ബാറുകളില്‍ നിന്ന് മാസപ്പടി: സാംബശിവറാവു അഴിമതി ആരോപിച്ച എക്‌സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

തിരുവനന്തപുരം: മുൻ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു അഴിമതി ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. എറണാകുളം ജോയിന്റ് കമ്മീഷണർ വിനോദ് കുമാറിനെയും ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണർ കെ.ആർ അജയിയെയുമാണ് സ്ഥലം മാറ്റിയത്.

എറണാകുളം ജോയിന്റ് കമ്മീഷണർ വിനോദ് കുമാറിനെ വിമുക്തിയുടെ ചുമതലയിലേക്കാണ് മാറ്റിയത്. ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണർ കെ.ആർ അജയിയെ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായാണ് നിയമിച്ചത്.

കോഴിക്കോട് നോർത്ത് സോൺ ജോയിന്റ് കമ്മീഷണറായിരുന്ന ഷിബു വൈ. എറണാകുളം ജോയിന്റ് കമ്മീഷണറാകും. സിറാം സാംബശിവ റാവു അഴിമതി ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥരാണ് വിനോദ് കുമാറും അജയ് യും. വിമുക്തി ചുമതലയുണ്ടായിരുന്ന രാജേഷ് വി, എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ജോയിന്റ് കമ്മീഷണറാകും. സുരേഷ് കെ.എസ് കോഴിക്കോട് നോർത്ത് സോൺ ജോയിന്റ് കമ്മീഷണറാവും.

പദവി ഒഴിയുന്നതിന് മുൻപ് മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവു സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരമായ കോഴ ആരോപണങ്ങളുണ്ടായിരുന്നത്. എസ്. വിനോദ്, ആലപ്പുഴ കെ.ആർ. അജയ് എന്നിവർ ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് എക്സൈസ് വകുപ്പ് ശിപാർശ ചെയ്തത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവായിരുന്നു മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും സമീപിച്ചത്.

പുതിയ മദ്യനയം വരുന്നതിന് മുമ്പ് മന്ത്രിയറിയാതെ ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം. ലിജുവും സാംബശിവ റാവുവും തമ്മിൽ കടുത്ത ഭിന്നത നിലനിന്നിരുന്നു. നടപടികൾ ദുരൂഹമാണെന്ന് ആരോപിച്ച് മന്ത്രി മുഖ്യമന്ത്രിയെ സമീപിച്ചതിന് തൊട്ടുപിന്നാലെ സാംബശിവ റാവുവിനെ പദവിയിൽ നിന്നും മാറ്റിയിരുന്നു. പിന്നാലെ പട്ടികവർഗ സ്പെഷ്യൽ സെക്രട്ടറിയായി പുതിയ സ്ഥാനം നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *