ഡിമെൻഷ്യ വാർധക്യത്തിന്റെ ഭാഗമല്ല; വന്നാൽ പിന്നെ രക്ഷയുമുണ്ടാവില്ല, പ്രതിരോധം പ്രധാനം

ഡിമെൻഷ്യ വാർധക്യത്തിന്റെ ഭാഗമാണെന്നാണ് പലരുടെയും ധാരണ. എന്നാൽ അങ്ങനെ അല്ല എന്നാണ് ന്യൂറോളജസ്റ്റുകൾ പറയുന്നത്. ഇന്ത്യയിൽ 60 വയസ്സും അതിൽ കൂടുതലും പ്രായമുള്ള ഏകദേശം 88 ലക്ഷം മുതിർന്നവർ ഡിമെൻഷ്യ (മറവിരോഗം) ബാധിച്ച് ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. 60 വയസ്സിൽ കൂടുതലും പ്രായമുള്ളവരിൽ 7.4 ശതമാനം പേരെ ഡിമെൻഷ്യ ബാധിക്കുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ആൻഡ് ഡിമെൻഷ്യ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ചെറുപ്പക്കാരിൽ ഡിമെൻഷ്യ വളരെ അപൂർവമാണ്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 9 ശതമാനം വരെയുള്ള ഡിമെൻഷ്യ കേസുകൾ 65 വയസ്സിന് മുൻപാണ് ആരംഭിക്കുന്നത്.
എന്താണ് ഡിമെൻഷ്യ
ഡിമെൻഷ്യ എന്നത് ഒരൊറ്റ രോഗമല്ല. മറിച്ച് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ ഗുരുതരമായ ഓർമ്മക്കുറവ്, ഭാഷാപരമായ പ്രശ്നങ്ങൾ, പ്രശ്നപരിഹാര ശേഷിയിലെ കുറവ്, മറ്റ് വൈജ്ഞാനിക (cognitive) കഴിവുകളുടെ നഷ്ടം എന്നിവയെ സൂചിപ്പിക്കുന്ന ഒരു പൊതുപദമാണ് (umbrella term) എന്നും ഡോ. അരുൺ ഷാ വ്യക്തമാക്കുന്നു. മറ്റുള്ളവരുമായി ആശയവിനിമയം നടത്താനുള്ള കഴിവ്, എക്സിക്യൂട്ടീവ് ഫംഗ്ഷൻ, ജോലികൾ ചെയ്യാനുള്ള കഴിവ്, സാമൂഹിക അവബോധം, ഓർമ്മശക്തി, വിവേചനാധികാരം, ചിന്താശേഷി എന്നിവയാണ് ഒരു വ്യക്തിയുടെ വൈജ്ഞാനിക ശേഷി (cognition).
അപകട ഘടകങ്ങൾ
രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, സ്ലീപ് അപ്നിയ, പുകവലി, ഒന്നിലധികം സ്ട്രോക്കുകൾ എന്നിവ വാസ്കുലർ ഡിമെൻഷ്യയിലേക്ക് നയിച്ചേക്കാവുന്ന നിരവധി അപകടസാധ്യത ഘടകങ്ങളാണെന്ന് ഡോ. അരുൺ ചൂണ്ടിക്കാട്ടി. ഡിമെൻഷ്യ ക്രമേണ കൂടിവരുന്ന ഒരു രോഗമാണ്. മാത്രമല്ല ഇതിന് ചികിത്സാ മാർഗ്ഗങ്ങളും വളരെ പരിമിതമാണ്. അതിനാൽ ഇത്തരം രോഗങ്ങൾക്ക് പ്രതിരോധ സമീപനം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഡിമെൻഷ്യയെ പൂർണമായും പ്രതിരോധിക്കാൻ കഴിയില്ലെങ്കിലും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ രോഗസാധ്യത കുറയ്ക്കാനും രോഗത്തിന്റെ ആരംഭം വൈകിപ്പിക്കാനും സാധിക്കും.
പ്രതിരോധ മാർഗ്ഗങ്ങൾ
ന്യൂറോപ്ലാസ്റ്റിസിറ്റി: ഡിമെൻഷ്യ തടയുന്നതിൽ വളരെ പ്രധാനമാണ് ന്യൂറോപ്ലാസ്റ്റിസിറ്റി. പുതിയ അനുഭവങ്ങൾ, പഠനം, അല്ലെങ്കിൽ പരിക്ക് എന്നിവയ്ക്ക് അനുസൃതമായി ജീവിതത്തിലുടനീളം തലച്ചോറിന് സ്വയം ഘടനാപരവും പ്രവർത്തനപരവുമായ മാറ്റങ്ങൾ വരുത്താനുള്ള കഴിവാണ് ന്യൂറൽ പ്ലാസ്റ്റിസിറ്റി (Neural plasticity).
ചിട്ടയായ വ്യായാമം: ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം ചെയ്യുക. നടത്തം, നീന്തൽ, സൈക്ലിങ് എന്നിവ ശീലമാക്കുക. വ്യായാമം തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
തലച്ചോറിനെ സജീവമാക്കി നിർത്തുക: പുസ്തകങ്ങളും പത്രങ്ങളും വായിക്കുക, ചെസ്, സുഡോകു, പദപ്രശ്നങ്ങൾ എന്നിവ പരിശീലിക്കുക, പുതിയ ഭാഷയും പുതിയ കഴിവുകളും പഠിക്കുക.
ആരോഗ്യകരമായ ഭക്ഷണശീലം: ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം, പരിപ്പ്, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അമിതമായ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കുറയ്ക്കുക.
ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുക: പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം തുടങ്ങിയവ നിയന്ത്രിക്കുന്നത് തലച്ചോറിലെ രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
ഗുണമേന്മയുള്ള ഉറക്കം: ദിവസവും ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക. ഉറക്കക്കുറവ്, ഉറക്കത്തിൽ ശ്വാസതടസ്സം തുടങ്ങിയ പ്രശ്നങ്ങൾക്ക് ചികിത്സ തേടുക.
സാമൂഹിക ബന്ധങ്ങൾ: കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുക. സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുക. ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കുക.
കേൾവിയും കാഴ്ചയും സംരക്ഷിക്കുക: കേൾവിക്കുറവും കാഴ്ചക്കുറവും ഡിമെൻഷ്യയുടെ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ആവശ്യത്തിന് ശ്രവണസഹായിയും കണ്ണടയും ഉപയോഗിക്കുക.
പുകവലിയും അമിത മദ്യപാനവും വേണ്ട: ഇവ തലച്ചോറിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
മാനസികാരോഗ്യം: മാനസിക സമ്മർദ്ദം നിയന്ത്രിക്കുക. വിഷാദരോഗത്തിന് കൃത്യസമയത്ത് ചികിത്സ തേടുക.
തലക്ക് പരിക്കേൽക്കാതെ സൂക്ഷിക്കുക: ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കുക. വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഉപയോഗിക്കുക. പ്രായമായവർ വീഴാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക.
വായുമലിനീകരണം ഒഴിവാക്കുക: മലിനമായ വായുവുമായി ദീർഘകാലം സമ്പർക്കം ഡിമെൻഷ്യയുടെ സാധ്യത വർധിപ്പിക്കാം.
