അങ്കമാലിയിൽ ട്രാൻസ്ഫോമറിനുള്ളിൽനിന്നും മലമ്പാമ്പിനെ പിടികൂടി, പെരുമ്പാവൂരിൽ മൂർഖനെ പിടികൂടി, കോഴിക്കോട് രണ്ടിടങ്ങളിൽ രണ്ടുപേര്‍ക്ക് പാമ്പിന്റെ കടിയേറ്റു



കൊച്ചി: അങ്കമാലിയിൽ ട്രാൻസ്ഫോമറിനുള്ളിൽ കയറിയ മലമ്പാമ്പിനെ പിടികൂടി. ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം. അങ്കമാലി കരയാംപറമ്പ് മാഞ്ഞാലി തോടിന് സമീപത്തെ ട്രാൻഫോമറിലാണ് പാമ്പ് കയറിയത്. തോട്ടിലൂടെയെത്തിയ പാമ്പ് ട്രാൻസ്ഫോമറിൽ കയറുന്നത് കണ്ട പ്രദേശവാസികൾ വനംവകുപ്പിനെ വിവരമറിയിച്ചു. പിന്നീട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ഓഫ് ചെയ്യുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് വനംവകുപ്പ് മലമ്പാമ്പിനെ പിടികൂടിയത്. ട്രാൻസ്ഫോമറിനുള്ളിൽനിന്ന് പാമ്പിനെ ആദ്യം താഴെയിറക്കി. പിന്നീട് നിലത്തുനിന്ന് ചാക്കിലേക്ക് കയറ്റി. വനമേഖലയിൽനിന്ന് തോടു വഴി വന്നതാകാനാണ് സാധ്യതയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പെരുമ്പാവൂർ മണ്ണൂർ കുഴുരിൽ നിന്ന് ഇന്നലെ മൂർഖൻ പാമ്പിനെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള മാളത്തിൽ 20 ഓളം മുട്ടകൾക്ക് മേൽ അടയിരിക്കുകയായിരുന്നു മൂർഖൻ. കുട്ടികൾ കളിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു.

കോഴിക്കോട് രണ്ടിടങ്ങളിൽനിന്നും രണ്ടുപേര്‍ക്ക് പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് താമരശ്ശേരിയിൽ 20കാരിക്കാണ് പാമ്പ് കടിയേറ്റത്. താമരശ്ശേരി ചെമ്പ്ര പുലിയാറക്കുന്ന് ശിൽപക്കാണ് (20) കടിയേറ്റത്. വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിന് സമീപത്തുനിന്നാണ് കടിയേറ്റത്. രാത്രി 7.30നായിരുന്നു സംഭവം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ശിൽപ്പയെ മെഡിക്കൽ കോളജിലേക്ക് മാറ്റി.

കോഴിക്കോട് ഉള്ള്യേരിയിലും യുവാവിന് പാമ്പ് കടിയേറ്റു. ഉള്ള്യേരി പുതിയോട്ടില്‍ സുധീഷിനെയാണ് (42) വീട്ടുമുറ്റത്ത് വെച്ച് പാമ്പ് കടിച്ചത്. സുധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പാമ്പിന്‍റെ കടിയേറ്റത്.