ചരിത്രത്തിലാദ്യം; ഇന്ത്യയും ബ്രസീലും നേർക്കുനേർ: ഒക്ടോബർ 3-ന് കൊൽക്കത്തയിൽ സ്വപ്നപോരാട്ടം

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ സുവർണ്ണ നിമിഷത്തിന് വേദിയൊരുങ്ങുന്നു. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ടീം ആദ്യമായി ഇന്ത്യൻ സീനിയർ ടീമിനെതിരെ ഔദ്യോഗിക അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിറങ്ങുന്നു. 2026 ലോകകപ്പിന് ശേഷമുള്ള ബ്രസീലിന്റെ ആദ്യ ഫിഫ അന്താരാഷ്ട്ര വിൻഡോയിൽ, വരുന്ന ഒക്ടോബർ 3 ശനിയാഴ്ച കൊൽക്കത്തയിലെ പ്രശസ്തമായ വിവേകാനന്ദ യുവ ഭാരതി ക്രീരംഗനിൽ (സാൾട്ട് ലേക്ക് സ്റ്റേഡിയം) വെച്ചാണ് ഈ ചരിത്ര മത്സരം നടക്കുന്നത്. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) വാർത്താക്കുറിപ്പിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.

1992-ൽ ഫിഫ റാങ്കിങ് സമ്പ്രദായം നിലവിൽ വന്നതിനു ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും ഉയർന്ന റാങ്കിലുള്ള എതിരാളികളാണ് നിലവിൽ ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീൽ. ലോകകപ്പിന് ശേഷം സാമ്പ താളത്തിന്റെ തട്ടകമായ ബ്രസീലിന് പുറത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യയിലേക്ക് കാനറിപ്പട എത്തുമ്പോൾ, അത് ഫുട്ബാൾ ചരിത്രത്തിലെ തന്നെ പ്രധാന നാഴികക്കല്ലായി മാറും.

“ബ്രസീൽ പോലുള്ള ഒരു ലോകോത്തര ടീമിനെ സ്വാഗതം ചെയ്യാൻ കഴിയുന്നത് ഇന്ത്യൻ ഫുട്ബാളിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന സംഭവവികാസമാണ്. രാജ്യം ആവേശത്തോടെ കാത്തിരിക്കുന്ന നിമിഷമാണിതെന്നും” എ.ഐ.എഫ്.എഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എം. സത്യനാരായണൻ വ്യക്തമാക്കി.

ദേശീയ ടീമിലെ കളിക്കാരെ സംബന്ധിച്ചിടത്തോളം ഇത് കരിയറിലെ തന്നെ അപൂർവ്വ അവസരമാണെന്ന് നാഷണൽ ടീംസ് ഡയറക്ടർ സുബ്രത പോൾ അഭിപ്രായപ്പെട്ടു. “ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ രാജ്യങ്ങളിലൊന്നിനെതിരെ സ്വന്തം കഴിവ് തെളിയിക്കാൻ ലഭിക്കുന്ന ഈ അവസരം കളിക്കാർക്ക് വലിയ പ്രചോദനമാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.

2026 ലോകകപ്പിന് ശേഷമുള്ള ബ്രസീലിന്റെ ആദ്യ ഫിഫ അന്താരാഷ്ട്ര വിൻഡോയിലാണ് (സെപ്റ്റംബർ 21 – ഒക്ടോബർ 6) ഈ ഏഷ്യൻ പര്യടനം. 2028 കോപ്പ അമേരിക്കയും 2030 ലോകകപ്പും ലക്ഷ്യമിട്ട് ടീമിനെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോച്ച് കാർലോ അഞ്ചലോട്ടിയും സംഘവും എത്തുന്നത്.

ലോകകപ്പിൽ ഇന്ത്യൻ ആരാധകർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി സൂചകമായിക്കൂടിയാണ് ഈ പോരാട്ടമെന്ന് ബ്രസീൽ ടീം എക്സിക്യൂട്ടീവ് കോർഡിനേറ്റർ റോഡ്രിഗോ കെയ്റ്റാനോ പറഞ്ഞു. യുവതാരങ്ങൾക്ക് ദേശീയ കുപ്പായത്തിൽ അവസരം നൽകാനും അവരുടെ പ്രകടനം വിലയിരുത്താനും ഈ സൗഹൃദ മത്സരങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് ബ്രസീലിയൻ പരിശീലകൻ കാർലോ അഞ്ചലോട്ടിയും വ്യക്തമാക്കി.

ഇന്ത്യൻ പര്യടനത്തിന് മുന്നോടിയായി ഓസ്ട്രേലിയക്കെതിരെ രണ്ട് സൗഹൃദ മത്സരങ്ങളിൽ ബ്രസീൽ കളിക്കും. സെപ്റ്റംബർ 25-ന് ടൗൺസ്‌വില്ലിലും സെപ്റ്റംബർ 29-ന് ബ്രിസ്‌ബേനിലുമാണ് ഈ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അതിന് ശേഷമാകും ഒക്ടോബർ 3-ന് സാൾട്ട് ലേക്കിൽ ഇന്ത്യക്കെതിരെ പോരാടാൻ കാനറികൾ കൊൽക്കത്തയിലെത്തുക.