ഒറ്റപ്പാലത്ത് കള്ളവോട്ട് പരാതി; നാല് ബൂത്തുകളിൽ വോട്ടർമാർ പ്രതിഷേധത്തിൽ
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതി. മണ്ഡലത്തിലെ നാല് പ്രധാന ബൂത്തുകളിലാണ് വോട്ടർമാർ തങ്ങളുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. മീറ്റ്ന സീനിയർ ബേസിക് സ്കൂളിൽ 168, 169 എന്നീ രണ്ട് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി വോട്ടർമാർ പരാതിപ്പെട്ടിട്ടുണ്ട്. പടിഞ്ഞാർക്കര എൽ.പി സ്കൂളിലെ 163-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർക്ക് തന്റെ വോട്ട് നേരത്തെ രേഖപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു. അമ്പലപ്പാറ എ.എൽ.പി സ്കൂളിൽ 98-ാം നമ്പർ ബൂത്തിലും സമാനമായ രീതിയിൽ വോട്ട് മറിച്ചതായി ആക്ഷേപം ഉയർന്നു.
സ്വന്തം വോട്ട് മറ്റാരോ ചെയ്തെന്ന ആക്ഷേപം ശക്തമായതോടെ ബൂത്തുകളിൽ നേരിയ തോതിൽ സംഘർഷാവസ്ഥയുണ്ടായി. എന്നാൽ, വോട്ട് നഷ്ടപ്പെട്ടതായി പരാതിപ്പെട്ട വോട്ടർമാർക്ക് ഉദ്യോഗസ്ഥർ ‘ടെൻഡർ വോട്ട്’ ചെയ്യാൻ അനുമതി നൽകി. തങ്ങളുടെ ജനാധിപത്യപരമായ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വോട്ടർമാരും രാഷ്ട്രീയ ഏജന്റുമാരും പോളിങ് സ്റ്റേഷനുകളിൽ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്നും കൂടുതൽ അന്വേഷണം ഉണ്ടായേക്കും.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള് മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു. എസ്.ഐ.ആറിനെ തുടര്ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്.
