തോൽവിക്കു പിന്നാലെ കോംഗോ പരിശീലകനെ കാത്തിരുന്നത് സങ്കടവാർത്ത, പിതാവിന്റെ മരണവിവരം അറിയുന്നത് വാർത്തസമ്മേളനത്തിനിടെ

അറ്റ്ലാന്റ: ലോകകപ്പ് റൗണ്ട് ഓഫ് 32ൽ വമ്പന്മാരായ ഇംഗ്ലണ്ടിനെ വിറപ്പിച്ചാണ് ആഫ്രിക്കൻ കരുത്തുമായെത്തിയ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ അവസാന മിനിറ്റുകളിൽ വഴങ്ങിയ ഗോളിൽ കീഴടങ്ങിയത്. മത്സരം തുടങ്ങി ഏഴാം മിനിറ്റിൽതന്നെ ബ്രയാൻ സിപെൻഗയുടെ ഗോളിലൂടെ ലീഡെടുത്ത കോംഗോ 75ാം മിനിറ്റ് വരെ ആധിപത്യം പുലർത്തിയശേഷമാണ് കീഴടങ്ങിയത്.
മത്സരത്തിന്റെ 75, 86 മിനിറ്റുകളിൽ ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ രക്ഷകനായി അവതരിക്കുന്നത്. ആദ്യമായി ലോകകപ്പ് നോക്കൗട്ട് കളിക്കുന്ന കോംഗോ ഫുട്ബാൾ ലോകത്തിന്റെ കൈയടികൾ ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. കോംഗോയെ 1974ന് ശേഷം ആദ്യമായി ലോകകപ്പിലെത്തിക്കുന്നതിൽ പരിശീലകൻ സെബാസ്റ്റ്യൻ ഡെസബ്രെക്കും (Sebastien Desabre) നിർണായക പങ്കുണ്ടായിരുന്നു. എന്നാൽ, ഇംഗ്ലണ്ടിനോട് തോറ്റ് ടൂർണമെന്റിൽനിന്ന് പുറത്തായതിനു പിന്നാലെ ഡെസബ്രെയെ കാത്തിരുന്നത് മറ്റൊരു സങ്കടവാർത്തയായിരുന്നു. ഏറെ പ്രിയപ്പെട്ട തന്റെ പിതാവ് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.
മത്സരശേഷമുള്ള വാർത്തസമ്മേളനത്തിനിടയിലാണ് ടീമിന്റെ മീഡിയ ഓഫിസർ ദാരുണ വിവരം പരിശീലകനെ അറിയിക്കുന്നത്. വാർത്ത കേട്ട് സ്തബ്ധനായ ഡെസബ്രെ, വളരെ ശാന്തമായി നന്ദി എന്ന് മാത്രം പറഞ്ഞ് വാർത്തസമ്മേളനം അവസാനിപ്പിച്ച് മടങ്ങി. ഹാരി കെയ്നിെന്റ ഇരട്ട ഗോളിൽ കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് തകർത്തത്. പന്ത് കൂടുതൽ നേരം കൈവശം വെച്ചെങ്കിലും ആക്രമണം മന്ദഗതിയിലായതാണ് ആദ്യ പകുതിയിൽ ഇംഗ്ലണ്ടിന് വിനയായത്.
ഹാരി കെയ്ൻ ഉൾപ്പെടെ മുന്നേ താരങ്ങൾക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചുമില്ല. ഒപ്പം, കോംഗോയുടെ അച്ചടക്കമുള്ള പ്രതിരോധവും ഇംഗ്ലണ്ടിനെ തളച്ചു. എന്നാൽ, രണ്ടാം പകുതിയിൽ വർധിത വീര്യത്തോടെ കളംനിറഞ്ഞ ഇംഗ്ലണ്ട് അടുത്ത ഘട്ടത്തിലേക്ക് ബർത്ത് ഉറപ്പിക്കുകയായിരുന്നു.
