഭിച്ചപ്പോൾ , ആറുപേർക്ക് മറ്റ് കുറ്റങ്ങൾക്കാണ് ശിക്ഷ ലഭിച്ചത്.

ഒന്നാം പ്രതി സുമേഷിനൊപ്പം, ഷുക്കൂറിനെ കുത്തിപ്പരിക്കേൽപ്പിച്ചതായി രണ്ടാം പ്രതി ഗണേശനെതിരെയും ആരോപണമുണ്ടായിരുന്നുവെങ്കിലും കോടതി വെറുതെ വിടുകയാണ് ചെയ്തത്. ഈ കേസിലെ ഏറ്റവും ശ്രദ്ധേയമായ നിയമപ്രശ്നങ്ങളിലൊന്നാണ് ഇത്. ഒരു വ്യക്തി സംഭവസ്ഥലത്തുണ്ടായിരുന്നട്ടും അയാളെ കൊലപാതകത്തിൽ പങ്കാളിയാണെന്ന് നിയമപരമായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയാത്തത് ലോക്കൽ പോലീസിന്റെയും സിബിഐയുടെയും പരാജയം തന്നെയാണ്. ഒന്നാം പ്രതിയെ ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡിലൂടെ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നെങ്കിലും, രണ്ടാംപ്രതിയെ അവർക്ക് ഇതിലൂടെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

ഒന്നാം സാക്ഷിയുടെ മൊഴികളിൽ വിവിധ ഘട്ടങ്ങളിൽ വൈരുധ്യങ്ങളുണ്ടെന്ന് കോടതി കണ്ടെത്തി. രണ്ടാം സാക്ഷിയുടെ മൊഴിയിലും തിരിച്ചറിയലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോടതി ചൂണ്ടിക്കാട്ടി. എഫ്ഐആറിനാവശ്യമായ മൊഴി രേഖപ്പെടുത്തലിൽ ഉണ്ടായ പിഴവ് , സാക്ഷിമൊഴികളിലെ വൈരുദ്ധ്യം, തിരിച്ചറിയൽ പരേഡിലെ പരാജയം, മെറ്റീരിയൽ ഒബ്ജക്റ്റ് കോടതിയിൽ ഹാജരാക്കുന്നതിൽ വന്ന കാലതാമസം, പ്രധാന സാക്ഷികളുടെ മുൻമൊഴികളും വിചാരണയിലെ മൊഴികളും തമ്മിൽ ഉണ്ടായിരുന്ന പൊരുത്തക്കേടുകൾ, പ്രധാന സാക്ഷികളെ പ്രോസിക്യൂഷൻ ഒഴിവാക്കിയത്, കോടതി മുമ്പാകെ സാക്ഷികളെ എത്തിക്കുന്നതിൽ സംഭവിച്ച പരാജയം, ഇങ്ങനെ നിരവധി വീഴ്ചകൾ കോടതി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും കേസിനെക്കുറിച്ച് കോടതിയുടെ പൊതുവായ നിരീക്ഷണം ഇങ്ങനെയായിരുന്നു.

“Absolutely there is no serious lapses on the part of the investigating officers, so as to affect the root of the prosecution case and absolutely there is no serious flaws as well to discard the prosecution case as false.”

ഏതായാലും സിബിഐ കോടതി 13 പ്രതികളെ ശിക്ഷിച്ചിരിക്കുന്നു. ഗൂഢാലോചനയിൽ പെട്ട ഒരു പ്രതിയെയും കോടതി ശിക്ഷിച്ചതുമില്ല. ഗൂഢാലോചന തെളിയിക്കുക എന്നത് എളുപ്പമല്ല. ടിപി ചന്ദ്രശേഖരൻ കേസിൽ ഗൂഢാലോചനയിൽ ഉൾപെട്ട കുഞ്ഞനന്തൻ ശിക്ഷിക്കപ്പെട്ടത് ഇതിനൊരു അപവാദമായിരുന്നു.

എന്നാലും കോടതിയുടെ ചില നിരീക്ഷണങ്ങൾ ബാലിശമായാണ് തോന്നിയത്. സംഭവം നടന്ന സ്ഥലത്തെ ആളുകളെ സാക്ഷികളാക്കിയില്ല എന്നാണ് കോടതി നിരീക്ഷിച്ചത്. സംഭവസ്ഥലം എന്നത് പാർട്ടി ഗ്രാമമാണ്. അവിടെനിന്നും പ്രോസിക്യൂഷന് അനുകൂലമായ ഒരാളെപോലും കണ്ടെത്താൻ കഴിയില്ല. ഒരേ മാനസികാവസ്ഥയിലുള്ള ജനങ്ങൾ താമസിക്കുന്ന സ്ഥലം ആയതിനാലാണല്ലോ നൂറുകണക്കിന് ആളുകൾ നോക്കി നിൽക്കെ ഒരു മനുഷ്യ ജീവനെ അരിഞ്ഞുവീഴ്ത്തിയത്.

രണ്ടാമതായി കോടതി കണ്ടെത്തിയത്, പി എസ് ഒ ഉൾപ്പെടെയുള്ള സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചില്ല എന്നാണ്. ഊണിലും ഉറക്കിലും പാർട്ടി നേതാക്കളോടൊപ്പം സഹവസിക്കുന്ന പി എസ് ഒ ഉൾപ്പെടെയുള്ള ആളുകൾ അവർക്ക് അനുകൂലമായല്ലാതെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകില്ല എന്ന് വിശ്വസിക്കാനുള്ള വിവേകം കോടതിക്ക് ഇല്ലാതായിപ്പോയോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താമോ ?

ഈ കേസിന്റെ വിധി പ്രഖ്യാപിക്കുന്ന സമയത്ത് കോടതി നടത്തിയ നിരീക്ഷണം ഇങ്ങനെ നമുക്ക് വായിക്കാം.

“This case cannot be considered as a ‘rarest of rare case’ so as to impose the death sentence on them.” അതായത് ഈ കേസ് അപൂർവങ്ങളിൽ അപൂർവമല്ല എന്ന്.

കൊലക്കേസുകളിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് ജഡ്ജിമാർ നടത്താറുള്ള നിരീക്ഷണമാണ് ഇത് അപൂർവങ്ങളിൽ അപൂർവമല്ല എന്നുള്ളത്. യഥാർത്ഥത്തിൽ ഓരോ കൊലക്കേസും അപൂർവങ്ങളിൽ അപൂർവ്വം തന്നെയാണ്,അത് അനുഭവിക്കുന്ന വ്യക്തിക്കും കുടുംബത്തിനും. ഇന്നലെവരെ നമ്മോടൊപ്പം കളിചിരിയിൽ പങ്കാളിയായിരുന്ന ഒരാൾ നിമിഷനേരം കൊണ്ട് നമ്മിൽ നിന്നും വിട്ടു പിരിയുന്നത് അപൂർവങ്ങളിൽ അപൂർവമല്ലാതെ മറ്റെന്താണ് ? ഓരോ ആപത്തും അത് അവനവൻറെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ഏതൊരാൾക്കും അത് അപൂർവത തന്നെയായിരിക്കും. നേരിട്ട് ബാധിക്കാതിടത്തോളം കാലം വിധി പ്രസ്താവിക്കുന്ന ജഡ്ജിക്കോ, കാണികളായ നമുക്കോ ഈ അപൂർവ്വത എന്താണെന്ന് മനസ്സിലാകണമെന്നില്ല, കൊല്ലപ്പെട്ടത് ഏത് മത രാഷ്ട്രീയ വിഭാഗത്തിൽ പെട്ടവരായാലും.

ഈ കേസിന്റെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കൊല്ലപ്പെട്ട ഷുക്കൂറിന്റെ മാതാവ് വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം ശിക്ഷിക്കപ്പെട്ടവരും അപ്പീലിന് പോകാനുള്ള സാധ്യത കൂടുതലാണ്. സിബിഐ കോടതിയുടെ വിധികൾക്കെതിരെ ഹൈക്കോടതികളിൽ അപ്പീൽ നൽകുമ്പോൾ പലപ്പോഴും അത് പ്രതികൾക്ക് അനുകൂലമായി ഭവിക്കാറാണ് പതിവ്. അങ്ങനെ വരുമ്പോൾ ശിക്ഷിക്കപ്പെട്ട പ്രതികൾ കൂടി കുറ്റവിമുക്തരാക്കപ്പെടുമോ എന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ് നേരത്തെ സൂചിപ്പിച്ചത് പോലെ, ഒന്നാം പ്രതിയെ ശിക്ഷിച്ചെങ്കിലും, രണ്ടാം പ്രതിയെ കുറ്റവിമുക്തമാക്കിയത് പ്രധാന നിയമപ്രശ്നമായി മാറുന്നത്. ഒന്നാം പ്രതിയോടൊപ്പം ഷുക്കൂറിനെ കുത്തിപ്പരിക്കൽപ്പിച്ച രണ്ടാം പ്രതിയെ ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡിലൂടെ തിരിച്ചറിയുന്നതിൽ സാക്ഷികൾ പരാജയപ്പെട്ടു എന്ന കാരണത്താലാണ് കോടതി ഇയാളെ വെറുതെ വിട്ടത്. രണ്ടാം പ്രതിയെ കുറ്റവിമുക്തമാക്കിയ ഈ കോടതി വിധിയുടെ പഴുതിലൂടെ , ഒന്നാം പ്രതിയും അപ്പീലിലൂടെ കുറ്റവിമുക്തമാക്കപ്പെടില്ല എന്നതിന് ഒരു ഉറപ്പുമില്ല.

കോടതി വിധി അപര്യാപ്തമാണെന്നാണ് കൊല്ലപ്പെട്ട ഷുക്കൂറിന്റെ മാതാവിൻറെ പ്രതികരണം. മകൻ നഷ്ടപ്പെട്ട മാതാവിന് സമ്പൂർണ്ണ നീതിയിലധിഷ്ഠിതമായ ഒരു വിധി പ്രസ്താവിക്കാൻ നമ്മുടെ കോടതികൾ അശക്തമാണല്ലോ ?. ഗൂഢാലോചനയിൽ നിന്നും ഒഴിവായതിലൂടെ എതിരാളികളുടെ രാഷ്ട്രീയ ലക്ഷ്യം തകർക്കപ്പെട്ടു എന്നാണ് സിപിഎം നേതാവിന്റെ പ്രതികരണം.

പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നും നോക്കുമ്പോൾ ഈ വിധി അപര്യാപ്തമാണ് എന്ന് പറയാൻ മാത്രമേ നിർവാഹമുള്ളൂ. പോലീസിന് മുന്നിൽ പാർട്ടികൾ ഇല്ല, പരാതിക്കാരും പ്രതികളും മാത്രമേ ഉള്ളൂ. പരാതിക്കാരുടെയോ പ്രതികളുടെയോ പാർട്ടി നോക്കി നടത്തേണ്ടതല്ല കേസന്വേഷണം. പരാതിക്കാർ എത്ര ചെറുതായാലും അവർക്ക് നിയമപരമായി നൽകേണ്ട പരിഗണന നൽകണം. പ്രതികൾ എത്ര ഉന്നതരായാലും അവർ നിയമത്തെക്കാൾ അതീതരുമല്ല. കണ്ണൂരിലെ പാർട്ടി സെക്രട്ടറിയെ അറസ്റ്റ് ചെയ്യുക എന്ന കാര്യം സംഭവിക്കില്ലെന്ന പാർട്ടി അണികളുടെ അമിതാത്മവിശ്വാസത്തിൻ്റെ നീർക്കുമിളയ്ക്ക് അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ എന്ന് തെളിയിച്ച ഒരു കേസ് കൂടിയായിരുന്നു ഷുക്കൂർ കേസ്.

കൊലപാതകം ആരുടേതായാലും അതിന്റെ അന്തിമഫലം അശാന്തിയും അനാഥത്വവും പകയും മാത്രമാണ്. ഒരു കൊലപാതകത്തിലൂടെ ഇല്ലാതാകുന്നത് ഒരു മനുഷ്യന്റെ ജീവൻ മാത്രമല്ല; അയാളുടെ കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും കൂടിയാണ്. ഒരു അമ്മയ്ക്ക് മകനെ നഷ്ടപ്പെടുന്നു; ഒരു ഭാര്യയ്ക്ക് ജീവിതപങ്കാളിയെ നഷ്ടപ്പെടുന്നു; മക്കൾക്ക് തണലും കരുതലും നഷ്ടപ്പെടുന്നു. ഒരു രാഷ്ട്രീയ മുദ്രാവാക്യവും ആ നഷ്ടത്തിന് പകരമാകാനാവില്ല.

ആശയങ്ങളെ ആയുധങ്ങൾകൊണ്ടല്ല, ആശയങ്ങൾകൊണ്ടുതന്നെ നേരിടാൻ നാം പഠിക്കണം. എതിർപക്ഷത്തിന്റെ ശബ്ദത്തെ ഇല്ലാതാക്കുന്നതല്ല ജനാധിപത്യം; ആ ശബ്ദത്തെ കേൾക്കുകയും സംവദിക്കുകയും വിയോജിക്കുകയും ചെയ്യുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ ഒരു നാടിനും സമാധാനമോ പുരോഗതിയോ ക്ഷേമമോ കൈവരിക്കാനാവില്ല. അതുകൊണ്ട്, ഇത്തരം കുറ്റകൃത്യങ്ങളിൽ നിയമം നിഷ്പക്ഷമായും ശക്തമായും പ്രവർത്തിക്കണം. കുറ്റം തെളിയിക്കപ്പെട്ടവർക്ക് നിയമം അനുശാസിക്കുന്ന അർഹമായ ശിക്ഷ ഉറപ്പാക്കണം. അത് പ്രതികാരമല്ല; നിയമവാഴ്ചയിലുള്ള ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കലാണ്.