തിരുപ്പരന്‍കുണ്‍ട്രത്തെ കല്‍ത്തൂണില്‍ ദീപം തെളിയിച്ചു; സുപ്രിംകോടതി വിധി നടപ്പാക്കി

ചെന്നൈ: മധുര തിരുപ്പരന്‍കുണ്‍ട്രത്തെ മലമുകളില്‍ ദര്‍ഗക്കു സമീപത്തെ കല്‍ത്തൂണില്‍ സുപ്രിംകോടതി ഉത്തരവ് പ്രകാരം ദീപം തെളിയിച്ചു. സുപ്രിം കോടതി നിയോഗിച്ച റിസീവര്‍മാരുടെ മേല്‍നോട്ടത്തിലാണ് വൈകീട്ട് അഞ്ചോടെ ദീപം തെളിയിച്ചത്. സിആര്‍പിഎഫിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. മലമുകളിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. 50 പേരടങ്ങുന്ന സംഘമാണ് മലമുകളിലെത്തി ദീപം തെളിച്ചത്.

തര്‍ക്കവിഷയമായ കല്‍ത്തൂണില്‍ നവംബര്‍ 24ന് ഒരുതവണ ദീപം തെളിയിക്കാന്‍ നേരത്തെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കല്‍ത്തൂണില്‍ ദീപം തെളിയിക്കാതെ പതിവ് സ്ഥലമായ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിനു സമീപത്തെ ദീപമണ്ഡപത്തില്‍ തന്നെയായിരുന്നു അന്ന് ദീപം തെളിച്ചത്. ഉത്തരവ് പാലിക്കാത്തതില്‍ സുപ്രിംകോടതി തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ദീപം തെളിയിക്കാന്‍ ഉത്തരവിട്ടത്.

തിരുപ്പരന്‍കുണ്‍ട്രം മലയിലെ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്ക് 50 മീറ്റര്‍ അകലെയുള്ള കല്‍ത്തൂണില്‍ വിളക്കുകൊളുത്താന്‍ അവകാശം തേടി ഹിന്ദുസംഘടനകള്‍ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചില്‍ നല്‍കിയ ഹര്‍ജിയോടെയാണു വിഷയം ആരംഭിച്ചത്. ഇങ്ങനെയൊരു ആചാരം ഉണ്ടായിരുന്നില്ലെന്നും പരമ്പരാഗതമായി മറ്റൊരു സ്ഥലത്താണ് ആചാരം നടത്തിയിരുന്നതെന്നുമായിരുന്നു ക്ഷേത്രഭരണസമിതിയുടെ വാദം. 2025 നവംബറില്‍ നിയമ-ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അന്നത്തെ ഡിഎംകെ സര്‍ക്കാര്‍ ദീപം തെളിയിക്കാന്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേ രാമ രവികുമാര്‍ എന്നയാള്‍ നല്‍കിയ ഹരജിയില്‍ മദ്രാസ് ഹൈക്കോടതി ദീപം തെളിയിക്കാന്‍ അനുമതി നല്‍കി. ഈ ഉത്തരവിനെതിരേ ടിവികെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. നവംബര്‍ 24ന് ഒരുദിവസം മാത്രം ദീപം തെളിക്കാനാണ് സുപ്രിംകോടതി അനുമതി നല്‍കിയത്. ഉത്തരവ് നടപ്പാക്കാത്തതിന് പിന്നാലെയാണ് ഇന്ന് ദീപം തെളിയിച്ചത്.

ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അനുമതി നല്‍കാത്തതാണ് നവംബർ 24ന് ദീപം തെളിക്കാന്‍ കഴിയാതിരുന്നതിന് കാരണമെന്നാണ് മധുര ജില്ലാ കലക്ടര്‍ സുപ്രിംകോടതിയില്‍ നല്‍കിയ പ്രാഥമിക സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ അറിയിച്ചത്. ഉത്തരവ് നടപ്പാക്കാനാവാത്തതില്‍ കലക്ടര്‍ നിഷാന്ത് കൃഷ്ണ നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍, പ്രഥമദൃഷ്ട്യാ സുപ്രിംകോടതി ഉത്തരവിന്റെ ലംഘനം നടന്നതായി കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇന്ന് ദീപം തെളിയിക്കാന്‍ ഉത്തരവിട്ടത്. ദീപം തെളിയിക്കുമ്പോള്‍ സുരക്ഷാ ചുമതല തമിഴ്നാട് പൊലീസില്‍ നിന്ന് മാറ്റി. സിആര്‍പിഎഫിനാണ് കോടതി ചുമതല നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *