ഇന്‍റർനാഷനൽ ഫുട്ബാളിൽ നിന്ന് വിരമിച്ച് ബഹ്‌റൈൻ ഇതിഹാസം ഇസ്മാഈൽ അബ്ദുല്ലത്തീഫ്

മനാമ: ബഹ്‌റൈൻ ഫുട്ബോളിന്റെ പ്രിയതാരം ഇസ്മാഈൽ അബ്ദുല്ലത്തീഫ് തന്റെ നീണ്ട 25 വർഷത്തെ കരിയറിനൊടുവിൽ മൈതാനത്തോട് വിടപറയുന്നു. അതിസാഹസികവും പോരാട്ടവീര്യവും ഒരുപോലെ ഒത്തുചേർന്ന് രണ്ടരപ്പതിറ്റാണ്ട് കൊണ്ട് ഇസ്മാഈൽ രചിച്ചത് ബഹ്റൈൻ ഫുട്ബാളിലെ മികച്ചൊരധ്യായമാണ്. ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് ആരാധകർക്കിടയിൽ ‘സമാഅ’ എന്നറിയപ്പെടുന്ന ഇസ്മാഈലിനാണ്. അഭിമാനവും പോരാട്ടവീര്യവും അടയാളപ്പെടുത്തിയ തന്റെ കരിയർ അവസാനിപ്പിക്കുന്ന കാര്യം ശനിയാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ആരാധകരെ അറിയിച്ചത്.

‘എല്ലാ തുടക്കത്തിനും ഒരു അവസാനമുണ്ട്, ഓരോ അവസാനവും പുതിയൊരു തുടക്കത്തിന് വഴിയൊരുക്കുന്നു’വെന്ന് അദ്ദേഹം കുറിച്ചു. കഠിനാധ്വാനവും ഇച്ഛാശക്തിയും വിജയത്തോടുള്ള ആഗ്രഹവുമാണ് തന്റെ കരിയറിനെ രൂപപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. താൻ കളിച്ച എല്ലാ ക്ലബ്ബുകളുടെയും ജേഴ്സികൾ അഭിമാനത്തോടെയാണ് അണിഞ്ഞതെന്നും ആരാധകർ തന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ എന്നും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ കരിയറിന്റെ ഓരോ ഘട്ടത്തിലും പിന്തുണ നൽകിയ കുടുംബാംഗങ്ങൾ, സഹതാരങ്ങൾ, പരിശീലകർ, ക്ലബ്ബ് അധികൃതർ, ആരാധകർ എന്നിവർക്ക് താരം നന്ദി അറിയിച്ചു. നേട്ടങ്ങളിൽ അഭിമാനത്തോടെയും ഈ പാരമ്പര്യം കെട്ടിപ്പടുക്കാൻ സഹായിച്ച ഓരോ നിമിഷത്തോടും നന്ദിയുള്ളവനായിട്ടാണ് താൻ മൈതാനം വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിരമിക്കൽ ഒരു കളിക്കാരന്റെ കരിയർ അവസാനിപ്പിക്കുന്നുണ്ടെങ്കിലും, ഫുട്ബാളിനോടുള്ള സ്നേഹവും കൂറും നിലനിൽക്കുന്ന പുതിയൊരു അധ്യായത്തിന് അത് തുടക്കമിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹ്‌റൈന്റെ ഏറ്റവും പ്രശസ്തനായ മുന്നേറ്റനിര താരങ്ങളിൽ ഒരാളായ അബ്ദുല്ലത്തീഫ് നിരവധി ഏഷ്യൻ കപ്പ് ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്. ബഹ്‌റൈന്റെ നിർണ്ണായകമായ പല മത്സരങ്ങളിലും ഗോൾ നേടി രാജ്യത്തിന്റെ ഫുട്ബോൾ ചരിത്രത്തിൽ മായാത്ത സ്ഥാനവും അദ്ദേഹം നേടിയിട്ടുണ്ട്. ഫുട്ബോളിനോടും ഈ അവിസ്മരണീയമായ യാത്രയുടെ ഭാഗമായ എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടാണ് താരം തന്റെ വിരമിക്കൽ കുറിപ്പ് അവസാനിപ്പിച്ചത്.