ആദ്യ മയക്കു വെടി നൽകി; ഓപറേഷൻ ചക്കക്കൊമ്പൻ ദൗത്യം പുരോഗമിക്കുന്നു

തൊടുപുഴ: ചിന്നക്കനാലിലെ ചക്കക്കൊമ്പൻ എന്ന കാട്ടാനക്ക് പത്ത് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ദൗത്യസംഘം ആദ്യ മയക്ക് വെടി നൽകി. ശല്യക്കാരനായ ആനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യ സംഘത്തിന്റെ നടപടിയുടെ ഭാഗമാണിത്.
ബുധനാഴ്ച പുലർച്ചെ നാലിന് ദൗത്യ സംഘം ബേസിൽ ക്യാമ്പിൽ നിന്ന് പുറപ്പെട്ടിരുന്നു. അഞ്ച് മണിയോടെ 301 കോളനിക്ക് സമീപം ഡ്രോൺ ഉപയോഗിച്ച് ആനയെ കണ്ടെത്തി. 80 ഏക്കറിലേക്ക് നീങ്ങിയ ഒറ്റയാന്റെ ഒരു കിലോമീറ്റർ അടുത്ത വരെ ദൗത്യ സംഘം എത്തി.
എന്നാൽ, പെട്ടെന്ന് തടാകം നീന്തിക്കടന്ന് ചക്കക്കൊമ്പൻ ദൗത്യസംഘത്തെ കുഴക്കി. ആന പിന്നീട് 301 കോളനിക്ക് സമീപത്തേക്ക് എത്തി. ഉച്ചയോടെ ഓമനക്കുടി ഭാഗത്ത് ചക്കക്കൊമ്പൻ എത്തിയെങ്കിലും പ്രദേശത്ത് ഒരു ചതുപ്പുള്ളതിനാൽ ദൗത്യ സംഘത്തിന് വീണ്ടും കാത്തിരിക്കേണ്ടി വന്നു.
ഉച്ചയോടെ ദൗത്യം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷച്ചതെങ്കിലും മഴയും തടസ്സമായി. ഒടുവിൽ മൂന്നേകാലോടെയാണ് മയക്ക് വെടി നിൽകിയത്. ദൗത്യസംഘത്തിന്റെ തുടർപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും വനം വകുപ്പ് പറഞ്ഞു.
ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കൂളിലാണ് ദൗത്യത്തിന്റെ ബേസ് ക്യാമ്പ് പ്രവർത്തിക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വാർഡുകളിലെ അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദൗത്യമേഖലയിലും സമീപപ്രദേശങ്ങളിലും ഡ്രോൺ കാമറകൾ, നൈറ്റ് കാമറകൾ, കാമറ ട്രാപ്പുകൾ എന്നിവയുടെ പ്രവർത്തനവും നിരോധിച്ചു.
മൂന്നാർ ഡി.എഫ്.ഒ സാജു വർഗീസിന്റെ നേതൃത്തിലാണ് ദൗത്യം. ദൗത്യത്തിന്റെ ഭാഗമായി നാല് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെ 24 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
