
ബ്രസീലിയൻ താരം റഫീഞ്ഞയുടെ ഹാട്രിക് കരുത്തിൽ ഡിപോർട്ടീവോ ലാ കൊറൂണയെ 5–1ന് തകർത്ത് ബാഴ്സലോണ. ഡാനി ഒൽമോയും ലാമിൻ യമാലും കൂടി സ്കോർ ചെയ്തതോടെ എതിരാളികളുടെ തട്ടകത്തിൽ ഗംഭീര ജയമാണ് ഹാൻസി ഫ്ലിക്കിന്റെ സംഘം സ്വന്തമാക്കിയത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണ റയൽ മഡ്രിഡുമായുള്ള അകലം അഞ്ചു പോയന്റാക്കി ഉയർത്തി.
മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ യമാലിലൂടെ ബാഴ്സ ലീഡ് നേടി. എന്നാൽ അധികം വൈകാതെ മുൻ ബാഴ്സ താരം കൂടിയായ പിയറി-എമെറിക് ഒബമെയാങ് ഡിപോർട്ടീവോയ്ക്കായി സമനില ഗോൾ നേടി. പൗ കുബാർസിയെ മറികടന്ന് മുന്നേറിയ താരം ഗോൾകീപ്പർ ജോവാൻ ഗാർസിയയെ കീഴടക്കി പന്ത് വലയിലെത്തിച്ചു.
ഗോളിന് പിന്നാലെ ഡിപോർട്ടീവോ ആക്രമണം ശക്തമാക്കിയെങ്കിലും ബാഴ്സ പതിയെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ആന്റണി ഗോർഡൻ ഇടതുവശത്തുനിന്ന് നൽകിയ മനോഹരമായ ക്രോസിൽ ഡാനി ഒൽമോ ഹെഡറിലൂടെ ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ ലീഡ് ഉയർത്താൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഡിപോർട്ടീവോ ഗോൾകീപ്പർ ലിയോ റോമാന്റെ മികച്ച സേവുകൾ ബാഴ്സയുടെ മുന്നേറ്റങ്ങൾക്ക് തടസ്സമായി.
രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച ബാഴ്സയ്ക്കുവേണ്ടി 50-ാം മിനിറ്റിൽ യമാലിന്റെ കൃത്യമായ ക്രോസിൽ തലവെച്ച് റഫീഞ്ഞ ലീഡ് രണ്ടാക്കി. പത്ത് മിനിറ്റ് ശേഷിക്കെ ഗോർഡന്റെ ഷോട്ടിൽനിന്ന് ലഭിച്ച റീബൗണ്ട് വലയിലെത്തിച്ച് താരം രണ്ടാം ഗോൾ നേടി. നാലാം ഗോളിന് പിന്നാലെ ഡിപോർട്ടീവോ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഒബമെയാങിന്റെ ശ്രമം ജൂൾസ് കുണ്ടെ ഗോൾവരയിൽ തടഞ്ഞു. സക്കറിയയുടെ ശ്രമം ജോവാൻ ഗാർസിയയും തടുത്തു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ യമാലിന്റെ പാസിൽ അനായാസം പന്ത് വലയിലെത്തിച്ച് റഫീഞ്ഞ ഹാട്രിക് പൂർത്തിയാക്കി. ഇതോടെ റിയാസോറിൽ ബാഴ്സയുടെ അഞ്ചാം ഗോളും പിറന്നു.
വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ക്ലബ് സ്ഥാപിതമായതിന്റെ 127-ാം വാർഷിക ദിനത്തിലാണ് ബാഴ്സലോണ റിയാസോറിൽ തകർപ്പൻ വിജയം സ്വന്തമാക്കിയത്. സ്ഥാപകദിനം അഞ്ചു ഗോൾ വിജയത്തോടെ ആഘോഷമാക്കാനും കറ്റാലൻ സംഘത്തിനായി.


