പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തര കടലാസിന്റെ പകര്‍പ്പ് മാറിപ്പോയി; വിദ്യാര്‍ഥിയോട് തെറ്റ് സമ്മതിച്ച് സിബിഎസ്ഇ; ഇ-മെയിലിന്റെ പകര്‍പ്പ് പുറത്ത്

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തര കടലാസിന്റെ പകര്‍പ്പ് മാറിപ്പോയി; വിദ്യാര്‍ഥിയോട് തെറ്റ് സമ്മതിച്ച് സിബിഎസ്ഇ; ഇ-മെയിലിന്റെ പകര്‍പ്പ് പുറത്ത്

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തര കടലാസിന്റെ പകര്‍പ്പ് മാറിപ്പോയതായി സമ്മതിച്ച് സിബിഎസ്ഇ. പിഴവ് സമ്മതിച്ച് വേദാന്ത് എന്ന വിദ്യാര്‍ഥിയ്ക്ക് സിബിഎസ്ഇ അയച്ച ഇ-മെയിലിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. യഥാര്‍ത്ഥ ഉത്തരക്കടലാസിന്റെ പകര്‍പ്പും സിബിഎസ്ഇ വിദ്യാര്‍ഥിയ്ക്ക് അയച്ചു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയര്‍ന്ന് വന്നിരുന്നത്. ഇത്തവണ നടപ്പിലാക്കിയ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിംഗ് എന്ന രീതിയില്‍ പാളിച്ചയുണ്ടെന്നും വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷിച്ച മാര്‍ക്ക് ലഭിച്ചില്ലെന്നുമുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്ന് പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍ കുന്നുകൂടുകയും ഒടുവില്‍ വെബ്‌സൈറ്റ് പണിമുടക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. പ്ലസ് ടു മൂല്യനിര്‍ണയത്തില്‍ സിബിഎസ്ഇയ്ക്ക് അടിമുടി പാളിയെന്ന പരാതികള്‍ക്കിടെയാണ് പരീക്ഷയുടെ ഉത്തര കടലാസിന്റെ പകര്‍പ്പ് മാറിപ്പോയതായി സിബിഎസ്ഇ സമ്മതിക്കുന്ന ഇ-മെയില്‍ പുറത്തുവന്നിരിക്കുന്നത്.

 

പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിച്ച ഡല്‍ഹി സ്വദേശിയായ വേദാന്ത് എന്ന വിദ്യാര്‍ഥി മൂന്ന് ഉത്തരക്കടലാസുകളുടെ പകര്‍പ്പ് കൂടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലഭിച്ച പകര്‍പ്പുകളില്‍ രണ്ടെണ്ണത്തില്‍ സ്വന്തം കൈപ്പടയും ഒരെണ്ണത്തില്‍ മറ്റൊരാളുടെ കൈപ്പടയും കണ്ടപ്പോഴാണ് വിദ്യാര്‍ഥി പരാതി ഉന്നയിച്ചത്. ഇത് പരിശോധിച്ച ശേഷമാണ് സിബിഎസ്ഇ തെറ്റ് സമ്മതിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ഉത്തര കടലാസിന്റെ അടിസ്ഥാനത്തിലാകും മാര്‍ക്ക് കണക്കാക്കുക എന്ന് സിബിഎസ്ഇ അറിയിച്ചു. സമൂഹമാധ്യമത്തില്‍ പരാതി ഉന്നയിച്ച വിദ്യാര്‍ഥിക്ക് വന്‍തോതില്‍ അധിക്ഷേപം വേണ്ടിവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *