‘ഷാഫിയെ നോവിച്ചാൽ നോക്കിയിരിക്കില്ല’; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിന് പിന്നാലെ പാലക്കാടും ഫ്ലക്സ്

പാലക്കാട്: രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണങ്ങൾക്ക് പിന്നാലെ ഷാഫി പറമ്പിൽ എം.പിക്ക് പിന്തുണയുമായി കണ്ണൂരിലും പാലക്കാടും ഫ്ലക്സ് ബോർഡുകൾ. കോൺഗ്രസ് നേതൃത്വം വിവാദം പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്തുന്നതിനിടെയാണ് ഷാഫിക്ക് പരസ്യ പിന്തുണയുമായി പ്രവർത്തകർ രംഗത്തെത്തിയത്.

‘പാലക്കാടിന്റെ ഹൃദയത്തിലാണ് ഷാഫി, നോവിച്ചാൽ നോക്കിയിരിക്കില്ല’ എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം യൂത്ത് കോൺഗ്രസ്, കെ.എസ്.യു എന്നിവയുടെ പേരിൽ നിരവധി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. രാജ്മോഹൻ ഉണ്ണിത്താന്റെ പ്രസ്താവനക്കെതിരെ ഷാഫി അനുകൂല കോൺഗ്രസ് പ്രവർത്തകർ വിവിധ രീതിയിൽ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടത്.

കണ്ണൂരിലും ഷാഫി പറമ്പിലിന് പിന്തുണയുമായി യൂത്ത് കോൺഗ്രസിന്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ‘ഒരു കുപ്രചാരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ’ എന്നെഴുതിയ ബോർഡുകളാണ് കണ്ണൂർ ഡി.സി.സി ഓഫിസ് പരിസരത്തും സ്റ്റേഡിയം ജങ്ഷനിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലുമായി സ്ഥാപിച്ചത്.

രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണങ്ങൾക്ക് പിന്നാലെ നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ഷാഫിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിവിധ ജില്ലകളിൽ പ്രവർത്തകർ ഫ്ലക്സ് ബോർഡുകളിലൂടെ പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത്.