‘ജനപ്രതിനിധിയായിരുന്ന ഒരാൾ പറയാൻ പാടില്ലാത്തത്’; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ നടപടിയെന്ന് ആഭ്യന്തര മന്ത്രി

കണ്ണൂർ: സി.പി.എം നേതാവ് ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെയുള്ള പരാതിയിൽ തുടർനടപടിക്ക് ആഭ്യന്തര മന്ത്രിയുടെ നിർദേശം. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. പയ്യന്നൂർ പൊതുയോഗത്തിൽ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെയും ഭീഷണി പരാമർശങ്ങൾക്കെതിരെയും ആയിരുന്നു പരാതി. പൊതുസമാധാനം തകർക്കൽ, കലാപത്തിന് ആഹ്വാനം, വധഭീഷണി തുടങ്ങിയ വിഷയങ്ങൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു ജനപ്രതിനിധി ഒരിക്കലും പറയാൻ പരാമർശങ്ങളാണ് ടി.ഐ. മധുസൂദനൻ നടത്തിയതെന്നും സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് ഇക്കാര്യം കാണുന്നത്. നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളെ ന്യായീകരിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായ നടപടികൾ പൊലീസോ സർക്കാറോ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും മധുസൂദനന്റെ കൊലവിളി പ്രസംഗം വിശകലനം ചെയ്ത ശേഷം കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

മുന്‍ പയ്യന്നൂര്‍ എം.എല്‍.എ മധുസൂധനന്റെ പ്രസ്താവന ഞാന്‍ വായിച്ചു. വളരെ ഗൗരവത്തിലാണ് ആഭ്യന്തരവകുപ്പ് ആ പ്രസ്താവനയെ കാണുന്നത്. പ്രസംഗത്തിന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുമെന്നും പ്രസംഗത്തിന്റെ പൂര്‍ണ വിവരം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിന്റെ ഫുള്‍ ടെക്സ്റ്റ് എടുത്ത ശേഷം നിയമപരമായി എന്ത് ചെയ്യാന്‍ സാധിക്കും എന്നത് പരിശോധിക്കുകയാണ്. നാട്ടിൽ കലാപത്തിന് ആഹ്വാനം ചെയ്യുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതല്ല രാഷ്ട്രീയ നേതാക്കന്മാരുടെയും മുൻ എം.എൽ.എമാരുടെയും ചുമതലയെന്നും സി.പി.എം നേതൃത്വവും ആ കാര്യത്തിൽ ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂരിൽ നടന്ന ഡി.വൈ.എഫ്‌.ഐയുടെ പരിപാടിയിലായിരുന്നു ടി.ഐ മധുസൂദനൻ കൊലവിളി പ്രസംഗം നടത്തിയത്. കണക്ക്പറയേണ്ടത് പാര്‍ട്ടി പറഞ്ഞു തന്നെ തീര്‍ക്കും. അഞ്ച് പേരെ ചുട്ടുകൊന്ന ചീമേനിയിലെ സംഭവത്തിൽ പ്രതികലെ കോടതി വെറുതെ വിട്ടു. പക്ഷേ, അവരാരും ഇന്ന് ജീവനോടെ ഇല്ലെന്നായിരുന്നു ടി.ഐ മധുസൂദനൻ പ്രസംഗത്തിൽ മുഖ്യമായും പരാമർശിച്ചിരുന്നത്.