എയ്ഡഡ് കോളജുകളും സ്വകാര്യ സർവകലാശാലയാക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള എയ്ഡഡ്/സ്വാശ്രയ കോളജുകളും സ്വകാര്യ സർവകലാശാലയാക്കാം. ഈ സ്ഥാപനങ്ങളുടെ ഭൂമിയും സൗകര്യങ്ങളും സർക്കാർ നിബന്ധനകൾക്ക് വിധേയമായി സ്വകാര്യ സർവകലാശാലക്കായി ഉപയോഗിക്കുകയോ, അതിന്റെ ഭാഗമാക്കുകയോ ചെയ്യാം. ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്ന സ്വകാര്യ സർവകലാശാല ബില്ലിലാണ്, നിലവിൽ സർക്കാർ ശമ്പളവും ആനുകൂല്യങ്ങളും നൽകുന്ന എയ്ഡഡ് സ്ഥാപനങ്ങൾക്കു പോലും സ്വകാര്യ സർവകലാശാലയായി മാറാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയത്. എന്നാൽ, ഇതിന് സർക്കാർ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ബില്ലിൽ വ്യക്തമാക്കിയിട്ടില്ല. ഇത് പിന്നീട് തീരുമാനിക്കും.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് എയ്ഡഡ് സ്ഥാപനങ്ങൾ പദവി നിലനിർത്തി കൽപിത സർവകലാശാല പദവിക്കായി എൻ.ഒ.സിക്ക് അപേക്ഷിച്ചെങ്കിലും നിരസിച്ചിരുന്നു. പുതിയ യു.ഡി.എഫ് സർക്കാർ ഇതിനുള്ള അനുമതിനീക്കം നടത്തുന്നതിനിടെയാണ് എയ്ഡഡ് സ്ഥാപനങ്ങളെ സ്വകാര്യ സർവകലാശാലയുടെ ഭാഗമാക്കാനുള്ള വ്യവസ്ഥ കൂടി ബില്ലിൽ ഉൾപ്പെടുത്തിയത്. നേരത്തെ, യു.ഡി.എഫ് എതിർത്ത മൾട്ടി കാമ്പസ് (ഒന്നിലധികം കാമ്പസ്) വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പല വിഷയങ്ങൾ ഒരേസമയം പഠിപ്പിക്കുന്ന മൾട്ടി ഡിസിപ്ലിനറി സർവകലാശാലയാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
സംസ്ഥാനത്തിന് പുറത്തും വിദേശത്തും ഓഫ്ഷോർ കാമ്പസും തുടങ്ങാം. എന്നാൽ, കോളജുകൾക്ക് അഫിലിയേഷൻ നൽകാൻ പാടില്ല. സർക്കാർ നിശ്ചയിക്കുന്ന തുക സർവകലാശാല സ്ഥാപിക്കുന്ന സ്പോൺസറിങ് ബോഡി എൻഡോവ്മെൻറ് ഫണ്ടായി നിക്ഷേപിക്കണം. എൽ.ഡി.എഫ് കാലത്ത് നിയമസഭ പാസാക്കുകയും യു.ഡി.എഫ് സർക്കാർ പിൻവലിക്കുകയും ചെയ്ത ബില്ലിൽ ഇത് 25 കോടിയായിരുന്നു.
ഒരു സ്ഥലത്തെങ്കിലും കുറഞ്ഞത് ഒന്നിച്ച് 10 ഏക്കർ ഭൂമി വേണം. മൾട്ടി കാമ്പസ് സർവകലാശാലകൾക്ക് ആസ്ഥാനം/രജിസ്ട്രേഡ് ഓഫിസ് സ്ഥലത്ത് 20 ഏക്കർ വേണം. ഭൂമി മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നെങ്കിൽ സർക്കാറിന്റെ മുൻകൂർ അനുമതി വേണം. മുൻകൂർ അനുമതിയോടെ ഭൂമി പണയപ്പെടുത്തി വായ്പയെടുക്കാം.
