കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പ്, തിരിച്ചടികളുടെ കണ്ണീർവഴി; ഒടുവിൽ കാൽപ്പന്തിന്റെ ഇംഗ്ലീഷ് മണ്ണിലേക്ക് വീണ്ടും കോൺവെൻട്രി സിറ്റി

ഇംഗ്ലീഷ് ഫുട്ബാളിന്റെ വമ്പന്മാർക്കിടയിലേക്ക് ഒരു സംഘം വീണ്ടും വന്നെത്തിയിരിക്കുന്നു. കാൽനൂറ്റാണ്ടും 94 ദിവസവും നീണ്ട അതിതീവ്രമായ കാത്തിരിപ്പിനൊടുവിൽ കോൺവെൻട്രി സിറ്റി പ്രീമിയർ ലീഗിന്‍റെ പുത്തൻ സീസണിൽ തങ്ങളുടെ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ രണ്ടു മത്സരങ്ങൾ തമ്മിൽ ഒരു ടീമിനു നേരിടേണ്ടി വന്ന ഏറ്റവും ദൈർഘ്യമേറിയ ഇടവേളയെന്ന വിചിത്രമായ റെക്കോർഡോടെയാണ് ഈ കടന്നുവരവ്. ആദ്യ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആഴ്‌സനലിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടേണ്ടി വന്നെങ്കിലും, കളി തോറ്റ നിരാശയിലല്ല, മറിച്ച് തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബ് വമ്പന്മാരുടെ തട്ടകത്തിൽ പന്തിതട്ടുന്നു എന്ന അഭിമാനത്തിലാണ് ആരാധകർ.
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടമാടിയ പോരാട്ടത്തിൽ ആദ്യ 49 മിനിറ്റിനുള്ളിൽ തന്നെ മൂന്ന് ഗോളുകൾ അടിച്ചുകൂട്ടി ആഴ്‌സണൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരുന്നു. ഒരു ഷോട്ട് മാത്രം ലക്ഷ്യത്തിലേക്ക് പായിക്കാൻ സാധിച്ച കോൺവെൻട്രിക്ക്, പ്രീമിയർ ലീഗിലെ ഈ അതിജീവനപ്പോരാട്ടം എത്രത്തോളം കടുപ്പമേറിയതായിരിക്കും എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ മത്സരം നൽകിയത്. എന്നിരുന്നാലും 90 മിനിറ്റും ഗാലറിയെ പ്രകമ്പനം കൊള്ളിച്ച് സ്വന്തം ടീമിനായി മുദ്രാവാക്യം വിളിക്കാൻ ആരാധകർ മടിച്ചില്ല.
2001 മേയ് 19-ന് ബ്രാഡ്‌ഫോർഡ് സിറ്റിക്കെതിരെയുള്ള ഗോൾ രഹിത സമനിലയോടെയായിരുന്നു കോൺവെൻട്രിയുടെ 34 വർഷം നീണ്ട മുൻ പ്രീമിയർ ലീഗ് വസന്തത്തിന് വിരാമമായത്. തുടർന്നുള്ള നാളുകൾ ടീമിന് പരീക്ഷണങ്ങളുടേതായിരുന്നു. ലീഗ് വണ്ണിലേക്കും ലീഗ് ടുവിലേക്കും തരംതാഴ്ത്തപ്പെട്ടു. സ്വന്തം ഹോം ഗ്രൗണ്ടായ ചരിത്രപ്രസിദ്ധമായ ഹൈഫീൽഡ് റോഡ് നഷ്ടപ്പെട്ട് നോർത്താംപ്ടണിലും ബർമിംഗ്ഹാമിലും വരെ തട്ടകം മാറ്റേണ്ടിവന്ന സാമ്പത്തിക-ഉടമസ്ഥതാ തർക്കങ്ങളുടെ കറുത്ത ദിനങ്ങൾ.
എന്നാൽ, 2024 നവംബറിൽ മാർക്ക് റോബിൻസിന് പകരം മുൻ ഇംഗ്ലണ്ട് താരം ഫ്രാങ്ക് ലാംപാർഡ് മാനേജറായി ചുമതലയേറ്റതോടെയാണ് കഥ മാറിയത്. ചാമ്പ്യൻഷിപ്പിൽ 17-ാം സ്ഥാനത്ത് ഉഴലുകയായിരുന്ന ടീമിനെ അവിശ്വസനീയമായ തന്ത്രങ്ങളിലൂടെ ഒന്നാമതെത്തിച്ചാണ് ലാംപാർഡ് പ്രീമിയർ ലീഗിന്റെ വെളിച്ചത്തിലേക്ക് നയിച്ചത്. “വർഷങ്ങൾക്ക് മുൻപ് ലീഗ് ടുവിൽ കളിച്ചിരുന്ന ഒരു ക്ലബ്ബാണിത്. ഞങ്ങൾ ഇവിടെ ചുമതലയേൽക്കുമ്പോൾ ചാമ്പ്യൻഷിപ്പിൽ 17-ാം സ്ഥാനത്തായിരുന്നു. കളിക്കാരുടെയും ആരാധകരുടെയും കഠിനാധ്വാനവും ആത്മബന്ധവുമാണ് നമ്മളെ ഇവിടെയെത്തിച്ചത്. ആഴ്‌സണലിനോട് തോറ്റെങ്കിലും ഇതൊരു വലിയ പഠനാനുഭവമാണ്. കഴിഞ്ഞ സീസണിൽ ലീഡ്സ് യുണൈറ്റഡ് ഇവിടെ 5-0 ന് തോറ്റെങ്കിലും ലീഗിൽ നിലനിന്നു. ഞങ്ങൾക്കിത് ഇവിടുത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള സമയമാണ്.” മത്സരശേഷം ഫ്രാങ്ക് ലാംപാർഡ് പറഞ്ഞത് ഇപ്രകാരമായിരുന്നു.
വമ്പന്മാരുടെ ലീഗിൽ പിടിച്ചുനിൽക്കാൻ വൻ തുക മുടക്കിയാണ് കോൺവെൻട്രി ഇക്കുറി കളത്തിലിറങ്ങിയിരിക്കുന്നത്. 130 മില്യൺ പൗണ്ടോളം ട്രാൻസ്ഫർ വിപണിയിൽ ചെലവഴിച്ച് നാല് തവണയാണ് ക്ലബ്ബ് തങ്ങളുടെ ട്രാൻസ്ഫർ റെക്കോർഡ് തിരുത്തിയത്. ഇതിൽ ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 23.1 മില്യണിന് എത്തിയ ഘാന മധ്യനിര താരം കാലെബ് യിരങ്കി, ഫ്രാങ്ക് ഒന്യേക്ക, ഔറെലെ അമേൻഡ, ലൂം ചൗന, ഗോൾകീപ്പർ കാൾ റഷ്വർത്ത് എന്നിവർ ആദ്യ ഇലവനിൽ തന്നെ ബൂട്ടണിഞ്ഞു. ഗുസ്താവോ ഹാമെർ, തായ്‌വോ അവോണിയി എന്നിവർ പകരക്കാരായും കളത്തിലിറങ്ങി.
ഓപ്റ്റയുടെ കണക്കുകൾ പ്രകാരം ഇത്തവണത്തെ പ്രീമിയർ ലീഗിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ തുടക്ക മത്സരക്രമമാണ് കോൺവെൻട്രിയുടേത്. വരും ആഴ്ചകളിൽ മാഞ്ചസ്റ്റർ സിറ്റി, നോട്ടിങ്ഹാം ഫോറസ്റ്റ് എന്നിവർക്കെതിരെയുള്ള കടുത്ത പോരാട്ടങ്ങൾ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ആഴ്ച സ്വന്തം തട്ടകമായ കോൺവെൻട്രി ബിൽഡിംഗ് സൊസൈറ്റി അരീനയിൽ ഹൾ സിറ്റിക്കെതിരെ നടക്കുന്ന മത്സരം ക്ലബ്ബിന് അതിനിർണായകമാണ്. ആദ്യ ദിനത്തിലെ തോൽവി ഒരു തുടക്കം മാത്രമാണ്. കടുത്ത തിരിച്ചടികളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും തിരികെ വന്ന് ചരിത്രം കുറിച്ച ഈ നീലപ്പടയ്ക്ക്, പ്രീമിയർ ലീഗിലെ അതിജീവന പോരാട്ടങ്ങൾ ഒരു പുത്തൻ അനുഭവമാകില്ല. കാരണം കൊടുങ്കാറ്റുകളെ അതിജീവിച്ച് വന്നവർക്ക് ഈ ചെറു തെന്നലുകൾ ഒരു തടസ്സമാവാൻ വഴിയില്ലല്ലോ…
