ചാറ്റ് ജിപിടിയെ തോൽപ്പിച്ച ഡീപ് സീക്കിന് ചൈനയിൽ നിന്നൊരു എതിരാളി, ആലിബാബയുടെ പുതിയ എഐ മോഡൽ പുറത്തിറങ്ങി
ബെയ്ജിംഗ് : ലോകമെമ്പാടും എഐ തരംഗം ആഞ്ഞ് വീശുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് കോടികണക്കിനാളുകൾ ഉപയോഗിക്കുന്ന എഐ ടൂളായ ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയവയെ കീഴടക്കി ‘ഡീപ് സീക്ക്’ വന്നത്. എന്നാൽ ഇപ്പോൾ, ഡീപ് സീക്കിനെ തോൽപ്പിക്കാൻ പുതിയ എതിരാളി എത്തിയിരിക്കുന്നതാണ് ടെക് മേഖയിലെ പുതിയ വിശേഷം. ചൈനയിലെ ടെക് ഭീമന്മാരായ ആലിബാബ എന്ന കമ്പനിയാണ് ക്വെൻ 2.5 മാക്സ് (Qwen 2.5 Max) എന്ന എഐ മോഡൽ പുറത്തിറക്കിയത്. എഐ വമ്പന്മാരായ ചാറ്റ്ജിപിടി, ഡീപ്‌സീക്ക് വി3, ലാമ 3.1-405ബി എന്നിവയെ മറികടക്കാൻ തങ്ങൾക്കാവുമെന്നാണ് ആലിബാബ അവകാശപ്പെടുന്നു.Chat GPT
ഹാങ്ഷൗ ആസ്ഥാനമായ ഡീപ് സികിന്റെ വരവാണ് എഐ ലോകത്തെ ഇളക്കി മറിച്ചത്. വെറും 20 മാസം പ്രായമുള്ള കമ്പനി ലോകത്തെ ടെക് ഭീമന്മാരെ വെല്ലുവിധം കുറഞ്ഞ ചിലവിൽ എഐ മോഡൽ രംഗത്തിറക്കിയതോടെ ഓഹരി വിപണിയിലും ടെക് ലോകത്തും വൻ ഞെട്ടലുണ്ടായി. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ആപ്പിൾ സ്റ്റോറിൽ ടോപ് റേറ്റിങിലെത്തുന്ന ഫ്രീ ആപ്പായി ഡീപ് സീക്ക് മാറി. യുഎസ്, യുകെ,ചൈന എന്നിവിടങ്ങളിൽ ഏറ്റവും മികച്ച സൗജന്യ ആപ്പിക്കേഷനായി ഇത് മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയവയെക്കാൾ മികച്ച പെർഫോമൻസും ഡീപ് സീക്ക് കാഴ്ചവെച്ചു.
ഡീപ് സീക്കിന്റെ നേട്ടം ടെക് ഭീമന്മാരെ പിടിച്ചുലച്ചത് കൊണ്ടാണ് ചൈനീസ് കലണ്ടറിലെ പുതുവർഷത്തിൽ തന്നെ ആലിബാബ തങ്ങളുടെ എഐ മോഡൽ പുറത്തിറക്കിയതെന്നും പറയപ്പെടുന്നു. ഇത് ആഗോളതലത്തിലും ചൈനീസ് വിപണിയിലും ടെക് കമ്പനികൾ തമ്മിലുള്ള മത്സരം ശക്തമാക്കിയെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.
ഡീപ് സീക്കിന്റെ വിജയത്തിന് പിന്നാലെ, ടിക് ടോക്കിൻ്റെ മാതൃ കമ്പനിയായ ബെറ്റ് ഡാൻസ് അപ്ഡേറ്റഡ് എഐ മോഡൽ പുറത്തിറക്കിയിരുന്നു.