പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റാൽ എന്തുചെയ്യണം? അറിയണം ഈ നിയമപരമായ വഴികൾ

അറസ്റ്റ് ചെയ്യപ്പെട്ടാൽ പിന്നെ പൊലീസിന് എന്തും ചെയ്യാമെന്ന ധാരണ തെറ്റാണ്. കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയാണെങ്കിലും അയാൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുണ്ട്. ചോദ്യം ചെയ്യാനോ നിയമാനുസൃതമായി കസ്റ്റഡിയിൽ വയ്ക്കാനോ പൊലീസിന് അധികാരമുണ്ടെങ്കിലും മർദിക്കാനോ പീഡിപ്പിക്കാനോ ബലമായി കുറ്റസമ്മതം നടത്തിക്കാനോ അധികാരമില്ല.കസ്റ്റഡിയിൽ കഴിയുമ്പോൾ മർദനമേറ്റാൽ എന്തുചെയ്യണം? ആരോടാണ് പരാതി പറയേണ്ടത്? പൊലീസ് തന്നെ പ്രതിസ്ഥാനത്തുള്ള സാഹചര്യത്തിൽ നീതി തേടാൻ എന്തൊക്കെ വഴികളുണ്ട്? അറിയാം നിയമം നൽകുന്ന പ്രധാന സംരക്ഷണങ്ങൾ.

ആദ്യം ചെയ്യേണ്ടത്: വൈദ്യപരിശോധനയും തെളിവുകളും

കസ്റ്റഡിയിലിരിക്കെ മർദനമേറ്റാൽ ഉടൻതന്നെ വൈദ്യസഹായം ആവശ്യപ്പെടണം. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോൾ മർദനവിവരം നേരിട്ട് അറിയിച്ച് സ്വതന്ത്ര വൈദ്യപരിശോധനയ്ക്ക് നിർദേശിക്കണമെന്ന് ആവശ്യപ്പെടാം. ശരീരത്തിലെ മുറിവുകൾ, ചതവുകൾ, നീർവീക്കം തുടങ്ങിയ എല്ലാ പരിക്കുകളും മെഡിക്കൽ റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.ഇവിടെ ശ്രദ്ധിക്കേണ്ട ഒരു നിയമവ്യവസ്ഥയുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ വകുപ്പ് 53 പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ ഉടൻതന്നെ സർക്കാർ മെഡിക്കൽ ഓഫിസറോ, സേവനം ലഭ്യമല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ഡോക്ടറോ പരിശോധിക്കണം. ശരീരത്തിലെ പരിക്കുകളും അക്രമത്തിന്റെ അടയാളങ്ങളും അവ ഉണ്ടായ സമയത്തെക്കുറിച്ചുള്ള ഏകദേശ വിവരവും പരിശോധനാ റിപ്പോർട്ടിൽ രേഖപ്പെടുത്തണം. റിപ്പോർട്ടിന്റെ പകർപ്പ് അറസ്റ്റിലായ വ്യക്തിക്കോ അയാൾ നിർദേശിക്കുന്ന വ്യക്തിക്കോ നൽകുകയും വേണം.പരിശോധനയ്ക്കുശേഷമാണ് മർദനമേറ്റതെങ്കിൽ വീണ്ടും വൈദ്യപരിശോധന ആവശ്യപ്പെടാം. പരിക്കുകളുടെ ഫോട്ടോകൾ, ആശുപത്രി രേഖകൾ, ചികിത്സാ രേഖകൾ എന്നിവയും സൂക്ഷിക്കണം.

മജിസ്‌ട്രേറ്റിനോട് നേരിട്ട് പരാതി പറയാം

അറസ്റ്റിലായ വ്യക്തിയെ സാധാരണയായി 24 മണിക്കൂറിനുള്ളിൽ യാത്രാസമയം ഒഴിവാക്കി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. ഈ സമയത്താണ് കസ്റ്റഡിയിൽ മർദനമേറ്റ വിവരം നേരിട്ട് കോടതിയെ അറിയിക്കാൻ കഴിയുക.

അഭിഭാഷകൻ കൂടെയില്ലെങ്കിലും മജിസ്‌ട്രേറ്റിനോട് പരാതി പറയാം. മർദനം നടന്ന സമയം, സ്ഥലം, പരിക്കുകളുടെ സ്വഭാവം, സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എന്നിവ കഴിയുന്നത്ര വ്യക്തമായി അറിയിക്കണം.ആവശ്യമായാൽ സ്വതന്ത്ര വൈദ്യപരിശോധന, മെഡിക്കൽ രേഖകൾ പരിശോധിക്കൽ, പരാതി രേഖപ്പെടുത്തൽ, തുടർപീഡനം തടയാനുള്ള സംരക്ഷണം തുടങ്ങിയ നടപടികൾ ആവശ്യപ്പെടാം. പരാതി കോടതിയുടെ രേഖകളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടാം.

ജയിലിലെത്തിയാലും പരാതി നൽകാം

റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയാൽ ജയിൽ സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകാം. ജയിൽ ഭരണസംവിധാനം പോലീസിൽനിന്ന് വ്യത്യസ്തമായതിനാൽ കസ്റ്റഡി മർദനത്തെക്കുറിച്ചുള്ള പരാതി അവിടെയും അറിയിക്കാം.പരാതിയിൽ മർദനം നടന്ന തീയതി, സമയം, സ്ഥലം, പരിക്കുകൾ, സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തണം. ഡോക്ടറുടെ പരിശോധനയും ചികിത്സയും ആവശ്യപ്പെടാം. പരാതി സ്വീകരിച്ചതിന്റെ രേഖയോ പകർപ്പോ കൈവശം സൂക്ഷിക്കുന്നതും നല്ലതാണ്.

പൊലീസ് തന്നെ പരാതി സ്വീകരിച്ചില്ലെങ്കിലോ?

മർദനത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുന്നവർ പൊലീസ് ഉദ്യോഗസ്ഥരായിരിക്കുമ്പോൾ അതേ സ്റ്റേഷനിൽ പരാതി നൽകുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാകാം. അത്തരം സാഹചര്യത്തിൽ മേലുദ്യോഗസ്ഥരെ സമീപിക്കാം.ജില്ല പൊലീസ് മേധാവി (എസ്.പി), സിറ്റി പൊലീസ് കമീഷണർ, സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി) എന്നിവർക്ക്​ രേഖാമൂലം പരാതി നൽകാം. സംഭവത്തിന്റെ വിശദാംശങ്ങൾക്കൊപ്പം മെഡിക്കൽ രേഖകളും ലഭ്യമായ മറ്റ് തെളിവുകളും ചേർക്കണം.പരാതി നൽകിയിട്ടും കുറ്റകൃത്യം വെളിപ്പെടുത്തുന്ന വിവരം രേഖപ്പെടുത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചാൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ വകുപ്പ് 173(4) പ്രകാരം ബന്ധപ്പെട്ട എസ്.പിക്ക് രേഖാമൂലം, തപാൽ വഴി പരാതി അയക്കാം. അവിടെയും നടപടിയുണ്ടായില്ലെങ്കിൽ വകുപ്പ് 175(3) പ്രകാരം സത്യവാങ്മൂലം സഹിതം മജിസ്‌ട്രേറ്റിനെ സമീപിച്ച് അന്വേഷണം ആവശ്യപ്പെടാം.

മനുഷ്യാവകാശ കമീഷനെയും സമീപിക്കാം

കസ്റ്റഡി മർദനം മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരാവുന്ന വിഷയമാണ്. അതിനാൽ കേരള സംസ്ഥാന മനുഷ്യാവകാശ കമീഷനെയോ ദേശീയ മനുഷ്യാവകാശ കമീഷനെയോ സമീപിക്കാം. ഇരയായ വ്യക്തിക്കു മാത്രമല്ല, അയാൾക്കുവേണ്ടി മറ്റൊരാൾക്കും പരാതി നൽകാം.

കേരള സംസ്ഥാന മനുഷ്യാവകാശ കമീഷൻ പരാതികൾ മലയാളത്തിലും ഇംഗ്ലീഷിലും സ്വീകരിക്കുന്നുണ്ട്. പരാതി നൽകുന്നതിന് ഫീസ് ഈടാക്കുന്നില്ല. സംഭവത്തിന്റെ വിശദാംശങ്ങൾക്കൊപ്പം മെഡിക്കൽ റിപ്പോർട്ടുകൾ, കോടതി രേഖകൾ, ഫോട്ടോകൾ, പരാതികളുടെ പകർപ്പുകൾ തുടങ്ങിയവ നൽകാം.കമ്മീഷന് അന്വേഷണം നടത്തി ബന്ധപ്പെട്ട അധികാരികൾക്ക് നടപടികൾ ശുപാർശ ചെയ്യാനും ഇരയ്ക്കോ കുടുംബത്തിനോ ഇടക്കാല ആശ്വാസം നൽകാൻ ശുപാർശ ചെയ്യാനും അധികാരമുണ്ട്.

ഹൈകോടതിയെയും സമീപിക്കാം

കസ്റ്റഡി മർദനം, നിയമവിരുദ്ധ തടങ്കൽ, ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും ഭീഷണി തുടങ്ങിയ ഗുരുതര സാഹചര്യങ്ങളിൽ ഭരണഘടനയുടെ 226-ാം അനുച്ഛേദപ്രകാരം ഹൈകോടതിയെ സമീപിക്കാം.കേസിന്റെ സാഹചര്യങ്ങൾ അനുസരിച്ച് സ്വതന്ത്ര അന്വേഷണം, സംരക്ഷണം, നിയമവിരുദ്ധ തടങ്കലിൽനിന്നുള്ള മോചനം, നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കാം.

സുപ്രീംകോടതിയുടെ ഡി.കെ. ബസു മാർഗനിർദേശങ്ങൾ

അറസ്റ്റിലും കസ്റ്റഡിയിലും പൊലീസ് പാലിക്കേണ്ട പ്രധാന മാർഗനിർദേശങ്ങൾ 1997-ലെ ഡി.കെ. ബസു കേസിൽ (D.K. Basu v. State of West Bengal) സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ വിവരങ്ങൾ രേഖപ്പെടുത്തുക, അറസ്റ്റ് മെമ്മോ തയ്യാറാക്കുക, അറസ്റ്റിന്റെ വിവരം ബന്ധുവിനെയോ സുഹൃത്തിനെയോ അറിയിക്കുക, കസ്റ്റഡിയിലുള്ള വ്യക്തിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുക തുടങ്ങിയ സുരക്ഷാ നടപടികൾ ഇതിൽ ഉൾപ്പെടുന്നു.

തെളിവുകൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക

കസ്റ്റഡി മർദനക്കേസുകളിൽ തെളിവുകൾക്ക് വലിയ പ്രാധാന്യമുണ്ട്. അതിനാൽ ലഭ്യമായ രേഖകളും വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കണം.പൊലീസ് സ്റ്റേഷനിലെയോ കസ്റ്റഡി കേന്ദ്രത്തിലെയോ സി.സി.ടി.വി ദൃശ്യങ്ങൾ പ്രധാന തെളിവാകാം.

മർദനാരോപണം വ്യാജമാണെങ്കിൽ പൊലീസിന് എന്തുചെയ്യാം?

കസ്റ്റഡിയിൽ മർദിച്ചെന്ന ഒരാളുടെ ആരോപണം ശരിയാണെന്ന് മുൻകൂട്ടി തീരുമാനിക്കാനോ വ്യാജമാണെന്ന് തള്ളാനോ കഴിയില്ല. ആരോപണത്തിന്റെ വസ്തുത അന്വേഷിച്ചാണ് നടപടി സ്വീകരിക്കേണ്ടത്. മർദനം നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ വാദമെങ്കിൽ, കസ്റ്റഡി രേഖകൾ, മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾ, സി.സി.ടി.വി ദൃശ്യങ്ങൾ, ഡ്യൂട്ടി രേഖകൾ തുടങ്ങിയ തെളിവുകൾ ഹാജരാക്കി ആരോപണം തെറ്റാണെന്ന് സ്ഥാപിക്കാം. മനഃപൂർവം വ്യാജപരാതി നൽകിയെന്ന് തെളിഞ്ഞാൽ, അതിന്റെ സ്വഭാവവും ലഭ്യമായ തെളിവുകളും അനുസരിച്ച് പരാതിക്കാരനെതിരെ നിയമനടപടിയും സ്വീകരിക്കാം.കുറ്റം ചെയ്തിട്ടുണ്ടോ എന്നത് തീരുമാനിക്കേണ്ടത് കോടതിയാണ്. അതുവരെ കസ്റ്റഡിയിലുള്ള വ്യക്തിക്കും അന്തസ്സോടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെട്ടും ജീവിക്കാനുള്ള അവകാശമുണ്ട്. കസ്റ്റഡി പീഡനം നേരിടേണ്ടിവന്നാൽ ഭയന്ന് മിണ്ടാതിരിക്കാതെ വൈദ്യപരിശോധന, കോടതി, പൊലീസ് മേലധികാരികൾ, മനുഷ്യാവകാശ കമീഷൻ തുടങ്ങിയ നിയമപരമായ വഴികൾ ഉപയോഗിക്കുകയാണ് വേണ്ടത്.

Disclaimer: ഇത് പൊതുവായ നിയമവിവരമാണ്. ഓരോ സംഭവത്തിന്റെയും സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ നടപടികൾ സ്വീകരിക്കുന്നതിന് അഭിഭാഷകന്റെ നിയമോപദേശം തേടുക.

വിവരങ്ങൾക്ക് കടപ്പാട്: അഡ്വ. കെ.ബി. മോഹനൻ, കൺസ്യൂമർ കംപ്ലയിന്റ്സ് ആൻഡ് പ്രൊട്ടക്ഷൻ സൊസൈറ്റി, നോർത്ത്​ കളമശ്ശേരി).