കനത്ത മഞ്ഞുവീഴ്ചക്കിടെ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചക്കിടയിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ തുടരുന്നു. സമാപന സമ്മേളനം നടക്കുന്ന ഷേർ ഇ കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയം മഞ്ഞുമൂടിയ അവസ്ഥയിലാണ്.
പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് പരിപാടി നടക്കുന്നത്. നേതാക്കൾ എല്ലാവരും എത്തിയിട്ടുണ്ട്. കോൺഗ്രസിനെ കൂടാതെ 11 പ്രതിപക്ഷ പാർട്ടികളും സമാപന സമ്മേളത്തിൽ പങ്കെടുക്കുന്നുണ്ട്. 136 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര 4080 കിലോമീറ്ററോളം പിന്നിട്ടാണ് കശ്മീരിലെത്തിയത്. 2022 സെപ്റ്റംബർ ഏഴിനാണ് കന്യാകുമാരിയില്‍ നിന്നു രാഹുല്‍ ഗാന്ധി യാത്ര തുടങ്ങിയത്.
അതേസമയം, കനത്ത മഞ്ഞുവീഴ്ച കാരണം ജമ്മു – ശ്രീനഗർ ഹൈവേ അടച്ചിരിക്കുകയാണ്. ശ്രീനഗറിൽ കനത്ത മഞ്ഞുവീഴ്ചയാണുള്ളത്. തിങ്കളാഴ്ച പുലർച്ചെയോടെ നാലു മുതൽ അഞ്ച് ഇഞ്ച് വരെ മഞ്ഞ് വീഴ്ചയുണ്ടായതോടെ വ്യോമ, റെയിൽ ഗതാഗതവും താറുമാറായി.
നിരവധി വിമാനങ്ങളും ട്രെയിനുകളും മണിക്കൂറുകളോളം വൈകി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും റദ്ദാക്കി. എല്ലാ വീടുകളും കെട്ടിടങ്ങളും കനത്ത മഞ്ഞുവീഴ്ചയിൽ മൂടപ്പെട്ടിരിക്കുകയാണ്. ജമ്മു കശ്മീരിലെ മാണ്ഡി ലോറൻ, സാവ്ജിയാൻ എന്നിവയുൾപ്പെടെ നിരവധി റോഡുകൾ അടച്ചിട്ടുമുണ്ട്.