ടി. പുരുഷോത്തമനെ സി.പി.എം പുറത്താക്കി; നടപടി സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്
പയ്യന്നൂർ: സി.പി.എം എ.കെ.ജി ഭവൻ ബ്രാഞ്ച് അംഗവും ചെമ്മീൻ കർഷകനുമായ ടി. പുരുഷോത്തമനെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. സി.പി.എം പുറത്താക്കിയ മുൻ ജില്ല കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്‍റെ പുസ്തകപ്രകാശന ചടങ്ങിൽ ടി. പുരുഷോത്തമൻ പങ്കെടുത്തിയിരുന്നു. മാത്രമല്ല, തെരഞ്ഞെടുപ്പിൽ കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രവർത്തിച്ചു എന്നും ആരോപണമുണ്ട്.
പാർട്ടി നൽകിയ കത്തിൽ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് നടപടിയെന്നറിയുന്നു. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം പുരുഷോത്തമന്‍റെ വീടിനും കാറിനും നേരെ അക്രമം നടന്നിരുന്നു. ഈ കേസിൽ അഞ്ച് സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമം സംബന്ധിച്ച് ഏരിയാ കമ്മിറ്റി അംഗം എ.വി. രഞ്ജിത്തും പുരുഷോത്തമനും തമ്മിൽ സമൂഹ മാധ്യമങ്ങളിൽ പരസ്പരം ആരോപണ പ്രത്യാരോപണം നടത്തിയതും വ്യാപക ചർച്ചയായിരുന്നു.
ടി.പുരുഷോത്തമൻ പാർട്ടിയിൽനിന്ന് പുറത്തു പോകുന്നത് ഇത് രണ്ടാമത്തെ തവണയാണ്. ആദ്യം പുറത്തു പോയതിനു ശേഷം സി.പി.ഐ, ജെ.എസ്.എസ് എന്നീ പാർട്ടികളുടെ നേതൃനിരയിൽ പ്രവർത്തിച്ച ശേഷമാണ് വീണ്ടും സി.പി.എമ്മിൽ തിരിച്ചെത്തിയത്. ശനിയാഴ്ച നടന്ന ഞ്ച്രാഞ്ച് യോഗത്തിൽ നടപടി റിപ്പോർട്ട് ചെയ്തത് സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. സരിൻ ശരിയാണ്.
എരിയാ കമ്മിറ്റി അംഗം എം. രാഘവനും യോഗത്തിൽ പങ്കെടുത്തു. വി.കുഞ്ഞികൃഷ്ണൻ വിഷയവുമായി ബന്ധപ്പെട്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ചിലർക്കെതിരെ കൂടി നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
