കുടുംബ കല്ലറയിലെ സംസ്കാരം വിവാദത്തിൽ; ചാലിശേരി പള്ളിയിൽ വീണ്ടും സഭാതർക്കം

കൂറ്റനാട്: സഭാതർക്കം നിലനിൽക്കുന്ന ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ യാക്കോബായ കുടുംബത്തിന്റെ കല്ലറയിൽ ഓർത്തഡോക്സ് വിഭാഗത്തിൽപെട്ടയാളുടെ മൃതദേഹം സംസ്കരിച്ചെന്ന് പരാതി. അനുമതിയില്ലാതെയും നിലവിലെ ചട്ടങ്ങള്‍ പാലിക്കാതെയുമാണിതെന്ന് യാക്കോബായ വിഭാഗം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച നിര്യാതയായ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട പുലിക്കോട്ടിൽ കുഞ്ഞിപ്പുവിന്‍റെ ഭാര്യ കുഞ്ഞാണിയുടെ മൃതദേഹം ആഗസ്റ്റ് 24ന് അരിമ്പൂർ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കുടുംബ കല്ലറയിൽ സംസ്കരിച്ചതായാണ് പരാതി.

ഇടവകാംഗമായിരുന്ന അരിമ്പൂർ പരേതനായ ഫാ. ജയിംസ് ഡേവിഡ് കശീശായുടെയും പള്ളി സെക്രട്ടറി ടൈറ്റസ് ഡേവീഡിന്റെയും മാതാപിതാക്കളായ എ.വി. ഡേവിഡിനെയും ലില്ലി ഡേവിഡിനെയും നേരത്തെ സംസ്കരിച്ചിരുന്ന കല്ലറയിലാണ് ബന്ധുക്കളുടെ അനുമതിയോ സമ്മതമോ ഇല്ലാതെ ഓർത്തഡോക്സ് വിഭാഗം സംസ്കാരം നടത്തിയതെന്ന് കുടുംബാംഗങ്ങളും യാക്കോബായ വിഭാഗം ഭരണസമിതിയും ആരോപിച്ചു. എ.വി. ഡേവിഡിനെ 2011 ഫെബ്രുവരി 18നും ലില്ലി ഡേവിഡിനെ 2022 ഡിസംബർ 19നുമാണ് ഇവിടെ സംസ്കരിച്ചത്.

ബുധനാഴ്ച യാക്കോബായ വിഭാഗത്തിലെ മറ്റൊരു അംഗത്തിന്റെ സംസ്കാരച്ചടങ്ങിനായി സെമിത്തേരിയിലെത്തിയപ്പോഴാണ് കുടുംബവും പള്ളി ഭാരവാഹികളും കല്ലറയിൽ പുതിയ സംസ്കാരം നടത്തിയ വിവരം അറിയുന്നത്. സംഭവത്തിൽ മകൻ ടൈറ്റസ് ഡേവിഡ് ബുധനാഴ്ച ചാലിശേരി പൊലീസ് സ്റ്റേഷൻ പരാതി നൽകി.

ആഗസ്റ്റ് 15 ന് യാക്കോബായ വിഭാഗത്തിൽ മരണപ്പെട്ട മറ്റൊരംഗത്തിന്റെ സംസ്‌കാരത്തിന് സെക്രട്ടറി ടൈറ്റസ് ഡേവിഡ് സെമിത്തേരിയിൽ എത്തിയപ്പോൾ കല്ലറക്ക് മുൻവശം കുരിശ് ഉണ്ടായിരുന്നതായും മനഃപൂർവം കുടുംബത്തെ അവഹേളിക്കാനുമാണ് ഇത്തരത്തിലുള്ള പ്രവർത്തനം നടത്തുന്നത് സെക്രട്ടറി പറഞ്ഞു.

കല്ലറ തുറന്ന് മൃതദേഹം സംസ്കരിക്കുന്നതിനിടെ അഴുകിയ മൃതദേഹാവശിഷ്ടങ്ങൾ ഉണ്ടായിരുന്നതായി കുഴിയെടുത്ത തൊഴിലാളി അറിയിച്ചിരുന്നു. ഇക്കാര്യം ഓർത്തഡോക്സ് വിഭാഗത്തിലെ കൈസ്ഥാനിമാരിൽ ഒരാളെ അറിയിച്ചിരുന്നതായും എന്നാൽ, മറ്റൊരു കൈസ്ഥാനിയും മുൻ സെക്രട്ടറിയും പരേതയുടെ ഭർത്താവുമായ പുലിക്കോട്ടിൽ കുഞ്ഞിപ്പുവും ചേർന്ന് വൈദികന്റെ മാതാപിതാക്കളുടെ കല്ലറയിൽ തന്നെ സംസ്കാരം നടത്താൻ തൊഴിലാളിയോട് നിർബന്ധിച്ചതായും യാക്കോബായ വിഭാഗം ആരോപിക്കുന്നു.

കല്ലറയുടെ നിലവിലെ അവസ്ഥയുടെ ചിത്രങ്ങളും വിഡിയോകളും പൊലീസ് ശേഖരിക്കണമെന്നും കുടുംബത്തിന്റെ അനുമതിയില്ലാതെ തുടർ സംസ്കാരങ്ങളോ കല്ലറയിൽ മാറ്റങ്ങളോ ഉണ്ടാകുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും ഇടവക ആവശ്യപ്പെട്ടു. കുടുംബ കല്ലറയുമായി ബന്ധപ്പെട്ട് അനധികൃത പ്രവേശനം, ഭീഷണിപ്പെടുത്തൽ, രേഖകളിൽ കൃത്രിമം തുടങ്ങിയ നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും നിലവിലെ കല്ലറയിലുള്ള ഓർത്തഡോകസ് വിഭാഗം വയോധികയുടെ മൃതശരീരം മറ്റൊരിടത്തേക്ക് മാറ്റി അരിമ്പൂർ കുടുംബ കല്ലറ പഴയ രീതിയിൽ നിലനിർത്തണമെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു.

കല്ലറയിലെ മൃതശരീരം മാറ്റിയ സംഭവത്തിൽ ഇടവക ദേശീയ മനുഷ്യാവകാശ കമീഷൻ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, മന്ത്രിമാർ, എം.എൽ.എ, എം.പി, ഡി.ജി.പി, ജില്ല കലക്ടർ, റവന്യൂ ഉദ്യോഗസ്ഥർ, ജില്ല പൊലീസ് മേധാവി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

വാർത്തസമ്മേളനത്തിൽ വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണിൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവർ പങ്കെടുത്തു.