ഇന്ത്യൻ ഓൾ സ്റ്റാർസ് Vs ബ്രസീൽ ലെജൻഡ്സ് മത്സരം ഇന്ന്

കൊച്ചി: സാംബാ താളത്തിന്റെ മനം മയക്കുന്ന ചുവടുകളുമായി ഒരുകാലത്ത് കാൽപന്തു ലോകത്തിന്റെ നെറുകയിൽ നൃത്തം ചവിട്ടിയ റൊണാൾഡീേഞ്യായും കൂട്ടരും ഒരു വശത്ത്; ഓരോ മലയാളിയുടെയും അഭിമാനം, അന്താരാഷ്ട്ര ഫുട്ബാളിലെ ഇന്ത്യൻ അടയാളങ്ങളിലൊന്നായ ഐ.എം. വിജയനും കൂട്ടരും മറുവശത്ത്… അതേ, കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പുൽമൈതാനത്തിന് ഇന്ന് തീപിടിക്കും.
കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബാൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘റിട്ടേൺ ഓഫ് ദി ടൈറ്റൻസ് – കേരള എഡിഷൻ 2026’ പ്രദർശന മത്സരത്തിന് ബുധനാഴ്ച രാത്രി 7.30നാണ് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ കിക്കോഫ് വിസിൽ മുഴങ്ങുക. ലോക ഫുട്ബാളിലെ ഇതിഹാസങ്ങൾ അണിനിരക്കുന്ന ബ്രസീൽ ലെജൻഡ്സ് ടീമും ഇന്ത്യൻ ഫുട്ബാളിലെ എക്കാലത്തെയും മികച്ച താരങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ ഓൾ സ്റ്റാർസ് ടീമും തമ്മിലാണ് പോരാട്ടം. മത്സരം സീ5ൽ ലൈവായി കാണാം.
മത്സരത്തിന്റെ മുഖ്യ ആകർഷണമായ ബ്രസീൽ ഇതിഹാസം റോണാൾഡീേഞ്യാ കൊച്ചിയിലെത്തി. ഇദ്ദേഹത്തെ കൂടാതെ റിവാൾഡോ, എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, ജൂനിയർ, വിയോള, ഗോൾകീപ്പർ ഗോമസ്, അമാറൽ, ഗുസ്താവോ നെറി, റിക്കാർഡോ ഒലിവേര, ജോർജീന്യോ, കമാൻഡുക്കായ, എലിവെൽട്ടൺ, സൂസ, പാരാ, ഡിയോഗോ തുടങ്ങി വമ്പൻ താരനിരയാണ് ബ്രസീൽ ടീമിലുള്ളത്. ‘ലെജൻഡ്സ്. പാഷൻ. ഫുട്ബാൾ. കേരള വെൽക്കംസ് ദി ടൈറ്റൻസ്’ എന്ന സന്ദേശവുമായാണ് മുൻ ലോകചാമ്പ്യന്മാർ കളത്തിലിറങ്ങുന്നത്.
മലയാളി താരങ്ങളായ ഐ.എം. വിജയൻ, സി.കെ. വിനീത്, മുഹമ്മദ് റാഫി, ജോ പോൾ അഞ്ചേരി, റിനോ ആന്റോ എന്നിവർക്കൊപ്പം ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ബൈച്യുങ് ബൂട്ടിയയും കളത്തിലുണ്ടാകും. ക്ലൈമാക്സ് ലോറൻസ്, എം. വി. നെൽസൺ, ഗൗരമാംഗി സിങ്, അർണാബ് മണ്ഡൽ, മഹേഷ് ഗാവ്ലി, മെഹ്റാജുദ്ദീൻ വാദൂ, മെഹ്താബ് ഹുസൈൻ തുടങ്ങിയ പ്രഗല്ഭരും ഇന്ത്യൻ നിരയെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ‘വൺ നേഷൻ. വൺ പാഷൻ. വിറ്റ്നസ് ദി ലെജൻഡ്സ് ഇൻ കേരള’ എന്നതാണ് ഇന്ത്യൻ ടീമിന്റെ ആപ്തവാക്യം.
മത്സരത്തിനുള്ള ഒരുക്കം പൂർത്തിയായി. വൈകീട്ട് 5.30 മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. മത്സരത്തിലെ തിരക്ക് പരിഗണിച്ച് ഗതാഗത നിയന്ത്രണവും കൊച്ചി മെട്രോ അധിക സർവിസും ഏർപ്പെടുത്തിയിട്ടുണ്ട്.
