ലോക ചെസ്: ഇന്ന് നാലാം അങ്കം

ജവോകിർ സിന്ദറോവും ഡി ഗുകേഷും മത്സരത്തിനിടെ
ജനീവ: ആദ്യ മൂന്ന് ഗെയിമും സമനിലയിൽ. കിരീടം നിലനിർത്താനിറങ്ങിയ ഇന്ത്യയുടെ ഡി ഗുകേഷിനും, പുതു ചാമ്പ്യനാവാനെത്തിയ ഉസ്ബെകിസ്താന്റെ ജവോകിർ സിന്ദറോവിനും 1.5 പോയന്റ് വീതം. അടിയും തടയും തന്ത്രങ്ങളുമായി ആവേശകരമായി മാറിയ ലോകചെസ് ചാമ്പ്യൻഷിപ്പിൽ ശനിയാഴ്ച നാലാം അങ്കം.
ഒരു കളിയുടെ ഫലം തന്നെ കിരീട വിജയത്തിൽ അതിനിർണായകമായി മാറുമെന്ന നിലയിലാണ് മത്സരം പുരോഗമിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കുന്ന നാലാം ഗെയിമിൽ ഗുകേഷ് വെളുപ്പിലും, സിന്ദറോവ് കറുപ്പിലും കരുക്കൾ നീക്കും. ഏറ്റവും ഒടുവിൽ വ്യാഴാഴ്ച നടന്ന മൂന്നാം റൗണ്ടിൽ 60 നീക്കങ്ങൾക്കൊടുവിലായിരുന്നു ഇരുവരും സമനില സമ്മതിച്ചത്.
