ആൻ്റോ അഗസ്റ്റിൻ്റെ വാദം തെറ്റ്; ഷറഫലിയുടെ നോവസ് സോക്കർ അക്കാദമിയിൽ ആൻ്റോയ്ക്ക് ഓഹരിയില്ല

തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു.ഷറഫലിയുടെ നോവസ് അക്കാദമി തന്റെ കമ്പനിയാണെന്ന ആന്റോയുടെ വാദം തെറ്റ്. നോവസ് അക്കാദമിയില്‍ നിലവില്‍ ആന്റോയ്ക്ക് ഓഹരിയില്ല. ഓഹരി ഉടമകളുടെ പട്ടിക മീഡിയവണിന് ലഭിച്ചു. കമ്പനിയില്‍ ആകെ പതിനേഴ് ഓഹരി ഉടമകളാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ ഓഹരി ഷറഫലിക്കാണ്. അക്കാദമയില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ളത് തന്റെ അക്കാദമിയ്ക്കാണെന്ന് ആന്റോ അഗസ്റ്റിന് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
മെസ്സി ഇടപാട് സംബന്ധിച്ച് 2025 സെപ്തംബറില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന യു.ഷറഫലിക്ക് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ട് കോടി രൂപ നല്‍കിയിരുന്നു. കലൂരിലെ സ്റ്റേഡിയം, ആര്‍ബിസിക്ക് കൈമാറുന്ന തിയതിയില്‍ തന്നെയായിരുന്നു പണം നല്‍കിയത്. ഇത് എസ്ഐടി കണ്ടുപിടിക്കുകയും വാര്‍ത്തയാവുകയും ചെയ്തതിന് പിന്നാലെ യു.ഷറഫലി ന്യായീകരണവുമായി രംഗത്ത് വന്നു. ആന്റോ അഗസ്റ്റിന്റെ ആര്‍ബിസി, നോവസ് അക്കാദമിയില്‍ ഓഹരി നിക്ഷേപം നടത്തിയതാണെന്നായിരുന്നു വാദം.
പിന്നാലെ നോവസ് അക്കാദമി തന്റെ കമ്പനിയാണെന്നും തന്റെ കമ്പനിയില്‍ പണം നിക്ഷേപിക്കുന്നതിന് ആരോടാണ് മറുപടി പറയേണ്ടതെന്നും ചോദിച്ചുകൊണ്ട് ആന്റോ അഗസ്റ്റിനും രംഗത്തുവന്നു.
എന്നാല്‍ ഈ വാദം തെറ്റാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഔദ്യോഗിക രേഖകള്‍ പ്രകാരം നോവസ് അക്കാദമയില്‍ പതിനേഴ് പേരാണ് ഓഹരി ഉടമകളായിട്ടുള്ളത്. എന്നാല്‍ ആന്റോ അഗസ്റ്റിന്റെയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായി ബന്ധപ്പെട്ട ആരുടെയും പേര് ഈ പട്ടികയിലില്ല. ഷറഫലിക്കാണ് ഏറ്റവും കൂടുതല്‍ ഓഹരിയുള്ളത്. 645 എണ്ണം.
നോവസ് അക്കാദമിയ്ക്ക് ആന്റോ അഗസ്റ്റിന് നല്കിയ രണ്ട് കോടി രൂപ ഓഹരിയാക്കി മാറ്റാനും ശ്രമിച്ചിട്ടില്ല. അത് സംഭാവനയായിട്ടാണ് സ്വീകരിച്ചിട്ടുള്ളതെന്നും രേഖകളിൽ വ്യക്തമാണ്.
അതേസമയം, ഓഹരിയെടുക്കാനായിട്ട് ഒരു കമ്പനിയിലേക്ക് പണം അയക്കുമ്പോള്‍ അത് ഷെയര്‍ ആപ്ലിക്കേഷന്‍ മണിയായിട്ടാണ് സ്വീകരിക്കുന്നത്. ആ പണം സ്വീകരിക്കുന്നത് പൊതു അക്കൗണ്ടിന് പകരം പ്രത്യേക അക്കൗണ്ടിലുമായിരിക്കും. ആറ് മാസത്തിനുള്ളില്‍ ഓഹരി നല്‍കുകയും വേണം. അങ്ങനെ ഓഹരി നല്‍കിയില്ലെങ്കില്‍ പലിശ സഹിതം തിരിച്ച് നല്‍കേണ്ടതുമുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാല്‍ ആന്റോ അഗസ്റ്റിന് നല്കിയ രണ്ട് കോടി രൂപ ഓഹരിയെടുക്കാനല്ലെന്ന് വ്യക്തമാണ്. മാത്രമല്ല, പണം ലഭിച്ചതിന്റെ പതിനൊന്നാം ദിവസം തന്നെ നോവസ് അക്കാദമിയുടെ അക്കൗണ്ടില്‍ നിന്നും ഷറഫലിയുടെ പല ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് പണം കൈമാറിയതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
