ടിക്കറ്റ് നിരക്ക് വർധനയെ ന്യായീകരിച്ച് ഫിഫ

മെക്സികോ സിറ്റി: ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് നിരക്കുകൾ ഉൾപ്പെടെയുള്ള ആഗോള വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ലോകകപ്പ് ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങളെ ശക്തമായി പ്രതിരോധിച്ച ഇൻഫാന്റിനോ, സോമാലിയൻ റഫറിക്ക് യു.എസ് വിസ നിഷേധിച്ച സംഭവത്തിൽ ഫിഫക്ക് പരിമിതികളുണ്ടെന്നും തുറന്നുപറഞ്ഞു.
‘യു.എസ്-ഇറാൻ രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും ഇറാനെ ലോകകപ്പിൽ പങ്കെടുപ്പിക്കാനായത് ഫിഫയുടെ വിജയമാണ്. കുറഞ്ഞ വിലക്ക് ടിക്കറ്റ് വിറ്റാൽ അത് ബ്ലാക്ക് മാർക്കറ്റ് മാഫിയകൾ ചൂഷണം ചെയ്യും. ഉയർന്ന നിരക്കിലൂടെ ലഭിക്കുന്ന പണം ഫുട്ബാളിന്റെ വളർച്ചക്കാണ് ഉപയോഗിക്കുന്നത്’ -ഇൻഫാന്റിനോ പറഞ്ഞു. ലോകകപ്പ് ഗ്രൂപ് ഘട്ടത്തിലെ കുറഞ്ഞ നിരക്ക് 140 ഡോളറാണ് (ഏകദേശം 13,300 രൂപ). ഫൈനൽ മത്സരത്തിന് റഗുലർ ടിക്കറ്റിന് 8,680 മുതൽ 32,970 ഡോളർ വരെയും, ഹോസ്പിറ്റാലിറ്റി സീറ്റുകൾക്ക് 73,200 ഡോളർ വരെയുമാണ് നിരക്ക്. ഖത്തറിൽ ഇത് 69 മുതൽ 1,607 ഡോളർ വരെയായിരുന്നു. എന്നാൽ, വിമർശനങ്ങൾ ഉയർന്നതോടെ സാധാരണക്കാർക്കായി 60 ഡോളറിന്റെ 1,30,000 ടിക്കറ്റുകൾ ഫെഡറേഷനുകൾ വഴി മാറ്റിവെച്ചിട്ടുണ്ടെന്നും ഫിഫ വ്യക്തമാക്കി.
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി മത്സരം നിയന്ത്രിക്കാൻ യോഗ്യത നേടിയ സോമാലിയൻ റഫറി ഉമർ അർതാന് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ മയാമി വിമാനത്താവളത്തിൽ വെച്ച് പ്രവേശനം നിഷേധിച്ച സംഭവം നിർഭാഗ്യകരമാണെന്ന് ഇൻഫാന്റിനോ പറഞ്ഞു. ‘ഞങ്ങൾക്ക് എല്ലാ കാര്യങ്ങളിലും നിയന്ത്രണമില്ല. ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്, ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ, ചിലപ്പോൾ ഇത്തരം കാര്യങ്ങളിൽ പെട്ടെന്ന് ബഹളം വെക്കുന്നത് പരിഹാരത്തിന് പകരമായി വിപരീത ഫലമാകും ഉണ്ടാക്കുക. ഫിഫ എല്ലാത്തിനും പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഞങ്ങൾ സർക്കാറുകൾക്കോ പൊലീസ് സേനകൾക്കോ മുകളിൽ ഭരണം നടത്തുന്ന ലോകത്തിന്റെ രാജാക്കന്മാരല്ല എന്ന യാഥാർഥ്യം എല്ലാവരും മനസ്സിലാക്കണം. സുരക്ഷക്കാണ് ലോകത്ത് ഒന്നാം സ്ഥാനം- ഇൻഫാന്റിനോ പറഞ്ഞു.
