എക്‌സിറ്റ് പോള്‍; കേരളത്തിൽ യുഡിഎഫ് മുന്നേറ്റം, എല്‍ഡിഎഫ് തകര്‍ന്നടിയുമെന്ന് സര്‍വെകള്‍
രാജ്യത്ത് തന്നെ കോണ്‍ഗ്രസ് ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. കേരളത്തില്‍ 15 മുതല്‍ 19 സീറ്റുകള്‍ വരെ യുഡിഎഫ് വിജയിക്കുമെന്നാണ് സര്‍വെ ഫലങ്ങള്‍ പ്രവചിക്കുന്നത്. എല്‍ഡിഎഫ് തകര്‍ന്നടിയുമെന്നും പൂജ്യം സീറ്റുവരെ നേടുമെന്നും പറയുന്ന സര്‍വെകളുണ്ട്. കേരളത്തില്‍ ബിജെപി കുറഞ്ഞത് ഒരു സീറ്റെങ്കിലും നേടുമെന്ന തരത്തിലാണ് സര്‍വെ ഫലം. മുന്‍ കാലങ്ങളിലെ സര്‍വെകളില്‍ ബിജെപി സീറ്റുകളുടെ പ്രവചനം പൂജ്യം മുതല്‍ രണ്ട് വരെയായിരുന്നെങ്കില്‍ ഇപ്പോള്‍ ദേശീയ തലത്തില്‍ നിന്ന് വരുന്ന എല്ലാ സര്‍വെകളും ബിജെപിയ്ക്ക് പൂജ്യമെന്നത് തീര്‍ത്തും ഒഴിവാക്കിയിട്ടുണ്ട്.
എല്‍ഡിഎഫ് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യ ടുഡെ-ആക്‌സിസ് സര്‍വെ പറയുന്നതെങ്കില്‍ എന്‍ഡിഎയ്ക്ക് ഇതേ സര്‍വെ പ്രവചിക്കുന്നത് രണ്ട് മുതല്‍ മൂന്ന് സീറ്റുകളാണ്. യുഡിഎഫ് 17 മുതല്‍ 18 സീറ്റുകള്‍ വരെ നേടാന്‍ സാധ്യതയുണ്ടെന്നും ഇതേ സര്‍വെ പ്രവചിക്കുന്നു.
ടൈംസ് നൗ സര്‍വെ എല്‍ഡിഎഫിന് നാലും യുഡിഎഫിന് 14-15 സീറ്റുകളും എന്‍ഡിഎയ്ക്ക് ഒരു സീറ്റുമാണ് പ്രവചിക്കുന്നത്. യുഡിഎഫ് 16 സീറ്റുകളും എല്‍ഡിഎഫ് 3 സീറ്റുകളും എന്‍ഡിഎ ഒരു സീറ്റും നേടുമെന്നാണ് ടിവി 9 സര്‍വെ പ്രവചിക്കുന്നത്.
എല്‍ഡിഎഫിന് വളരെ ഞെട്ടലുണ്ടാക്കുന്ന സര്‍വെ ഫലമാണ് എബിപി സീ വോട്ടര്‍ പുറത്തുവിട്ടിരിക്കുന്നത്. എല്‍ഡിഎഫ് തകര്‍ന്നടിയുമെന്നും സംസ്ഥാനം ഭരിക്കുന്ന മുന്നണി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂജ്യം സീറ്റുകളില്‍ ഒതുങ്ങുമെന്നുമാണ് പ്രവചനം. എന്നാല്‍ എന്‍ഡിഎയ്ക്ക് ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പ്രവചനമുണ്ട്. യുഡിഎഫ് 17 മുതല്‍ 19 സീറ്റുകള്‍ തൂത്തുവാരുമെന്നും ഇതേ സര്‍വെ പറയുന്നു. യുഡിഎഫ് 15 മുതല്‍ 18 സീറ്റുകള്‍ വരെ നേടുമെന്നാണ് ന്യൂസ് 18 മെഗാ എക്‌സിറ്റ് പോള്‍ ഫലം. എല്‍ഡിഎഫ് 2 മുതല്‍ 5 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ നേടുമെന്നും ന്യൂസ് 18 പ്രവചിക്കുന്നു.
തൃശൂര്‍, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ ബിജെപി ജയം നേടാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യാ ടുഡേ സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപി തന്നെയെന്ന് പ്രവചിക്കുകയാണ് മിക്ക എക്‌സിറ്റ് പോളുകളും. സുരേഷ് ഗോപിയിലൂടെ കേരളത്തില്‍ താമര വിരിയുമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകളെ സാധൂകരിക്കുന്ന വിധത്തിലാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിരിക്കുന്നത്.
ബിജെപി മുന്നേറ്റത്തോടൊപ്പം എല്‍ഡിഎഫ് തകര്‍ന്നടിയുമെന്നും എല്ലാ സര്‍വെകളും പ്രവചിക്കുന്നു. 2019ല്‍ ചില സവിശേഷ സാഹചര്യം നിലനിന്നിരുന്നെന്നും ഇത്തവണ അങ്ങനെയാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഒരു തരി കനലായി നിന്ന ഒറ്റ സീറ്റുപോലും എല്‍ഡിഎഫ് കൈവിട്ടുകളയുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകില്ല തെരഞ്ഞെടുപ്പെന്ന് പാര്‍ട്ടികള്‍ അവകാശപ്പെട്ടെങ്കിലും കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന സാധ്യതയും ഈ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ ഇടയ്ക്കിടയ്ക്കുള്ള സന്ദര്‍ശനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രയോജനം ചെയ്‌തെന്ന ബിജെപി വിലയിരുത്തല്‍ തെളിയിക്കുന്നുണ്ട് കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പോളിംഗ് ശതമാനം കുറഞ്ഞത് എല്‍ഡിഎഫിന് തിരിച്ചടിയായി മാറാനുള്ള സാധ്യതയും ഈ ഫലങ്ങളില്‍ നിന്ന് തെളിയുന്നു.
എല്‍ഡിഎഫിന്റെ വോട്ടുവിഹിതം 2014ല്‍ 40 ശതമാനത്തില്‍ നിന്ന് 2019 ആയപ്പോഴേക്കും 36 ശതമാനമായി കുറഞ്ഞിരുന്നു. എന്‍ഡിഎയുടെ വോട്ടുശതമാനത്തില്‍ ഓരോ തവണയും നേരിയ വര്‍ധനയുമുണ്ടാകുന്നുണ്ട്. 2014ല്‍ 11 ശതമാനമായിരുന്ന വോട്ടുവിഹിതം 2019ല്‍ 16 ശതമാനമായിരുന്നു.