ആസിം വെളിമണ്ണക്ക് ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്‌കാരം ‘സർവശ്രേഷ്ഠ ദിവ്യാജ്ഞൻ’

കോഴിക്കോട്: ഭിന്നശേഷി ശാക്തീകരണത്തിനുള്ള 2026-ലെ ദേശീയ പുരസ്‌കാരത്തിന് ‘സർവശ്രേഷ്ഠ ദിവ്യാജ്ഞൻ’ വിഭാഗത്തിൽ കോഴിക്കോട് സ്വദേശി ആസിം വെളിമണ്ണയെ (മുഹമ്മദ് ആസിം പി.) തെരഞ്ഞെടുത്തു. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി നടത്തിയ വിലമതിക്കാനാവാത്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരം.

ഇരു കൈകളുമില്ലാതെ ജനിച്ച്, ലോകത്തെ വിസ്മയിപ്പിക്കുന്ന ആസിം വെളിമണ്ണ പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിച്ച് നീന്തൽക്കുളത്തിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. 2028-ലെ ലോസ് ആഞ്ചലസ് പാരാലിംപിക്സിന് ഇതിനോടകം തന്നെ യോഗ്യത നേടി. അടുത്തിടെ നടന്ന ദേശീയ പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ ആസിം മൂന്ന് സ്വർണ മെഡലുകൾ നേടിയിരുന്നു.

വിവിധ ദേശീയ പാരാ സ്വിമ്മിങ് മത്സരങ്ങളിലായി കേരളത്തിനുവേണ്ടി 12 സ്വർണമെഡലുകൾ ആസിം കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഉജ്ജ്വലം ബാല്യ അവാർഡ് ജേതാവ് കൂടിയായ ആസിം, പെരിയാർ നീന്തിക്കടന്നതിനെ തുടർന്ന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലും വേൾഡ് റെക്കോർഡ് യൂനിയനിലും ഇടംനേടി.

ഡിസംബർ മൂന്നിന് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും.

ആസിമിന്റെ നേട്ടത്തിൽ സന്തോഷവും അഭിമാനവും രേഖപ്പെടുത്തിയ ഭിന്നശേഷി ശാക്തീകരണ വകുപ്പ്, ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനും സാമൂഹിക മുന്നേറ്റത്തിനുമായി അദ്ദേഹം നൽകിയ സംഭാവനകളെ പ്രത്യേകം അഭിനന്ദിച്ചു.

പുരസ്കാര ജേതാക്കൾക്ക് 2,00,000 രൂപ ക്യാഷ് പ്രൈസും, മെഡലും, പ്രശസ്തിപത്രവും ലഭിക്കും. ഓരോ വർഷവും 6 പേരെ വീതമാണ് ഈ വിഭാഗത്തിൽ പുരസ്കാരം നൽകി ആദരിക്കുന്നത്.

ആസിം വെളിമണ്ണ ഫേസ്ബുക്കിൽ കുറിച്ചത്:

*അൽഹംദു ലില്ലാഹ്… 🤲*

കൈകളില്ലാതെ ജനിച്ച എന്നെ… കൈവിടാതെ ചേർത്ത് പിടിച്ച എന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും… കുടുംബക്കാർക്കും… എന്റെ നാടിനും… എന്റെ കേരളത്തിനും… എന്റെ ഇന്ത്യയ്ക്കും… ഈ സന്തോഷം സമർപ്പിക്കുന്നു.

*ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3-ന്, രാഷ്ട്രപതി ഭവനിൽ വെച്ച്, ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ കയ്യിൽ നിന്ന്…*

ഇന്ത്യയിലെ ഭിന്നശേഷി വിഭാഗത്തിലെ ഏറ്റവും വലിയ ബഹുമതിയായ…

*🏆 സർവ്വശ്രേഷ്ഠ ദിവ്യാങ്ജൻ ദേശീയ അവാർഡ് 🏆*

സ്വീകരിക്കാൻ എന്നെ തിരഞ്ഞെടുത്തിരിക്കുന്നു….

പെരിയാർ നീന്തിക്കടന്ന…

കേരളത്തിന് വേണ്ടി12 സ്വർണ്ണം നേടിയ… ചിൽഡ്രൻസ് നോബൽ പ്രൈസിൽ ഫൈനലിസ്റ്റായ… 2028-ലെ അമേരിക്കയിലെ ലോസ് ആഞ്ചലസ് പാരാലിംപിക്സിലെ മത്സര ഇനമായ.. പാരാ സ്വിമ്മിങ്ങിന്റെ യോഗ്യത ടൈം നിലവിൽ മറികടന്ന… ഞാൻ

ഇന്ന് ഇന്ത്യയുടെ അഭിമാനമാകുമ്പോൾ…

ഇത് എന്റെ മാത്രം വിജയമല്ല… എന്നെ വിശ്വസിച്ച….എനിക്ക് വേണ്ടി ദുആ ചെയ്ത… എന്നോടൊപ്പം നിന്ന…. എല്ലാവരുടെയും വിജയമാണ്….

*എല്ലാവരുടെയും പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തണേ…*

സ്നേഹപൂർവ്വം,

*മുഹമ്മദ് ആസിം വെളിമണ്ണ*