ബസ് തൊഴിലാളിയെ അടിച്ചുകൊന്ന കേസില്‍ അഞ്ചുപേർക്ക് ജീവപര്യന്തം തടവും പിഴയും

മഞ്ചേരി: ബസ് സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസ് തൊഴിലാളിയെ സൈക്കിളിന്റെ ഫ്രീവീല്‍ കൊണ്ട് അടിച്ചുകൊന്ന കേസില്‍ അഞ്ചു പ്രതികള്‍ക്കും മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജീവപര്യന്തം തടവും അര ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
മഞ്ചേരി-കാളികാവ് റൂട്ടിലോടുന്ന കിങ്സ് ബസിലെ ജീവനക്കാരായ വാണിയമ്പലം ഏമങ്ങാട് നടുത്തൊടിക അലി അക്ബര്‍ (46), തുവ്വൂര്‍ പാലക്കല്‍വെട്ട അത്താണിക്കല്‍ അയിലാശ്ശേരി പൊറ്റെങ്ങോടന് മനോജ് (36), മേലാറ്റൂര്‍ നീലാഞ്ചേരി പകിടീരി ഫിറോസ് (41), തുവ്വൂര്‍ പാലക്കല്‍വെട്ട കാഞ്ഞിരക്കുന്നന്‍ മിഖ്ദാദ് (33), മേലാറ്റൂര്‍-മഞ്ചേരി-കോഴിക്കോട് റൂട്ടിലോടുന്ന കിങ്സ് ബസ് ഡ്രൈവര്‍ എളങ്കൂര്‍ മഞ്ഞപ്പറ്റ ചേലമഠത്തില് ജസീര്‍ (39) എന്നിവരെയാണ് ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പ്രതികള്‍ പിഴയടക്കാത്ത പക്ഷം ആറുമാസം അധിക തടവ് അനുഭവിക്കണമെന്നും പിഴയടക്കുകയാണെങ്കില്‍ തുക കൊല്ലപ്പെട്ട മുഹമ്മദ് ഉവൈസിന്റെ മാതാവിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
പീപ്ള്‍സ് ബസ് ഉടമ വള്ളുവമ്പ്രം പുല്ലാനൂര്‍ കോലോത്ത് വീട്ടില്‍ ഹംസയുടെ മകന് മുഹമ്മദ് ഉവൈസാണ് (21) കൊല്ലപ്പെട്ടത്. 2016 ഏപ്രില്‍ 13ന് മഞ്ചേരി സീതിഹാജി ബസ് ടെര്‍മിനല്‍ പരിസരത്താണ് കേസിനാസ്പദമായ സംഭവം. ബസ് ജീവനക്കാര്‍ തമ്മില്‍ നേരത്തേ സമയക്രമം സംബന്ധിച്ച് തര്‍ക്കം നിലവിലുണ്ടായിരുന്നു. ഇതിന്റെ വിരോധത്തിൽ സംഭവ ദിവസം പ്രതികള്‍ സംഘം ചേര്‍ന്ന് മുഹമ്മദ് ഉവൈസിനെയും സഹോദരനെയും ആക്രമിക്കുകയും ഒന്നാം പ്രതി സൈക്കിൾ ഫ്രീവീല്‍ കൊണ്ട് അടിച്ചു പരിക്കേൽപിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഉവൈസിനെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടറായിരുന്ന സണ്ണി ചാക്കോ, എസ്.ഐയായിരുന്ന എസ്.ബി. കൈലാസ് നാഥ് എന്നിവരായിരുന്നു കേസന്വേഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും. പ്രോസിക്യൂഷന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ടി. ഗംഗാധരന്, അഡ്വ. പി.ഇ. രാജഗോപാല്‍ എന്നിവര്‍ 36 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 29 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് ലൈസണ്‍ വിങ്ങിലെ സബ് ഇന്‍സ്പെക്ടര്‍ പി. ഷാജിമോന്‍, എസ്.സി.പി.ഒ ശ്രീശോഭ് എന്നിവര്‍ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതികളെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
