റൊണാൾഡോ ടീം വിട്ടു, ഏഴാം നമ്പറിൽ ലിയാവോ ഇറങ്ങും; വിവാദങ്ങൾക്കിടെ ടീമിന് നഷ്ടമായത് 5 ലക്ഷം ഫോളോവേഴ്സ്

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതിന് പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങൾ. യുവേഫ നാഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ മത്സരത്തിൽ റൊണാൾഡോയുടെ ഇതിഹാസതുല്യമായ ഏഴാം നമ്പർ ജഴ്സി ഗലാറ്റസറെ മുന്നേറ്റ താരം റാഫേൽ ലിയാവോ അണിയും.

റൊണാൾഡോയുടെ അപ്രതീക്ഷിത പിന്മാറ്റം പോർച്ചുഗൽ ഫുട്ബാളിൽ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. വിഷയം പോർച്ചുഗലിൽ വലിയ രാഷ്ട്രീയ ചർച്ചയായതോടെ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ പരിശീലകൻ ജോർജ് ജീസസുമായി കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

നാഷൻസ് ലീഗ് നിയമപ്രകാരം മത്സരത്തിനുള്ള സ്ക്വാഡിലെ താരങ്ങൾ 1 മുതൽ 23 വരെയുള്ള ജഴ്സി നമ്പറുകൾ നിർബന്ധമായും ഉപയോഗിക്കണം. ഇതോടെയാണ് കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഏഴാം നമ്പർ ജഴ്സി ലിയാവോയ്ക്ക് നൽകാൻ മാനേജ്മെന്റ് നിർബന്ധിതരായത്.

എസി മിലാനിൽ നിന്ന് തുർക്കിഷ് ക്ലബ്ബായ ഗലാറ്റസറെയിലെത്തിയ ലിയാവോ സാധാരണയായി 17-ാം നമ്പർ ജഴ്സിയിലാണ് കളിക്കാറുള്ളത്. ലിയാവോയുടെ 17-ാം നമ്പർ ടീമിലേക്ക് പുതിയതായെത്തിയ ഫാബിയോ സിൽവയ്ക്ക് നൽകി. പരിക്കേറ്റ ഫ്രാൻസിസ്കോ കോൺസെയ്‌കാവോയും ടീമിലില്ല. പരിക്കിൽ നിന്ന് മുക്തനായ ബ്രൂണോ ഫെർണാണ്ടസ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

അതേസമയം, റൊണാൾഡോ ക്യാമ്പ് വിട്ടത് ടീമിന് വലിയ തിരിച്ചടിയായി. മണിക്കൂറുകൾക്കകം പോർച്ചുഗൽ ദേശീയ ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് അഞ്ച് ലക്ഷത്തോളം ഫോളോവേഴ്സാണ് കൊഴിഞ്ഞുപോയത്. എന്നാൽ, സംഭവത്തിൽ കൂടുതൽ ആരാധകരും റൊണാൾഡോയെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്.

പോർച്ചുഗീസ് മാധ്യമമായ ‘എ ബോള’ നടത്തിയ അഭിപ്രായ സർവേയിൽ 78.2 ശതമാനം പേരും അൽ നസർ താരമായ റൊണാൾഡോയെ വിമർശിച്ചപ്പോൾ, 13.7 ശതമാനം പേർ പരിശീലകൻ ജോർജ് ജീസസിനെയും 8.1 ശതമാനം പേർ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോൻസയെയുമാണ് കുറ്റപ്പെടുത്തുന്നത്.

ക്യാമ്പ് വിടാനുണ്ടായ യഥാർത്ഥ കാരണങ്ങൾ സമയമാകുമ്പോൾ വെളിപ്പെടുത്തുമെന്ന് 41 കാരനായ റൊണാൾഡോ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. നാഷൻസ് ലീഗ് ഗ്രൂപ്പ് എ4 ൽ വെയ്ൽസിനെയും നോർവേയെയും പരാജയപ്പെടുത്തി നിലവിൽ ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ.