നന്ദഗോവിന്ദം ഭജൻസിനെതിരെ കാസ: ‘നിങ്ങളെ നിങ്ങളാക്കിയവരുടെ പൾസ് തിരിച്ചറിയണം, ദീപിക പത്രം ഇറക്കിയ കാർഡിന് പിന്നിൽ അജണ്ടയുണ്ട്’
കോട്ടയം: ക്ഷേത്ര പരിപാടിക്കിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന് സംഘ്പരിവാർ സംഘടനകളുടെ സൈബർ ആക്രമണം നേരിടുന്ന ‘നന്ദഗോവിന്ദം ഭജൻസ്’ ട്രൂപ്പിനെതിരെ തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയായ കാസ. വേടനും മാടനും നിങ്ങളുമെല്ലാം ക്രമേണ മാറ്റപ്പെടുമെന്നും നിങ്ങളുടേത്പലകാലങ്ങളിലും ഉണ്ടാകാറുള്ള കേവലം താൽക്കാലിക ട്രെൻഡുകൾ മാത്രമാണെന്നും കാസ നേതാവ് കെവിൻ പീറ്റർ നന്ദഗോവിന്ദം ഭജൻസിന് എഴുതിയ തുറന്ന കത്തിൽ പറഞ്ഞു.
‘ഒരുകാലത്ത് ഇന്ത്യൻ യുവാക്കളുടെ ഹരമായിരുന്ന അപ്പാച്ചെ ഇന്ത്യനും ബാബ സൈഗാളും റിമോ ഫ്രൊന്നാണ്ടസും ഇന്ന് എവിടെയാണെന്ന് അറിയില്ല, ഹരിഹരനും ലസ്‌വി ലൂയിസും കൂടി ഒന്നിച്ച കൊളോണിയൽ കസിൻസ് ഇന്ന് ഓർമ്മകളിൽ മാത്രം. ഗ്രാമീ അവാർഡ് നേടിയ, ലോകം മുഴുവൻ ആരാധകരാൽ നിറഞ്ഞ മൈക്കിൾ ജാക്സനും ജോർജും മൈക്കിളിനും മൈക്കിൾ ബോൾട്ടനും ഇല്ലാത്ത അഹങ്കാരത്തോടെ ആരാധകരുടെ ഫോൺവിളികളും കത്തുകളും കാരണം സ്വസ്ഥത കിട്ടുന്നില്ല എന്ന് പറഞ്ഞ കേരളത്തിലെ തൈക്കൂടം ബ്രിഡ്ജും എവിടെയോ പോയി മറഞ്ഞു.
നിങ്ങൾ ഹിറ്റായതോടെ നിങ്ങളുടെ ചുവട് പിടിച്ചു പലരും ഭജനുമായി രംഗത്ത് വന്നിട്ടുണ്ട്, എന്നാൽ നിങ്ങളുടെ ഉൾപ്പെടെ അതെല്ലാം പലകാലങ്ങളിലും ഉണ്ടാകാറുള്ള കേവലം താൽക്കാലിക ട്രെൻഡുകൾ മാത്രമാണ് …….. ഇതേ രീതിയിൽ ഒത്തിരി കാലം നിങ്ങൾക്ക് എന്നല്ല ആർക്കും ഇതുപോലുള്ളവ നീട്ടിക്കൊണ്ടു പോകാൻ ആവില്ല……..വേടനും മാടനും നിങ്ങളുമെല്ലാം ക്രമേണ മാറ്റപ്പെടും. നന്നായി നിലനിൽക്കുന്ന കാലത്ത് സ്വന്തം സമുദായത്തിന് വിശ്വാസത്തിനും വരും തലമുറകൾക്കും വേണ്ടി ചെയ്യുവാൻ കഴിയുന്നതെല്ലാം ചെയ്യുക’ -കെവിൻ മുന്നറിയിപ്പപ് നൽകി.
‘500 പേരിൽനിന്ന് അയ്യായിരമോ അൻപതിനായിരമോ ആയി കാണികൾ മാറിയെങ്കിൽ അതിന് ഹേതുവായത് നിങ്ങളുടെ ഹിന്ദു ഐഡന്റിറ്റിയും അതിൽ ഊന്നി നിങ്ങൾ പാടിയ ഭജനകളുമാണ്. ഭക്തിഗാനം എന്നത് മത അടിസ്ഥാനത്തിലുള്ള ഒരു ആസ്വാദനം മാത്രമാണ്. ഭജന എന്നാൽ അത് പ്രാർത്ഥനാ കീർത്തനമാണ്. അതിൻ്റെ അടിസ്ഥാനം വിശ്വാസവും. എനിക്കും നിങ്ങൾക്കും ഉൾപ്പെടെ എല്ലാവർക്കും അവരവരുടെ മതവിശ്വാസങ്ങൾ തന്നെയാണ് വലുത്’ -കുറിപ്പിൽ പറയുന്നു.
‘ഇടത് ജിഹാദി ഇക്കോ സിസ്റ്റം നിയന്ത്രിക്കുന്ന വേടപ്പറമ്പുകളിൽ റാപ്പ് എന്നു പറഞ്ഞ് നടത്തുന്ന ലഹരി നുരയുന്ന പേക്കൂത്തുകളിൽ നിന്നും യുവതി യുവാക്കളെ ഭക്തിയോടെ നിങ്ങളുടെ അമ്പലപ്പറമ്പുകളിലേക്ക് നിങ്ങൾക്ക് ആകർഷിക്കാനായല്ലോ എന്നതായിരുന്നു എനിക്കുണ്ടായ സന്തോഷത്തിൻ്റെ കാരണം. ഇത്തരം സ്ഥലങ്ങളിലേക്ക് യുവതീയുവാക്കൾ ആകർഷിക്കപ്പെടുന്നതും അവരുടെ കൂട്ടായ്മകൾ ഉണ്ടാകുന്നതും ചിലരെ അലോരസപ്പെടുത്തുന്നുണ്ട്. മുൻപ് പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടായിരുന്ന വായനശാലകളും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകളും ഒന്നൊന്നായി ഇല്ലാതെയാക്കി ഒപ്പം അവരുടെ സാംസ്കാരിക ആഘോഷങ്ങളും വാർഷിക പരിപാടികളും കലാകായിക മത്സരങ്ങളും നിലച്ചു. ക്രിക്കറ്റും ഫുട്ബോളും കളിച്ചു കുട്ടികൾ തിമിർത്തിരുന്ന പല ഗ്രൗണ്ടുകളും ഇന്ന് ഡ്രൈവിംഗ് സ്കൂളുകാർക്കുള്ള പരിശീലനം പറമ്പായി മാറുന്നു ……. അത്തരം ഗ്രൗണ്ടുകളിൽ നിന്നും ക്രിക്കറ്റും ഫുട്ബോളും ചിലർ പണം മുടക്കി വ്യക്തമായ ലക്ഷ്യത്തോടുകൂടി തുടങ്ങിയിരിക്കുന്ന ടർഫ് കോർട്ടുകളിലേക്ക് പറിച്ചു നടപ്പെട്ടു കഴിഞ്ഞു. കടലോര പ്രദേശങ്ങളിൽ പോലും ഇത്തരം ടർഫുകൾ ഇപ്പോൾ വ്യാപകമാകുന്നു. ടർഫുകൾക്കും യൂണിസെക്സ് ജിംനേഷ്യങ്ങൾക്കും വേണ്ടി ചിലർ പണം മുടക്കുന്നത് ഒന്നും കാണാതെയല്ല. അതുകൊണ്ടുതന്നെ ആൾക്കൂട്ടത്തെയും കൂട്ടായ്മകളെയും സൃഷ്ടിക്കുന്ന ഏതൊരു കലാകായിക പ്രസ്ഥാനത്തെയും പ്രത്യേകിച്ച് സാമുദായം അടിസ്ഥാനത്തിലുള്ളവ ചിലർ നിയന്ത്രണത്തിൽ ആക്കി ക്രമേണ അതിനെ നിർജീവമാക്കാൻ ശ്രമിക്കും ഇല്ലെങ്കിൽ വിവാദങ്ങൾ സൃഷ്ടിച്ച് അതിനെ പൊളിക്കും. തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് മുതൽ തൃശ്ശിവപേരൂരിലെ പൂരം വരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ചുമ്മാതല്ല.
ലഹരിക്കും ലെഫ്റ്റ് ലിബറലിസത്തിനും അടിമപ്പെട്ട് മാനവികതയുടെ ആഗോള ശത്രുക്കളുടെ ചതുരംഗ പലകയിലെ കാലാൾ കരുക്കൾ ആകുവാൻ വിടാതെ ഭക്തിയിലൂടെ തന്നെ പുതുതലമുറ ഉൾപ്പെടെയുള്ള ഹൈന്ദവ വിശ്വാസികളെ അമ്പലപ്പറമ്പുകളിലേക്ക് ആകർഷിച്ച് ഒന്നിപ്പിച്ച് നിർത്താൻ നിങ്ങളുടെ പരിപാടികൾക്ക് സാധിക്കുന്നുവെങ്കിൽ അത് ഒരു മഹത്തായ കാര്യം തന്നെയാണ്. പണ്ട് ഓരോ കാലഘട്ടങ്ങളിലും ഹൈന്ദവ ക്രൈസ്തവർ മുസ്ലിം സമുദായങ്ങളിൽ ഇതേപോലെ പല രൂപത്തിൽ അതത് സമുദായങ്ങളെ ഒന്നിപ്പിച്ച് നിർത്തുവാൻ പല കലാ കലാകാരന്മാർക്കും കലാപ്രസ്ഥാനങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ഈ കാലഘട്ടത്തിൽ ഒരുപക്ഷേ ഹൈന്ദവ സമുദായത്തിലെ പല തലമുറകളെ ഒരേ രീതിയിൽ ഒന്നിപ്പിച്ച് നിർത്തുവാൻ നിങ്ങളുടെ ഭജനകൾക്ക് കുറച്ചെങ്കിലും സാധിക്കുന്നുവെങ്കിൽ അത് നിങ്ങളിൽ അർപ്പിക്കപ്പെട്ട കർമ്മമായി മാത്രം കാണുക.
നിങ്ങൾ പരിപാടി അവതരിപ്പിക്കുന്ന എല്ലായിടങ്ങളിലും നിങ്ങളുടെ എല്ലാ ഭജന ഗാനങ്ങൾക്കും കരഘോഷങ്ങൾ തന്നെയാണ് ലഭിക്കാറ് , എന്നിട്ടും നന്ദ ഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം പാടി , ജനം കയ്യടിച്ചു എന്ന് മലയാള മനോരമ വാർത്ത കാർഡ് ഇറക്കണമെങ്കിൽ അതിൻറെ പിന്നിൽ ഒരു അജണ്ട ഉണ്ട് . അതേ അജണ്ട തന്നെയാണ് നന്ദ ഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം പാടി ജനം കൈയ്യടിച്ചു ഹിന്ദു വർഗീയവാദികൾ എതിർത്തു എന്ന കാർഡ് പുറകെ ദീപിക പത്രം ഇറക്കിയതും . ഹൈന്ദവ ക്രൈസ്തവ സമുദായങ്ങളെ തമ്മിൽ അകറ്റേണ്ടത് ചിലരുടെ ലക്ഷ്യമാണ് അതിനായി അവർ ഒരുക്കുന്ന കെണികളിൽ നിങ്ങൾ വീഴാതിരിക്കുക. ഇപ്പോൾതന്നെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്’ -കെവിൻ പീറ്റർ പറഞ്ഞു.
കോട്ടയം നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത്. ഇതിൽ അഭിനന്ദനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് നന്ദഗോവിന്ദം ഭജന്‍സിനെതിരെ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയും സംഘവും രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടത്. ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ല. ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പരിഹാസം.
സംഘ്പരിവാർ കേന്ദ്രങ്ങൾ നടത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയും നന്ദഗോവിന്ദം ഭജൻസും രംഗത്തെത്തിയിരുന്നു. ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കാറുണ്ടെന്നും ഈ പരിപാടിയും അത്തരത്തിൽ സംഘടിപ്പിച്ചതാണെന്നും ക്ഷേത്ര കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ‘ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് ഒരു വലിയ അപരാധമാണെന്ന് തങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ല.‘ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാർദത്തെ എല്ലാവരുംകൂടി തകർക്കരുത് എന്ന് മാത്രമേ ഈ അവസരത്തിൽ പറയാനുള്ളൂ’ -ക്ഷേത്രഭാരവാഹികൾ പറഞ്ഞു.
‘ഇവിടത്തെ ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോൾ അവർ വഴിയരിയിൽ തിരി തെളിയുന്നതും എല്ലാം വർഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോൾ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു. അപ്പോൾ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല’ -അവർ പറയുന്നു.
