രാസവള വില കുതിക്കുന്നു; സർക്കാർ ഇടപെടുമോ?

കേളകം: കാർഷികോൽപന്നങ്ങൾക്ക് ന്യായവില ലഭിക്കാതെ കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ രാസവളങ്ങളുടെയും കീടനാശിനികളുടെയും വില കുത്തനെ ഉയരുന്നത് കർഷകരുടെ നിലനിൽപിന് ഭീഷണിയാകുന്നു. കൃഷിക്ക് അത്യാവശ്യമായ ഫാക്ടംഫോസ്, പൊട്ടാഷ്, തുരിശ് തുടങ്ങിയവയുടെ വില മാസങ്ങൾക്കിടെ വൻതോതിലാണ് വർധിച്ചത്. വിളവെടുപ്പിൽനിന്ന് പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കാത്ത സമയത്ത് വളപ്രയോഗത്തിനുള്ള ചെലവ് ഇരട്ടിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ.

കഴിഞ്ഞ ഫെബ്രുവരിയിൽ 1425 രൂപയായിരുന്ന ഒരു ചാക്ക് ഫാക്ടംഫോസിന് ഇപ്പോൾ 2350 രൂപ നൽകണം. 1500 രൂപയായിരുന്ന പൊട്ടാഷിന്റെ വില 2300 രൂപയായും കുമിൾനാശിനിയായ തുരിശിന്റെ വില 210 രൂപയിൽനിന്ന് 540 രൂപയായും കുതിച്ചുയർന്നു. കേന്ദ്ര സബ്സിഡി നിലനിൽക്കുന്നതിനാൽ യൂറിയക്ക് മാത്രമാണ് വലിയ വിലവർധന ഇല്ലാത്തത്. പശ്ചിമേഷ്യയിലടക്കമുള്ള സംഘർഷങ്ങൾ, ഗതാഗതചെലവിലെ വർധന, നിർമാതാക്കൾക്കുള്ള സബ്സിഡി കുറഞ്ഞത് എന്നിവയാണ് വിലവർധനക്ക് കാരണമായി പറയുന്നതെങ്കിലും ഇതിന്റെ മുഴുവൻ ഭാരവും താങ്ങേണ്ടിവരുന്നത് സാധാരണ കർഷകരാണ്.

വളം, കൂലി, വിത്ത്, കീടനാശിനി തുടങ്ങിയവയുടെ ചെലവുകൾ കുത്തനെ ഉയർന്നതോടെ കൃഷിയുടെ ഉൽപാദനച്ചെലവ് കൈവിട്ടുപോയി. എന്നാൽ, വിളകൾ വിറ്റഴിക്കുമ്പോൾ ഇതിന് ആനുപാതികമായ തുക ലഭിക്കുന്നുമില്ല. റബർ, കുരുമുളക്, വാഴ, നെല്ല് തുടങ്ങിയ വിളകളെ മാത്രം ആശ്രയിച്ചുകഴിയുന്ന ചെറുകിട കർഷകരാണ് ഏറെ വലയുന്നത്. കടമെടുത്തും സ്വർണം പണയം വെച്ചുമാണ് പലരും കൃഷിയിറക്കുന്നത്. വിളവെടുക്കുമ്പോൾ എടുത്ത കടം വീട്ടാൻപോലും തികയാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു.

രാസവളങ്ങളുടെ വില അടിയന്തരമായി നിയന്ത്രിക്കുകയും സബ്സിഡി പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്. കുറഞ്ഞനിരക്കിൽ വളവും കീടനാശിനികളും ലഭ്യമാക്കാനും കാർഷികോൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. കർഷകരുടെ ഉൽപാദനചെലവ് കുറക്കുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ കാർഷികമേഖല ഉപേക്ഷിച്ച് പിന്മാറുകയല്ലാതെ മറ്റ് വഴിയില്ലെന്ന് കർഷകർ പറയുന്നു.