മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് പോകുമ്പോൾ നെറ്റിയിലെ കുറി മായ്ച്ച് സ്ഥാനാർഥി; എൽ.ഡി.എഫ് വീഡിയോക്കെതിരെ വൻ പ്രതിഷേധം

kerala, malappuram, local news, the journal, journal, times, malayalam news,

 

കാസാർകോട്: ലോക്സഭാ മണ്ഡലം യു.ഡി.ഫ് സ്ഥാനാർഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരായ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോക്കെതിരെ പ്രതിഷേധം ശക്തം. എൽ.ഡി.എഫിന്റേത് വർഗീയ പ്രചാരണമാണെന്നാണ് ആക്ഷേപം.

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് യു.ഡി.എഫ് സ്ഥാനാർഥിക്ക് പ്രചാരണത്തിന് ഇറങ്ങാൻ നെറ്റിയിലെ കുറി മായ്ച്ച് കളയണമെന്നും കൈയിലെ ചരടുകൾ പൊട്ടിച്ചു മാറ്റണമെന്നും മുണ്ട് ഇടത്തോട്ട് ഉടുക്കണമെന്നും പറയുന്ന വീഡിയോയാണ് എൽ.ഡി.എഫ് പുറത്തിറക്കിയത്.

എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ബാലകൃഷ്ണൻ്റെയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി.എച്ച് കുഞ്ഞമ്പു എം.എൽ.എയുടെയും ഔദ്യോഗിക സാമൂഹിക മാധ്യമ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ വീഡിയോ നീക്കം ചെയ്തു.

വീഡിയോക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് മുസ്ലിം ലീഗിൻ്റെ തീരുമാനം. മുസ്‍ലിം സമുദായ​ത്തെയും മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളെയും അപമാനിക്കാനും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും അതിൽ നിന്ന് മുതലെടുപ്പ് നടത്താനുമുള്ള സി.പി.എമ്മിന്റെ ശ്രമമാണിതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനാൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ പറഞ്ഞു.

മുസ്ലിം സമുദായത്തെ ആകെ അപമാനിക്കുന്ന വീഡിയോയെ ജനങ്ങൾ വിലയിരുത്തട്ടെയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഇത്രയും വലിയൊരു വർഗീയ പാർട്ടിയെ കാസർകോട്ടെ ജനങ്ങൾ കണ്ടിട്ടില്ല. തളങ്കരയെ പോലുള്ള ഒരു സ്ഥലം വർഗീയ വാദികളുടെ ഭൂമിയായി ചിത്രീകരിച്ച സി.പി.എമ്മിന് ന്യൂനപക്ഷങ്ങൾക്ക് മറുപടി നൽകുമെന്നും ഉണ്ണിത്താൻ പറഞ്ഞു.

വർഗീയ പ്രചാരണത്തിൽ സി.പി.എം ബി.ജെ.പിയെ മറികടന്നതായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ആരോപിച്ചു. കാസർകോടിന്റെ പാരമ്പര്യത്തിനും സാംസ്കാരിക പൈതൃകത്തിനും ഏറ്റ മുറിവാണിത്. ഈ മുറിവ് ഏൽപ്പിച്ചത് സി.പി.എമ്മാണ്. ഈ മുറിവ് ഉണങ്ങാൻ ഏറെ കാലമെടുക്കുമെന്നും എൻ.എ നെല്ലിക്കുന്ന് പറഞ്ഞു. വീഡിയോക്കെതിരെ തളങ്കര മേഖല മുസ്‍ലിം ലീഗ് കമ്മിറ്റി ബുധനാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നുണ്ട്.

മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ ആക്ഷേപിക്കുന്ന തരത്തിൽ വീഡിയോ പുറത്തിറങ്ങിയത് ദോഷം ചെയ്യുമെന്നാണ് എൽ.ഡി.എഫിൻ്റെ വിലയിരുത്തൽ. വീഡിയോ പുറത്തുവന്നത് സംബന്ധിച്ച് പാർട്ടിയിലും ചർച്ചയായിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *