മുഖ്യമന്ത്രി കണ്ടിട്ടും അടുക്കാതെ ഓർത്തഡോക്​സ്​ സഭ;ആ​ഴ​ത്തി​ൽ മു​റി​വേ​റ്റെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട്​ സ​ഭാ നേ​തൃ​ത്വം

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശൻ സഭ ആസ്ഥാനത്തെത്തി അധ്യക്ഷനുമായി ചർച്ച നടത്തിയിട്ടും സർക്കാറിനോട് രോഷം അടങ്ങാതെ ഓർത്തഡോക്സ് സഭ. പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തിൽ സർക്കാറിനോട് ഇടഞ്ഞ സഭയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച ഉച്ചക്ക് ദേവലോകം അരമനയിൽ എത്തിയത്.

സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയിൽ വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, സഭാ സെക്രട്ടറി ബിജു ഉമ്മൻ എന്നിവരും പങ്കെടുത്തു. സഭക്ക് ആഴത്തിൽ മുറിവേറ്റെന്നും നീതി നിഷേധിക്കപ്പെട്ടെന്നും നേതൃത്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. പാത്രിയർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനം, ആട്ടിൻകുന്ന് പള്ളി പ്രശ്നം ഉൾപ്പെടെ വിഷയങ്ങൾ ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മണർകാട്, കോതമംഗലം പള്ളികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അംഗീകരിച്ച കമീഷൻ നിർദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നും വ്യക്തമായ രേഖകൾ സഭയുടെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡീഷനൽ അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് സംശയിക്കുന്നതായും സഭ കുറ്റപ്പെടുത്തി. നിയമോപദേശത്തിനു പിന്നിലെ രാഷ്ട്രീയ സ്വാധീനം പരിശോധിക്കണം.

മലങ്കര സഭക്കുണ്ടായ മാനസിക മുറിവ് ഉണങ്ങാതെയും നീതി നിഷേധത്തിന് പരിഹാരം കാണാതെയും അനുരഞ്ജന നീക്കങ്ങളുമായി മുന്നോട്ടുപോകാനാകില്ല. കാതോലിക്ക ബാവക്ക് തുല്യപദവി വഹിക്കുന്നവരുമായി മാത്രമേ ഇനി ചർച്ചക്ക് താൽപര്യപ്പെടുന്നുള്ളൂ. നിലവിലെ സാഹചര്യത്തിൽ അതിനു സാധ്യതയില്ല. നേരത്തെ ചർച്ച നടന്നുവെന്ന അഡീഷനൽ അഡ്വക്കേറ്റ് ജനറലിന്റെ വാദത്തിന് അടിസ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മലങ്കര സഭയുടെ വേദന മുഖ്യമന്ത്രിയെ അറിയിച്ചതായും ഓർത്തഡോക്സ് സഭക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ബിജു ഉമ്മൻ പറഞ്ഞു. നിയമോപദേശവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കലുണ്ടായെന്ന ആരോപണം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചക്കൊടുവിൽ കാതോലിക്ക ബാവയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. സഭക്ക് അഹിതമായ സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്നും നിയമവിരുദ്ധമായതൊന്നും സർക്കാർ ചെയ്യില്ലെന്നും മുഖ്യമന്ത്രി സഭാധ്യക്ഷന് ഉറപ്പുനൽകിയതായി മാധ്യമ വിഭാഗം പ്രസിഡന്‍റ് ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത പിന്നീട് വാർത്തകുറിപ്പിൽ അറിയിച്ചു. ആട്ടിൻകുന്ന് പള്ളിയിലെ പ്രശ്‌നം പരിഹരിക്കാൻ നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.