3 അടിച്ച് അർജൻ്റീന; മെസ്സി പട ഫൈനലിൽ
ലയണല്‍ മെസ്സിയുടെ നെടുനായകത്വത്തില്‍ അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഏകപക്ഷീയമായ മൂന്ന് ഗോളിന് ക്രൊയേഷ്യയെ തകര്‍ത്താണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ കലാശപ്പോരിലെത്തിയത്.
ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോള്‍ നേടി. ഡ്രിബിളിംഗും മുന്നേറ്റവും പാസ്സുകളുമൊക്കെയായി മെസ്സിയുടെ ക്ലാസിക് പ്രകടനത്തിന് കൂടിയാണ് ലുസൈല്‍ സ്റ്റേഡിയം സാക്ഷിയായത്. 2018 ലെ ക്രൊയേഷ്യയോട് 3 – 0 ന് തോറ്റ പ്രതികാരം കൂടിയാണ് മെസ്സി പട ഈ ലോക കപ്പിൽ തീർത്തത്.
റഷ്യന്‍ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ ഇതോടെ ഫൈനല്‍ കാണാതെ പുറത്തായി. ഇന്ന് നടക്കുന്ന മൊറോക്കോ – ഫ്രാന്‍സ് സെമിയിലെ ജേതാക്കളെയാണ് അർജൻ്റീന ഞായറാഴ്ച നേരിടുക.