ലോകകപ്പ്; 135 അടി നീളത്തിൽ ഫ്ലക്സ് ഒരുക്കി മങ്കരയിലെ അർജന്റീന ടീം ആരാധകർ

മങ്കര: ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനൊരുങ്ങി മങ്കരയിലെ അർജന്റീന ടീം ആരാധകർ. പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയുമാണ് പടുകൂറ്റൻ ബോർഡ് സ്ഥാപിച്ചതിന്റെ ആഹ്ലാദം പങ്കിട്ടത്. മങ്കര കണ്ണമ്പരിയാരം സന്തോഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ഞാറക്കോട്ടു കാവ് ബോയ്സ് എന്നിവയുടെ നേതൃത്വത്തിലാണ് മങ്കര കണ്ണമ്പരിയാരത്ത് സംസ്ഥാന പാതയിൽ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചത്.
135 മീറ്റർ നീളവും 10 അടി വീതിയുമുള്ള ഫ്ലക്സാണിത്. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ടും ഫ്ലക്സിൽ ഉയർത്തിയിട്ടുണ്ട്. ഖത്തറിന് വേണ്ടി കളിക്കുന്ന കേരളത്തിന്റെ അഭിമാനമായ തഹ്സിൻ മുഹമ്മദിന്റെ ചിത്രവും ഫ്ലക്സിൽ ഇടം നേടിയിട്ടുണ്ട്.
അർജന്റീന ടീമിന്റെ വിജയം ഉറപ്പാണന്നും ഒട്ടും സംശയമില്ലെന്നും ആരാധകർ പറഞ്ഞു. കുട്ടികളും മുതിർന്നവരും അടക്കമുള്ള ഒട്ടനവധി ആരാധകരാണ് ഇവിടെ അർജന്റീന ടീമിനുള്ളത്. സി.എസ്. സജിൽ, എം.എസ്. സന്തോഷ്, എം.ആർ. അരുൺ, എ.കെ. മഹേഷ്, എം.ആർ. രാധാകൃഷ്ണൻ, ജിത്തു പ്രസാദ്, പ്രദീഷ്, പ്രദീപ്, വിഷ്ണു, സിബി, പ്രസാദ്, സോനു, അഭിനവ്, ഷാബിർ, കെ.എച്ച്. അരുൺ, അമൽ, ജോഷി, അശ്വിൻ, നിഖിൽ, തേജസ്, കെ. മനോജ് തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.
ലോകകപ്പ് ഓർമകൾ പങ്കുവെച്ച് ശ്രീരാഗ് അമ്പാടി
ചാലിശ്ശേരി: ഫുട്ബാൾ ലോകകപ്പ് കിരീടം ബ്രസീൽ സ്വന്തമാക്കുമെന്ന് കേരള പൊലീസ് ഫുട്ബാൾ ടീം മുൻ ക്യാപ്റ്റനും ചാലിശ്ശേരി ജി.സി.സി അക്കാദമി ടെക്നിക്കൽ ഡയറക്ടറുമായ ശ്രീരാഗ് അമ്പാടി. 2002ലെ ലോകകപ്പാണ് ഇന്നും മനസ്സിൽ കൂടുതൽ തങ്ങിനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബ്രസീൽ ജർമനിയെ തോൽപിച്ച് കിരീടം നേടിയ ആ ലോകകപ്പാണ് ഫുട്ബാളിനോട് കൂടുതൽ അടുപ്പം തോന്നാൻ കാരണമായത്. ബ്രസീലിന്റെ സാംബ ശൈലിയും കളിയിലെ ആവേശവുമാണ് തന്നെ ആകർഷിച്ചത്. ലോക ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും പിന്തുടരുകയും ചെയ്യുന്ന താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നും ശ്രീരാഗ് വ്യക്തമാക്കി.
ചാലിശ്ശേരി ജി.സി.സി ക്ലബിൽ ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ കൈയൊപ്പ് ചാർത്തിയ ജഴ്സിക്ക് സമീപം ശ്രീരാഗ് അമ്പാടി
ഇന്ത്യൻ ഫുട്ബാളിന് മികച്ച ഭാവിയുണ്ട്. ചെറുപ്പം മുതൽ തന്നെ കുട്ടികൾക്ക് പ്രഫഷനൽ പരിശീലനം ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. അഞ്ചാം വയസ്സ് മുതൽ ഫുട്ബാളിനോടുള്ള താൽപര്യവും പരിശീലനത്തിലെ അച്ചടക്കവും വളർത്തിയെടുക്കണം. 15 വയസ്സാകുമ്പോഴേക്കും സീനിയർ തലത്തിൽ മത്സരിക്കാൻ കഴിയുന്ന താരങ്ങളെ വാർത്തെടുക്കാൻ കഴിയുന്ന സംവിധാനമാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
