'ലോകകപ്പ് വിൽപനക്കില്ല, അതൊരു നിക്ഷേപ ഉൽപ്പന്നവുമല്ല'; ഫിഫയുടെ സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ യുവേഫ

ജനീവ: ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ നീക്കത്തിനെതിരെ യൂറോപ്യൻ ഫുട്ബാൾ ഭരണസമിതിയായ ‘യുവേഫ’ രംഗത്ത്. ഫിഫയുടെ വിവാദ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുന്നത് വരെ ലോകകപ്പ് ഉൾപ്പെടെയുള്ള മുഴുവൻ ഫിഫ ടൂർണമെന്റുകളും ബഹിഷ്കരിക്കാൻ 55 അംഗ യൂറോപ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചു. ലോകചാമ്പ്യന്മാരായ സ്പെയിൻ ഉൾപ്പെടെയുള്ള വമ്പന്മാർ ഉൾപ്പെടുന്നതാണ് യുവേഫയുടെ ബഹിഷ്കരണ തീരുമാനം. വെർച്വലായി ചേർന്ന യുവേഫ ദേശീയ അസോസിയേഷനുകളുടെ അടിയന്തര യോഗത്തിലാണ് ലോക ഫുട്ബാളിനെ പിടിച്ചുകുലുക്കുന്ന ഈ തീരുമാനമെടുത്തത്. ഫിഫയുടെ ഈ നീക്കം ഫുട്ബാളിന്റെ ഭാവിയേക്കാൾ വാണിജ്യ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്ന് യുവേഫ ആരോപിച്ചു.

ഫിഫ ലോകകപ്പ്, ക്ലബ്ബ് ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ എന്ന പേരിൽ പുതിയൊരു ഉപകമ്പനി രൂപീകരിക്കാനാണ് ഫിഫ ലക്ഷ്യമിടുന്നത്. 20 ബില്യൺ ഡോളർ (ഏകദേശം 1.6 ലക്ഷം കോടി രൂപ) മൂല്യം കണക്കാക്കുന്ന ഈ കമ്പനിയുടെ 20 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനാണ് നീക്കം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്‌നറുടെ സഹോദരനായ ജോഷ്വ കുഷ്‌നറുടെ ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപക സ്ഥാപനമാണ് ഇതിലെ പ്രധാന നിക്ഷേപകരായി എത്തുക.

ഈ പദ്ധതി അംഗീകരിക്കുകയാണെങ്കിൽ ഫിഫയിലെ 211 അംഗരാജ്യങ്ങൾക്കും 2027 ആദ്യം 20 മില്യൺ ഡോളർ വീതം (ഏകദേശം 165 കോടിയിലധികം രൂപ) ഒറ്റത്തവണയായി നൽകുമെന്നാണ് ഇൻഫാന്റിനോയുടെ വാഗ്ദാനം. കൂടാതെ 2027-2030 കാലയളവിലേക്കുള്ള ഫിഫ ഫോർവേഡ് ഫണ്ട് 8 മില്യൺ ഡോളറിൽ നിന്ന് 20 മില്യൺ ഡോളറായി വർധിപ്പിക്കുമെന്നും ഫിഫ പറയുന്നു. സെപ്റ്റംബർ പകുതിയോടെ ഈ പദ്ധതിക്ക് അംഗരാജ്യങ്ങളുടെ അംഗീകാരം നേടിയെടുക്കാനാണ് ഫിഫയുടെ ശ്രമം.

ഫിഫയുടെ സാമ്പത്തിക നീക്കത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് 470 വാക്കുകളുള്ള ഔദ്യോഗിക പ്രസ്താവനയിലൂടെ യുവേഫ പ്രതികരിച്ചത്. ഫുട്ബോളിന്റെ ഭാവി ഏതാനും സ്വകാര്യ വ്യക്തികളുടെ ലാഭക്കൊതിക്ക് മുന്നിൽ പണയം വെക്കാൻ അനുവദിക്കില്ലെന്ന് യുവേഫ വ്യക്തമാക്കി. “ലോകകപ്പ് കച്ചവടത്തിനുള്ള ഒരു നിക്ഷേപ ഉൽപ്പന്നമല്ല. എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള കളിക്കാരും ദേശീയ ടീമുകളും ആരാധകരും തലമുറകളായി പടുത്തുയർത്തിയ ഫുട്ബോളിന്റെ ഏറ്റവും വലിയ പാരമ്പര്യമാണത്. അതിൽ ഒരു പങ്ക് പോലും സ്വകാര്യ നിക്ഷേപകർക്ക് അടിയറവ് വെക്കാൻ കഴിയില്ല. ലോകകപ്പ് വിൽക്കാനുള്ളതല്ല.” – യുവേഫ പ്രസ്താവനയിൽ പറഞ്ഞു.

പുറത്തുനിന്നുള്ള നിക്ഷേപകർ ഫിഫ ടൂർണമെന്റുകളുടെ ഉടമസ്ഥാവകാശം നേടുന്ന നിമിഷം മുതൽ ഫുട്ബാൾ എന്നെന്നേക്കുമായി മാറുമെന്ന് യുവേഫ മുന്നറിയിപ്പ് നൽകി. ഫുട്ബാളിന്റെ വളർച്ചയേക്കാൾ ഓഹരി ഉടമകളുടെ ലാഭത്തിനായിരിക്കും പിന്നീട് മുൻഗണന നൽകേണ്ടി വരികയെന്നും യുവേഫ ചൂണ്ടിക്കാട്ടി.

യുവേഫയുടെ ബഹിഷ്കരണ പ്രഖ്യാപനം അന്താരാഷ്ട്ര ഫുട്ബാളിനെ പൂർണ്ണമായും സ്തംഭിപ്പിക്കുന്നതാണ്. പദ്ധതി ഉപേക്ഷിച്ചതായി ഫിഫ രേഖാമൂലം ഉറപ്പുനൽകിയില്ലെങ്കിൽ യൂറോപ്യൻ ടീമുകൾ വിട്ടുനിൽക്കും. സെപ്റ്റംബർ 5-ന് പോളണ്ടിൽ നടക്കാനിരിക്കുന്ന ‘വുമൻസ് അണ്ടർ-20 ലോകകപ്പ്’ ആണ് ഇതിൽ ആദ്യം പ്രതിസന്ധിയിലാകുക.

കൂടാതെ ഈ ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന 2027 വനിതാ ലോകകപ്പ് യൂറോപ്യൻ യോഗ്യതാ മത്സരങ്ങളും അനിശ്ചിതത്വത്തിലാകും. ഇതിനെല്ലാം പുറമെ, സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കാനിരിക്കുന്ന 2030 പുരുഷ ലോകകപ്പിന്റെ ഭാവിയും ഇതോടെ ചോദ്യചിഹ്നമായി മാറി.

യുവേഫയുടെ ശക്തമായ നിലപാടിന് പിന്നാലെ മറ്റ് ഫുട്ബോൾ കോൺഫെഡറേഷനുകളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 211 അംഗരാജ്യങ്ങളുമായി വേണ്ടത്ര കൂടിയാലോചനകൾ നടത്താതെ ഫിഫ ഈ പദ്ധതി പരസ്യമാക്കിയതിൽ വടക്കേ അമേരിക്കൻ ഫുട്ബോൾ ഭരണസമിതിയായ കോൺകകാഫും, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനും അതൃപ്തി രേഖപ്പെടുത്തി. നിലപാട് വ്യക്തമാക്കുന്നതിന് മുമ്പ് പദ്ധതിയെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാൻ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബാൾ തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാണിജ്യ താൽപ്പര്യങ്ങൾക്കും കായിക പാരമ്പര്യത്തിനുമിടയിൽ ഫിഫ എന്ത് തീരുമാനമെടുക്കുമെന്നാണ് ഫുട്ബാൾ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.