നിയമന വിവാദം; ബി.ആർ.എം. ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസർച്ച് ഓഫീസർ പദവി രാജിവെച്ചു

തിരുവനന്തപുരം: യോഗ്യതയില്ലാത്ത നിയമനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ആർ.എസ്. ഷാനി സീമാറ്റിലെ റിസർച്ച് ഓഫീസർ പദവിയിൽനിന്ന് രാജിവെച്ചു. അപേക്ഷകൾ ക്ഷണിക്കാതെയും അഭിമുഖം നടത്താതെയുമായിരുന്നു ഇവരുടെ നിയമനമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി. ഗവേഷണം പൂർത്തിയാക്കാൻ വേണ്ടിയാണ് രാജി എന്നാണ് വിശദീകരണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജി സമർപ്പിച്ചത്.
റിസർച്ച് ഓഫീസർ തസ്തികയ്ക്ക് ആവശ്യമായ പ്രധാന യോഗ്യത പി.എച്ച്.ഡി. ആണെന്നിരിക്കെ, ഷാനി നിലവിൽ പി.എച്ച്.ഡി. സ്കോളർ മാത്രമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വരും ഡിസംബറിലാണ് ഇവർ പ്രബന്ധം അവതരിപ്പിക്കാനിരിക്കുന്നത്. എന്നാൽ, വേണ്ടത്ര യോഗ്യത ഉള്ളതുകൊണ്ടാണ് നിയമനം നൽകിയതെന്ന നിലപാടിലായിരുന്നു സീമാറ്റ് ഡയറക്ടർ ആർ. അരുൺകുമാർ.
യോഗ്യത സംബന്ധിച്ച് സീമാറ്റ് പുറത്തുവിട്ട രേഖകൾക്കിടെയാണ് നിയമനത്തിലെ ക്രമക്കേടുകൾ വ്യക്തമായത്. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നശേഷം ബയോഡാറ്റ ചോദിച്ചുവാങ്ങി, പരസ്യം നൽകാതെ 12 പേരെ സീമാറ്റിൽ നിയമിച്ചതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ റിസർച്ച് ഓഫീസർ പദവിയിൽ അഞ്ചുപേർക്കും അസിസ്റ്റന്റ് പദവിയിൽ നാലുപേർക്കും അറ്റൻഡർ തസ്തികയിൽ മൂന്നുപേർക്കുമാണ് നിയമനം ലഭിച്ചത്.
