കണ്ണൂരിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം ആക്രമിച്ച് ഡിവൈഎഫ്ഐ; കാറിൽ കല്ലുകൊണ്ട് ഇടിച്ചു

കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിനുനേരെ ഡിവൈഎഫ്ഐ ആക്രമണം. കണ്ണൂരിൽ രണ്ടിടത്താണ് മന്ത്രിയുടെ വാഹനം ആക്രമിക്കപ്പെട്ടത്. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.
കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് ആദ്യം വാഹനത്തിനുനേരെ ആക്രമണം നടന്നത്. പിന്നാലെ പയ്യന്നൂരിലും ആക്രമണമുണ്ടായി. കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിന് ആഞ്ഞടിച്ചു. കാറിന്റെ ഫ്ലാഗ് പോളിനും റെയിൻ ഗാർഡിനും കേടുപാടുണ്ടായി.പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കുശേഷം കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് സംഭവം. മന്ത്രിയുടെ വാഹനം രണ്ടു തവണ ആക്രമിക്കപ്പെട്ടതിൽ വലിയ സുരക്ഷാവീഴ്ചയാണ് ഉണ്ടായത്. തിരുവനന്തപുരത്ത് ബുധനാഴ്ച രാത്രി യൂത്ത്കോൺഗ്രസ് -എസ്.എഫ്.ഐ സംഘർഷം ഉണ്ടായതിനു പിന്നാലെയാണ് മന്ത്രിയുടെ വാഹനം ആക്രമിക്കപ്പെടുന്നത്.
യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ ജനീഷും ഷാഫി പറമ്പിൽ എം.പിയുമാണ് മാർച്ചിന് നേതൃത്വം നൽകിയത്. നേരത്തെ, യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനുനേരെ എസ്.എഫ്.ഐ എന്തിനാണ് ബീയർകുപ്പി വലിച്ചെറിയുന്നതെന്ന് മന്ത്രി ഒ.ജെ. ജനീഷ് ചോദിച്ചിരുന്നു. എസ്.എഫ്.ഐ ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നെന്നും മന്ത്രി ആരോപിച്ചു.
എസ്.എഫ്.ഐക്കാര്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണെന്നും കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പിക്കും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും പോഷക സംഘടനകളും സമരം നടത്തുമ്പോള്‍ കേരളത്തിലെ സി.പി.എം എന്തിനാണ് അസ്വസ്ഥരാകുന്നത്? സംഘ്പരിവാറിനെതിരെ കോണ്‍ഗ്രസ് ആര്‍ജവത്തോടെ സമരം നടത്തുമ്പോള്‍ സി.പി.എമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
തദ്ദേശ മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവ മോർച്ച പ്രവർത്തകർ ബുധനാഴ്ച വൈകീട്ട് തടഞ്ഞിരുന്നു. തിരുവനന്തപുരം പാളയത്തിന് സമീപത്തെ വാന്‍ റോസ് ജങ്ഷനിലായിരുന്നു സംഭവം. വാഹനത്തിന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ബി.ജെ.പിയുടെ കൊടിയും വാഹനത്തിന്റെ ബോണറ്റിന് മുന്നിൽ വിരിച്ചു. വാഹനം തടഞ്ഞതോടെ മന്ത്രി ഓട്ടോയില്‍ കയറി. ഓട്ടോയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞതോടെ മന്ത്രി നടന്നാണ് പോയത്. ഇത് ഗുരുതര സുരക്ഷ വീഴ്ചയാണെന്ന് ആക്ഷേപമുയർന്നിരുന്നു.
