പന്തീരാങ്കാവ് ദേശീയപാത ടോൾ പിരിവിനെതിരെ പരാതി; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമീഷൻ



കോഴിക്കോട്: പന്തീരാങ്കാവ് ദേശീയപാതയിലെ ടോൾ പിരിവിനെതിരെയുള്ള പരാതിയെ തുടർന്ന് മനുഷ്യാവകാശ കമീഷൻ നാഷണൽ ഹൈവേ പ്രോജക്റ്റ് ഡയറക്ടറോട് റിപ്പോർട്ട് തേടി. വിനോദ് കുമാർ തല്ലാശേരി സമർപ്പിച്ച പരാതിയിലാണ് നടപടി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ടോൾ പിരിവ് നിർത്തവെക്കണമെന്നാണ് പരാതി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു. തിരൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കും.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ടോൾ കലക്ഷൻ ആരംഭിച്ചത് ഗതാഗതതടസത്തിന് കാരണമാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. നിർമാണം പൂർത്തിയാകുന്നതു വരെ ടോൾ കലക്ഷൻ നിർത്തിവെക്കണമെന്നാണ് ആവശ്യം. ദേശീയപാതയിൽ പലയിടങ്ങളിലും നിർമാണം നടക്കുന്നുണ്ട്. പാലങ്ങളുടെ നിർമാണം പൂർത്തിയായിട്ടില്ല. ചിലയിടങ്ങളിൽ റോഡിലെ ടാറിങ് അടക്കം നടക്കുന്നുണ്ട്. സർവിസ് റോഡുകളുടെ നിർമാണവും നടക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. നിർമാണം നടക്കുന്ന പാലങ്ങളുടെ ഭാഗത്തും ഗതാഗത ക്രമീകരണമുള്ളതിനാൽ രാമനാട്ടുകര ഭാഗത്തേക്ക് ഒരു ലൈനിലൂടെയാണ് വാഹനങ്ങൾ അനുവദിക്കുന്നത്. ഇവിടെ വാഹനാപകടമുണ്ടാക്കുന്നണ്ട്. നിർമാണം പൂർത്തിയാക്കാതെ ദേശീയപാത തുറന്ന നടപടിക്കെതിരെ എം.കെ. രാഘവൻ എം.പി അടക്കമുള്ള ജനപ്രതിനിധികളും വ്യാപാരി സംഘടനാ നേതാക്കളും മുമ്പ് വിമർശിച്ചിരുന്നു.