സ്വകാര്യ ബസുകളിൽ ക്യാമറ; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. സുരക്ഷയുടെ ഭാഗമായി ഉപകരണങ്ങൾ സ്ഥാപിക്കണമെങ്കിൽ മാനദണ്ഡങ്ങൾ ഇറക്കേണ്ടത് കേന്ദ്രസർക്കാരാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. ഉത്തരവിറക്കിയ സർക്കാർ നടപടി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ദിനേശ് കുമാറാണ് ഹർജി പരിഗണിച്ചിരുന്നത്.(Security Camera Private Buses High Court Temporarily Stayed)
അതേസമയം സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധന വരുത്തുന്നത് സംബന്ധിച്ച തീരുമാനം രഘുരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഡിസംബര്‍ 31നു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യ ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്ക് ഇളവ് നല്‍കുന്ന പ്രായപരിധി 27 ആയി നിജപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ 31 ന് മുന്‍പ് ഉത്തരവിറക്കി ജനുവരി 1 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
നവംബര്‍ ഒന്നു മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ടെസ്റ്റിന് വരുന്ന ബസുകളില്‍ സീറ്റ് ബെല്‍റ്റ്, നിരീക്ഷണ ക്യാമറ എന്നിവ ഘടിപ്പിച്ചിരിക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു.