പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാം; രാജ്യസഭയില്‍ മറുപടി നല്‍കി കേന്ദ്രം

 

ന്യൂഡല്‍ഹി: പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കിയത്. പിഎം ശ്രീയില്‍ നിന്ന് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പിഎം ശ്രീ പദ്ധതി ആനുകൂല്യങ്ങള്‍ നഷ്ടമാകും. കേരളം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട ശേഷം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ല എന്നും കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചു.

കേരളത്തില്‍ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട പദ്ധതിയില്‍ നിന്ന് ഇനി പിന്മാറാനാകില്ലെന്ന വാദം മുന്‍നിര്‍ത്തിയാണ് പദ്ധതിക്ക് യുഡിഎഫ് പച്ചക്കൊടി വീശിയത്. ധനസ്ഥിതിയിലെ ഞെരുക്കം കൂടി ചൂണ്ടിക്കാട്ടിയാണ് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ധാരണയിലേക്ക് മുന്നണി യോഗമെത്തിയത്.

പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയാൽ സ്കൂളുകളുടെ പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് കൈമാറും. സംസ്ഥാന സർക്കാർ പട്ടിക അപ്‌ലോഡ് ചെയ്ത ശേഷമായിരിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അന്തിമമായി സ്കൂളുകൾ തിരഞ്ഞെടുക്കുക. സംസ്ഥാനത്തെ 152 ബ്ലോക്കുകളിലെ രണ്ട് വീതം സ്കൂളുകൾ എന്ന കണക്കിൽ 304 സ്കൂളുകൾ പദ്ധതിയിൽ ഉൾപ്പെടേണ്ടതുണ്ടെങ്കിലും നിലവിൽ 265 സ്കൂളുകൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

അതേസമയം, സിലബസിലോ വിദ്യാഭ്യാസ നയത്തിലോ കേന്ദ്രം ഇടപെടുന്ന സാഹചര്യം ഉണ്ടായാൽ എങ്ങനെ നേരിടുമെന്ന കാര്യത്തിൽ സർക്കാർ ഇതുവരെ നിയമോപദേശം തേടിയിട്ടില്ല. അത്തരം സാഹചര്യം ഉണ്ടായാൽ നിയമപരമായി നേരിടുമെന്നാണ് സർക്കാർ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *