കോഴിക്കോട് പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; പാലക്കാട് രജിസ്ട്രേഷനിലുള്ള ബസ് കേന്ദ്രീകരിച്ച് അന്വേഷണം
കോഴിക്കോട്: കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം.
പള്ളിയുടെ കോമ്പൗണ്ടില്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ജീവനക്കാര്‍ പുരോഹിതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ്, വിവരം കോഴിക്കോട് ടൗണ്‍ പൊലീസിന് കൈമാറുന്നത്. പൊലീസും ഫോറന്‍സിക് വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
പള്ളി ജീവനക്കാര്‍ നല്കിയ വിവരം അനുസരിച്ച് സന്ധ്യാസമയത്ത് പാലക്കാട് രജിസ്ട്രേഷനിലുള്ള ബസ് ഇതുവഴി കടന്നുപോയിരുന്നു. അതിനുശേഷമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് അവര്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നിലവിലെ, സാഹചര്യത്തിൽ പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ച് വരികയാണ്. ഒപ്പം, പാലക്കാട് രജിസ്ട്രേഷനിലുള്ള ബസ് കേന്ദ്രീകരിച്ച് അന്വേഷണവും ഊർജിതമാക്കുകയാണ് പൊലീസ്.
