അണ്ടർ 17 ലോകകപ്പ്: താൻസാനിയയെ തകർത്ത് അയർലൻഡ് നോക്കൗട്ടിൽ; മർഫിക്ക് ഇരട്ട ഗോൾ

ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിൽ താൻസാനിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അയർലൻഡ് നോക്കൗട്ട് റൗണ്ടിൽ കടന്നു. കിലിയൻ മർഫിയുടെ ഇരട്ട ഗോളും ഡെസ്മണ്ട് ആംസ്ട്രോങ്ങിന്റെ ഗോളുമാണ് അയർലൻഡിന് വിജയം സമ്മാനിച്ചത്. ഗ്രൂപ് ഐയിൽ ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് അയർലൻഡിന്റെ മുന്നേറ്റം.
കളിയുടെ ആറാം മിനിറ്റിൽ റയാൻ ഷെരിഡന്റെ അസിസ്റ്റിൽ കിലിയൻ മർഫിയിലൂടെ അയർലൻഡ് ലീഡ് നേടി. തിരിച്ചടിക്കാൻ തുടർച്ചയായി മുന്നേറ്റങ്ങൾ നടത്തിയ താൻസാനിയ 18ാം മിനിറ്റിൽ ലുക്മാൻ മബാലസലുവിലൂടെ സമനില പിടിച്ചു.
എന്നാൽ, താൻസാനിയയുടെ സമനില ആഘോഷത്തിന് അധികം ആയുസ്സുണ്ടായില്ല. റയാൻ ഷെരിഡന്റെ പാസിൽനിന്ന് മർഫി വീണ്ടും വലകുലുക്കിയതോടെ അയർലൻഡ് ലീഡ് തിരിച്ചുപിടിച്ചു. പിന്നാലെ ഡാനിയുടെ അസിസ്റ്റിൽ ഡെസ്മണ്ട് ആംസ്ട്രോങ്ങും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയിൽതന്നെ സ്കോർ 3-1 ആയി.
രണ്ടാം പകുതിയിൽ തിരിച്ചുവരവിനായി താൻസാനിയ കിണഞ്ഞുശ്രമിച്ചെങ്കിലും അയർലൻഡിന്റെ പ്രതിരോധം മറികടക്കാനായില്ല. ഗ്രൂപ് ഐയിൽനിന്ന് ബ്രസീലിനൊപ്പം അയർലൻഡും നോക്കൗട്ടിലേക്ക് മുന്നേറിയപ്പോൾ താൻസാനിയയും കോസ്റ്ററിക്കയും പുറത്തായി.
