സർക്കാർ മാറിയപ്പോൾ നിയമനവും കുറഞ്ഞോ? പി.എസ്.സിയിൽ ഈവർഷം 10,000 നിയമനങ്ങൾ കുറയുമെന്ന് കെഎൻ ബാലഗോപാൽ

കൊല്ലം: യു.ഡി.എഫ് സർക്കാറിന്റെ നയം കാരണം മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വർഷം പി.എസ്.സി വഴി പതിനായിരത്തോളം നിയമനങ്ങൾ കുറയുമെന്ന് മുൻ ധനമന്ത്രിയും എം.എൽ.എയുമായ കെ.എൻ. ബാലഗോപാൽ.

എൽ.ഡി.എഫ് സർക്കാർ ശരാശരി 30,000-35,000 വരെ നിയമനങ്ങൾ പ്രതിവർഷം നടത്തിയിരുന്നിടത്ത് ഈ വർഷം 25,000 പോലും എത്താത്ത സ്ഥിതിയാണെന്ന് കൊല്ലത്ത് വാർത്തസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

മുൻ വർഷം 900ലേറെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച വിജ്ഞാപനങ്ങളാണ് പി.എസ്.സി പുറപ്പെടുവിച്ചിരുന്നത്. എന്നാൽ, ഈ വർഷം ഇതുവരെ 200ഓളം വിജ്ഞാപനം മാത്രമാണ് വന്നത്. ഇത് പി.എസ്.സി നിയമനങ്ങളെ സർക്കാർ അട്ടിമറിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവാണെന്ന് ബാലഗോപാൽ പറഞ്ഞു.

പി.എസ്.സിയുടെ വാതിൽ സംസ്ഥാന സർക്കാർ കൊട്ടിയടച്ചിരിക്കുകയാണ്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും നിയമനങ്ങൾ നടത്തുന്നതിലും സർക്കാർ വീഴ്ച വരുത്തുന്നു. പി.എസ്.സി നിയമനങ്ങൾ മന്ദഗതിയിലാക്കുന്നത് സർക്കാർ ചെലവും ബാധ്യതയും കുറക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

ആകെ അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരുള്ള കേരളത്തിൽ കഴിഞ്ഞ പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണകാലത്ത് മൂന്നേകാൽ ലക്ഷം പേർക്ക് പി.എസ്.സി വഴി നിയമനം നൽകി. എന്നാൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും നികത്തുന്നതും സർക്കാർ വൈകിപ്പിക്കുകയാണ്.

ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സെക്രട്ടറിതലത്തിൽ ആലോചിക്കണമെന്ന തീരുമാനം കരാർ നിയമനങ്ങൾക്കുവേണ്ടിയുള്ള നീക്കമാണ്. പി.എസ്.സി വഴിയുള്ള സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിനെയും (കെ.എ.എസ്) അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. പരീക്ഷ എഴുതി സർവിസിൽ പ്രവേശിച്ചവരുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് ശ്രമം. ഡോണൾഡ് ട്രംപല്ല കേരളം ഭരിക്കുന്നതെന്നും വി.ഡി. സതീശൻ ട്രംപിനെ പഠിക്കുകയാണെന്നും ബാലഗോപാൽ വിമർശിച്ചു.