ചാകര കിളിർത്തു; തീരത്ത് ആഹ്ലാദപ്പെരുമഴ

പരപ്പനങ്ങാടി: മഴ തിമിർക്കുകയും ട്രോളിങ് നിരോധനത്തെ തുടർന്ന് ആഴക്കടൽ മത്സ്യവേട്ടക്ക് ഇടവേള കൈവരുകയും ചെയ്തതോടെ തീരക്കടലിൽ ചാകര. ചാള, മത്തി മത്സ്യപ്പൊലിപ്പാണ് തീരത്ത് ആഹ്ലാദപ്പെരുമഴ തീർത്തത്. ഏറെക്കാലം മത്സ്യലഭ്യതയില്ലാതെ പ്രയാസപ്പെടുകയും കടബാധ്യത വർധിക്കുകയും ചെയ്ത തീരവാസികൾക്ക് ചാകര സമ്മാനിച്ച ആശ്വാസം ചെറുതല്ല. ട്രോളിങ് നിരോധനസമയമായതിനാൽ മത്തിക്ക് നല്ല വില ലഭിക്കുന്നുണ്ട്.

അമ്പതിലേറെ തൊഴിലാളികൾ പണിയെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾക്ക് ലക്ഷങ്ങളുടെ മത്സ്യം ലഭിക്കുമ്പോഴും മുതൽമുടക്കുകാരുടെ വിഹിതം മാറ്റിവെച്ചാൽ ശരാശരി ആയിരം രൂപ തോതിലാണ് ഒരു മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിലേക്കെത്തുന്നത്. എന്നാൽ, വറുതിയുടെ നാളുകൾക്ക് അറുതിതരുന്ന ആ ആയിരം രൂപ കുടുംബങ്ങളിൽ തീർക്കുന്ന ആഹ്ലാദാരവങ്ങൾ ചെറുതല്ല. മത്തിക്കിടയിൽ ചിലർക്ക് ചെമ്മീനും മെത്തലും ലഭിച്ചത് ഏറെ ആശ്വാസം പകർന്നു.